വാളയാർ കേസ്: ഇളയ കുട്ടിയെ മൊഴികൊടുക്കാൻ അമ്മ അനുവദിച്ചില്ല; വെളിപ്പെടുത്തലുകളുമായി അടുത്ത ബന്ധു

പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാരെ ആത്മഹത്യചെയ്‌ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടുത്ത ബന്ധുവിന്റെ നിർണായക വെളിപ്പെടുത്തൽ. പെൺകുട്ടികളുടെ അമ്മയുടെ അച്ഛന്റെ അനിയൻ സി കൃഷ്ണനാണ് മരണവുമായി ബന്ധപ്പെട്ട് കൈരളി ന്യൂസിനോട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്.
13 വയസുകാരി തൂങ്ങിമരിച്ച മുറിയിൽ മദ്യകുപ്പികളും ചീട്ട് കെട്ടുകളും ഉണ്ടായിരുന്നതായി സി കൃഷ്ണൻ പറഞ്ഞു. 13 വയസുകാരിയായ ചേച്ചിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിന് മൊഴി കൊടുക്കാൻ 9 വയസുകാരിയായ അനിയത്തി തയ്യാറായിരുന്നു.
എന്നാൽ, ഇവരുടെ അമ്മ സമ്മതം നൽകാതിരിക്കയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കുറച്ചുദിവസം തന്റെ വീട്ടിൽ കുട്ടികളുടെ അമ്മയും കുടുംബവും താമസിച്ചിരുന്നു. മദ്യപിച്ചതിനാൽ വീട്ടിൽ നിന്നും പോകാൻ പറഞ്ഞു. 13 വയസുകാരിയുടെ നെഞ്ചിലും തുടയിലും പൊള്ളിയ പാടുണ്ടായിരുന്നു. ബീഡി കൊണ്ട് പൊള്ളിച്ചതാകാമെന്നും സി കൃഷ്ണൻ പറഞ്ഞു.
വാളയാർ പീഡന കേസിൽ പെൺകുട്ടികളുടെ അമ്മയെയും രണ്ടാനച്ഛനെയും മൂന്നു കേസുകളിൽ കൂടി സിബിഐ ദിവസങ്ങൾക്ക് മുമ്പ് പ്രതി ചേർത്തിരുന്നു. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാനും അതിനുള്ള സൗകര്യമൊരുക്കാനും അമ്മയും രണ്ടാനച്ഛനും പ്രധാന പങ്കുവഹിച്ചു. രക്ഷിതാക്കളെന്ന നിലയിൽ മനഃപൂർവം അശ്രദ്ധവരുത്തിയതായും സിബിഐ അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു.
വാളയാർ അട്ടപ്പള്ളത്ത് 2017 ജനുവരി 13നാണ് പതിമൂന്നുകാരിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മാർച്ച് നാലിന് അനുജത്തിയായ ഒമ്പതുകാരിയെയെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.









0 comments