വാളയാർ കേസ്: പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സിബിഐ കോടതി സമൻസ് അയച്ചു

പാലക്കാട്: വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി. അടുത്ത മാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയിൽ ഹാജരാകാനാണ് നിർദേശം. ആറ് കുറ്റപത്രങ്ങളിലും മാതാപിതാക്കളെ സിബിഐ പ്രതി ചേർത്തു.
രണ്ട് പെൺകുട്ടികളും നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയായിരുന്നെന്നും പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാനും അതിനുള്ള സൗകര്യമൊരുക്കാനും അമ്മയും രണ്ടാനച്ഛനും പ്രധാന പങ്കുവഹിച്ചതായും സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. രക്ഷിതാക്കളെന്ന നിലയിൽ മനഃപൂർവം അശ്രദ്ധവരുത്തിയതായും സിബിഐ അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, തങ്ങളെ പ്രതിയാക്കിയ നടപടിക്കെതിരെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാളയാർ കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രിൽ ഒന്നിനാണ് ഹൈക്കോടതി മാതാപിതാക്കളുടെ ഹർജി പരിഗണിക്കുക.
വാളയാർ അട്ടപ്പള്ളത്ത് 2017 ജനുവരി 13നാണ് പതിമൂന്നുകാരിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മാർച്ച് നാലിന് അനുജത്തിയായ ഒമ്പതുകാരിയെയെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തുടക്കത്തിൽ കേരള പോലീസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മാതാപിതാക്കളുടെയും സമരസമിതിയുടെയും ആവശ്യപ്രകാരം സംസ്ഥാന സർക്കാർ സിബിഐക്ക് അന്വേഷണം കൈമാറുകയായിരുന്നു.









0 comments