അത് നടന്നില്ലായിരുന്നെങ്കിൽ മറ്റൊരു അപകട സാധ്യത തുറന്നുതന്നെ കിടന്നേനെ; ഡ്രൈവിങ്‌ സുരക്ഷാ പോസ്റ്റുമായി വൈശാഖൻ തമ്പി

vyshakanthampi
വെബ് ഡെസ്ക്

Published on Sep 12, 2025, 02:17 PM | 5 min read

തിരുവനന്തപുരം: നമ്മുടെ നിരത്തുകളിലെ വാഹനാപകടങ്ങൾ അനുദിനം വർധിക്കുകയാണ്‌. അപകടത്തിന്‌ കാരണം വാഹനമോടിക്കുന്ന ആളുടെ ഉറക്കമാണെന്ന്‌ പലപ്പോഴും വിലയിരുത്താറുമുണ്ട്‌. തനിക്കുണ്ടായ അപകടത്തെ മുൻനിർത്തി ശാസ്‌ത്രഗവേഷകനും എഴുത്തുകാരനുമായ വൈശാഖൻ തമ്പി പങ്കുവച്ച ഡ്രൈവിങ്‌ സുരക്ഷാ പോസ്റ്റ്‌ ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.


പോസ്റ്റിന്റെ പൂർണരൂപം:

"എന്റെ ജീവിതത്തിലെ ഭാഗ്യങ്ങളിൽ ഒന്ന് ഒരു കാറപകടമായിരുന്നു!


എന്റെ ഓർമയിൽ രണ്ട് തവണയേ ഞാൻ വാഹനമോടിക്കുന്നതിനിടെ അപകടത്തിൽ പെട്ടിട്ടുള്ളൂ. ഒന്ന്, മൂന്ന് കൊല്ലം മുൻപ് ഉറ്റ സ്നേഹിതനൊരാളുടെ അപ്രതീക്ഷിത മരണം നടന്ന ദിവസം, ബൈക്കോടിക്കുമ്പോൾ ചെറിയൊരു മിസ്സ് സംഭവിച്ച് ഒന്ന് വീണതാണ്. ശ്രദ്ധ പതറിപ്പോയതാണ്, പരിക്കുകളൊന്നും ഉണ്ടായില്ല.


അതിന് മുന്നേ ഞാനൊരു സൈക്കിളിൽ നിന്നുപോലും വീണിട്ടില്ല. റോഡിൽ യാതൊരുവിധ റിസ്ക്കും എടുക്കാത്ത, പരമാവധി ശ്രദ്ധ കാണിക്കുന്നയാളാണ് എന്നൊരു അഹങ്കാരം ഉണ്ടായിരുന്നോ എന്നും സംശയമുണ്ട്. അതിന് മങ്ങലേൽപ്പിച്ച സംഭവാണ് ആദ്യം പറഞ്ഞ കാറപകടം. അതിനെ ഭാഗ്യം എന്ന് വിളിച്ചത്, എനിക്കോ മറ്റാർക്കെങ്കിലുമോ പരിക്കുകളൊന്നും ഏൽപ്പിക്കാതെ വലിയൊരു പാഠം അതെന്നെ പഠിപ്പിച്ചതുകൊണ്ടാണ്. അത് നടന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ എന്റെയോ മറ്റുള്ളവരുടേയോ ജീവനും ആരോഗ്യത്തിനും ഹാനികരമാകാവുന്ന മറ്റൊരു അപകടം ഭാവിയിൽ നടക്കാനുള്ള സാധ്യത അവിടെ തുറന്നുതന്നെ കിടന്നേനെ.


പറഞ്ഞുവരുന്നത്, ഡ്രൈവിങ്ങിനിടെയുള്ള ഉറക്കത്തെക്കുറിച്ചാണ്.


കഴിഞ്ഞ ഒക്ടോബറിൽ തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേയ്ക്ക് ഡ്രൈവ് ചെയ്ത് പോകവേ, കൊട്ടാരക്കര വെച്ച് എന്റെ വണ്ടി റോഡിൽ നിന്ന് ഓടിമാറി സൈഡിൽ പാർക്ക് ചെയ്തിരുന്ന ഒരു വണ്ടിയേയും ഇടിച്ച് തെറിപ്പിച്ച് ഒരു മതിലിൽ ചെന്ന് ഇടിച്ച് നിന്നു! എന്താ സംഭവിച്ചതെന്ന് മനസ്സിലാക്കാൻ തന്നെ സമയമെടുത്തു. പറയുമ്പോൾ, ഞാൻ ഉറങ്ങിപ്പോയതാണ്. പക്ഷേ ഇത്തരം സാഹചര്യം പരിചയമില്ലാത്ത ഒരാളെ സംബന്ധിച്ച് ഉറക്കം എന്ന വാക്ക് തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ്. നമ്മൾ പൊതുവേ കരുതുന്നത് പോലെ ഒരു ഉറക്കമല്ല അത്. മൈക്രോസ്ലീപ്പ് ആണ്, ഒന്നോ രണ്ടോ സെക്കൻഡ് പോലും ഉണ്ടാവില്ല. കൊട്ടാരക്കര ഇൻഡ്യൻ കോഫീ ഹൗസും ഹോട്ടൽ ആര്യാസും കണ്ടതും, ഒരു ചായ കുടിച്ചാലോ എന്ന് ചിന്തിച്ചത് എനിക്കോർമയുണ്ട്. ആൾത്തിരക്ക് കണ്ട്, ജംഗ്ഷൻ കഴിഞ്ഞ് ഏതെങ്കിലും പെട്ടിക്കടയിൽ നിന്ന് കുടിയ്ക്കാം എന്ന് തീരുമാനിച്ചതും ഓർമയുണ്ട്.


പിന്നെ എനിക്ക് ഓർമയുള്ളത് ഒരു വലിയ ശബ്ദമാണ്, വണ്ടിയുടെ ആറ് എയർബാഗുകളും ഡിപ്ലോയ് ആയി ചുറ്റും വെള്ളനിറം മാത്രം. വണ്ടിയുടെ ഡാഷിൽ നിന്ന് വല്ലാത്ത ഗന്ധമുള്ള ഒരു പുകയും ഉയരുന്നുണ്ട്. ഒന്നും അറിയാൻ മാർഗമില്ല. പത്ത് സെക്കൻഡെങ്കിലും എടുത്തുകാണും ഞാനൊരു ആക്സിഡന്റിൽ പെട്ടിരിക്കുകയാണെന്ന് തിരിച്ചറിയാൻ. ആരൊക്കെയോ ഓടിക്കൂടി ഡോർ തുറക്കാൻ ശ്രമിക്കുന്നത് എനിക്ക് മനസ്സിലായി. ഞാൻ സ്വയം ഒന്ന് പരിശോധിച്ചു, ഒന്നും പറ്റിയിട്ടില്ല. ഞാൻ പൂർണമായും ഓക്കേയാണ്. കൈത്തണ്ട സ്റ്റിയറിങ് വീലിലോ മറ്റോ ഉരഞ്ഞ് അല്പം തൊലി പോയിട്ടുണ്ട്, വേറൊരു കുഴപ്പവുമില്ല. പക്ഷേ എന്റെ ഏറ്റവും വലിയ പേടി, ചുറ്റുമുള്ള ആർക്കെങ്കിലും എന്തെങ്കിലും പറ്റിയിട്ടുണ്ടാകുമോ എന്നതാണ്. ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി നിന്നു. ചുറ്റും വലിയൊരു ആൾക്കൂട്ടമുണ്ട്. വണ്ടിയിൽ എത്രപേരുണ്ട് എന്നും എനിക്കെന്തെങ്കിലും പറ്റിയോ എന്നുമൊക്കെ ആളുകൾ ചോദിക്കുന്നു. കൈകാലുകളൊക്കെ ചലിപ്പിച്ച് നോക്കാനൊക്കെ അവർ പറയുന്നുണ്ട്. ഞാൻ കാറിൽ ഒറ്റയ്ക്കാണെന്നും, ഒന്നും പറ്റിയിട്ടില്ലെന്നും ഉറപ്പിച്ച് പറഞ്ഞപ്പോൾ, കൂട്ടത്തിൽ ഒരു ചേട്ടൻ പറഞ്ഞു, “നിങ്ങൾക്കൊന്നും പറ്റിയില്ലെങ്കിൽ പിന്നെ പേടിക്കണ്ടാ, വേറെ ആർക്കും ഒന്നും പറ്റിയിട്ടില്ല”


അത് കേട്ടപ്പോഴാണ് ശ്വാസം നേരേ വീണത്. നാട്ടുകാർ വളരെയധികം സ്നേഹത്തോടെയും കരുതലോടെയുമാണ് പെരുമാറിയത്. ഞാൻ ഇടിച്ച് കേടുവരുത്തിയ വണ്ടിയുടെ ഉടമസ്ഥൻ പോലും! ചായ വാങ്ങിത്തരാനും പോലീസിൽ പറയാനും ഒക്കെ ആരൊക്കെയോ സഹായിച്ചു. ഒടുവിൽ വണ്ടി റോഡ് സൈഡ് അസിസ്റ്റൻസ് വിളിച്ച് സർവീസ് സെന്ററിൽ വിട്ടിട്ട് ഞാൻ ബസ്സിൽ കയറി കോട്ടയത്ത് പോയി, ഷെഡ്യൂൾ ചെയ്ത പ്രഭാഷണവും നടത്തി തിരിച്ചുവന്നു എന്നത് വേറെ കാര്യം. പക്ഷേ ഇവിടത്തെ ഫോക്കസായ ഉറക്കത്തിലേയ്ക്ക് തന്നെ തിരിച്ചുവരാം. ഞാൻ ആക്സിഡന്റ് കഴിഞ്ഞ് പുറത്തിറങ്ങി നിൽക്കുമ്പോൾ, ആര്യാസ് ഹോട്ടൽ എന്റെ മുന്നിൽ തന്നെയുണ്ട്. അവിടെ ചായകുടിക്കാൻ കേറുന്നതിനെ പറ്റി ആലോചിച്ചത് വളരെ നേരത്തേ എപ്പോഴോ ആയിരുന്നു എന്ന് തോന്നും. അല്ല, സെക്കൻഡുകളേ ആയിട്ടുള്ളൂ. അതിനിടയിൽ ഒരുപാടൊക്കെ നടന്നു!


ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതിനെ പറ്റി ഒരുപാട് കാര്യങ്ങൾ എനിക്കറിയാമായിരുന്നു. ഡ്രൈവിങ്ങിനിടയിലെ ഉറക്കം എന്നാൽ ഒരുപാട് നേരത്തെ ഉറക്കമൊന്നുമല്ല ഉദ്ദേശിക്കുന്നത് എന്നും ഞാൻ വായിച്ചിരുന്നു. രാത്രിയോ അതിരാവിലെയോ ഉറക്കം വരാൻ സാധ്യതയുള്ള സമയത്തെ ഡ്രൈവിങ്, മതിയായ ഉറക്കം കിട്ടാതെയുള്ള ഡ്രൈവിങ്, ക്ഷീണത്തെ അവഗണിച്ചുള്ള ഡ്രൈവിങ്, ഇതുമായിട്ട് ബന്ധപ്പെട്ട കാര്യങ്ങൾ പലതും വായിച്ചുമനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ എന്നിട്ടും എനിക്കത് സംഭവിച്ചു.


അതിനർത്ഥം ഇതൊന്നും അറിഞ്ഞിരുന്നിട്ടും കാര്യമില്ല എന്നാണെന്ന് മനസ്സിലാക്കുന്നവരുണ്ടാകും. പക്ഷേ ഇതൊക്കെ അറിഞ്ഞിരുന്നാൽപ്പോലും ഇത്തരം അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് ഇതിന്റെ അർത്ഥം. അപ്പോ അത് അറിയാതെകൂടി ഇരുന്നാൽ ആ സാധ്യത കൂടുകയാണ് ചെയ്യുക. ആർക്കും ഒരു അത്യാഹിതവും സംഭവിക്കാതെ ഇത് കടന്നുപോയതിനെ വെറും ഭാഗ്യമെന്നേ വിശേഷിപ്പിക്കാനാവൂ.


ദൂരയാത്രകളിൽ ഉറക്കത്തെ മുൻകൂട്ടി പ്രതിരോധിക്കാൻ മനഃപൂർവം ശ്രമിക്കുന്ന ആളായിരുന്നു ഞാൻ. രാത്രി വൈകി ഡ്രൈവ് ചെയ്യില്ല. ഓരോ 1-2 മണിക്കൂർ ഇടവേളയിലും വണ്ടി നിർത്തി, ഒരു ചായയോ മറ്റോ കുടിച്ച്, ശരീരമൊക്കെ ഒന്ന് സ്ട്രെച്ച് ചെയ്ത് 15 മിനിറ്റെങ്കിലും റെസ്റ്റെടുക്കും. ട്രാഫിക് കുറഞ്ഞ, വണ്ടിയിൽ കാര്യമായ ഇടപെടൽ വേണ്ടാത്ത monotonous driving ആണെങ്കിൽ ഹാൻഡ്സ് ഫ്രീയായി സുഹൃത്തുക്കളെ ആരെയെങ്കിലും വിളിച്ച്, ശ്രദ്ധ ഒരുപാട് വേണ്ടാത്ത കൊച്ചുവർത്തമാനത്തിൽ ഏർപ്പെടും. ഉച്ച ഭക്ഷണത്തിന് ശേഷമുള്ള ഡ്രൈവ് ആണെങ്കിൽ സുരക്ഷിതമെന്ന് ഉറപ്പുള്ള സ്ഥലത്ത് (വളവിലോ, വീതി കുറഞ്ഞ റോഡരികിലോ ഒന്നുമല്ലാതെ) നിർത്തി കുറച്ചുനേരം ഉറങ്ങും. ഇതിനൊക്കെ പുറമേ ഡ്രൈവിങ്ങിന് മുന്നേ മതിയായ ഉറക്കം കിട്ടി എന്നുറപ്പിക്കും.


അന്നത്തെ ദിവസം സംഭവിച്ചത് എന്താണെന്ന് ആലോചിച്ചാൽ കിട്ടുന്ന ചില ഉത്തരങ്ങളുണ്ട്.


സംഭവത്തിന് മുന്നത്തെ രണ്ടാഴ്ച അതിഭീകരമായ വർക്ക് ലോഡ് ഉണ്ടായിരുന്നു. ഉറക്കം പലപ്പോഴും നേരെ കിട്ടിയില്ല, കിട്ടിയതിന്റെ ക്വാളിറ്റി കുറവുമായിരുന്നു. ഡ്രൈവിങ്ങിന്റെ തലേ ദിവസം 10 മണിക്കൂറോളം നന്നായി ഉറങ്ങിയതിലൂടെ, ആ ക്ഷീണത്തിന് പകരം വെക്കാം എന്ന് ഞാൻ കണക്കുകൂട്ടിയിരുന്നു. അത് തെറ്റാണെന്ന് ഇന്ന് തോന്നുന്നു. കാരണം, cumulative fatigue എന്നൊരു സംഗതിയുണ്ട്. നീണ്ടുനിൽക്കുന്ന ശാരീരികവും മാനസികവുമായ കഠിനാധ്വാനം ഉണ്ടാക്കുന്ന ക്ഷീണം ശരീരത്തിൽ പതിയെ അടിഞ്ഞുകൂടും. അതിനെ ഒരൊറ്റ ഉറക്കം കൊണ്ടൊന്നും മറികടക്കാനാവില്ല. അത് നമ്മുടെ ചിന്തയുടേയും ശ്രദ്ധയുടേയുമൊക്കെ കൃത്യത കുറയ്ക്കും.


അതുപോലെ, ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെയുള്ള സമയം നമ്മുടെ circadian dip വരുന്ന സമയമാണ് (രാത്രി 12 മുതൽ ഏതാണ്ട് 5 വരെയും ഇതുണ്ട്). നമ്മുടെ ശരീരം സ്വാഭാവികമായിത്തന്നെ ഉറക്കത്തിന് മുൻഗണന കൊടുക്കുന്ന സമയമാണ്. നല്ല വിശ്രമം കിട്ടിയവർക്ക് പോലും ആ സമയത്ത് ഒരു ജാഗ്രതക്കുറവും ലോ-എനർജിയും ഒക്കെ അനുഭവപ്പെടാം. അതുകൊണ്ട് തന്നെ ആ സമയത്ത് റിസ്ക്ക് കൂടുതലാണ്. ഒരു ചായയിൽ നിന്ന് കിട്ടുന്ന കഫീൻ കൊണ്ടൊന്നും അതിനെ മറികടക്കാൻ കഴിഞ്ഞെന്നുവരില്ല. പ്രത്യേകിച്ചും, cumulative fatigue ഉണ്ടെങ്കിൽ. അന്ന് റോഡിൽ തിരക്ക് കുറവായിരുന്നു, നേരിയ മഴയുണ്ടായിരുന്നു, വളരെ സുഖപ്രദമായ ഡ്രൈവിങ്ങുമായിരുന്നു. ഇങ്ങനെ പലതും ഒരുമിച്ച് ചേർന്നപ്പോഴാണ് ആ അപകടം ഉണ്ടായത്. ആർക്കും ആപത്തൊന്നും വരാതെ സംഭവിച്ച അതിനെ ഒരു wake-up call ആയിട്ടാണ് ഇന്ന് കണക്കാക്കുന്നത്.


ഇത് വായിക്കുന്ന ആർക്കെങ്കിലും പ്രയോജനപ്പെട്ടാലോ എന്ന് കരുതി കുറച്ച് കാര്യങ്ങൾ ദൂരഡ്രൈവിങ് ചെയ്യുന്നവരെ ഓർമിപ്പിക്കുന്നു:


1. ക്ഷീണമുള്ളപ്പോൾ ഡ്രൈവ് ചെയ്യാൻ നിൽക്കരുത്.

2. രാത്രി വൈകിയശേഷവും, ഉച്ചഭക്ഷണത്തിന് ശേഷവും വളരെ റിസ്ക്കുള്ള സമയമാണ്. ആ സമയത്ത് ദൂരയാത്രകൾ പരമാവധി ഒഴിവാക്കുക. അപകടം നടക്കാൻ നമ്മൾ തന്നെ ഉറങ്ങണമെന്നില്ല എന്നോർക്കണം, എതിരേ വരുന്ന ഡ്രൈവറായാലും മതി.

3. ദൂരയാത്രകളിൽ 1-2 മണിക്കൂറിൽ ബ്രേക്ക് എടുക്കണം. ചായയോ കാപ്പിയോ നല്ലതാണ്. ആ ബ്രേക്ക്, കുറഞ്ഞത് 15 മിനിറ്റെങ്കിലും വിശ്രമം കിട്ടുന്ന രീതിയിലാകണം.

4. കോട്ടുവാ, കണ്ണുകൾക്ക് തൂക്കം, റോഡ് സൈൻ ശ്രദ്ധയിൽ പെടാതെ പോകുന്നത് ഒക്കെ അപകട സൂചനകളാണ്. ഇങ്ങനെ വല്ലതും കണ്ടാൽ വണ്ടി നിർത്തി ഒരു 15-20 മിനിറ്റ് ഉറങ്ങുക. അങ്ങനെ നിർത്തുന്നത് വളവിലോ ഇടുങ്ങിയ റോഡിലോ ഒന്നുമല്ലാതെ സുരക്ഷിതമായ സ്ഥലത്തായിരിക്കണം.

5. വളരെ ഏകതാനമായ അന്തരീക്ഷം ഉറക്കത്തിന് വളരെ അനുകൂലമാണ്. അടിച്ചുപൊളി പാട്ട്, പോഡ്കാസ്റ്റ് തുടങ്ങിയ കേൾക്കുന്നതും, വിൻഡോ തുറന്ന് വായുസഞ്ചാരം ഉറപ്പിക്കുന്നതും, ആരോടെങ്കിലും കൊച്ചുവർത്തമാനം പറയുന്നതും ഒക്കെ സഹായിക്കും. ശ്രദ്ധ മാറുന്ന തരത്തിലുള്ള സീരിയസ് സംസാരങ്ങൾ ഒഴിവാക്കുക.

6. ആഹാരം ചെറിയ അളവിൽ കഴിക്കുക, ധാരാളം വെള്ളം കുടിയ്ക്കുക.

7. ധൃതിപിടിച്ച് പോകുന്നത് ഒഴിവാക്കാനായി യാത്ര കൃത്യമായി മുൻകൂട്ടി പ്ലാൻ ചെയ്യുക. ഇടയ്ക്ക് ബ്രേക്കിനുള്ള ഇടവേള കൂടി കണക്കാക്കിവേണം യാത്രാസമയം കണക്കാക്കാൻ.

8. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക. എന്തെങ്കിലും sleep disorders ഉണ്ടെങ്കിൽ ഡ്രൈവിങ് ഒഴിവാക്കുക.

9. ഇനി നിങ്ങളല്ല ഡ്രൈവ് ചെയ്യുന്നതെങ്കിൽ, നിങ്ങളുടെ വണ്ടി ഡ്രൈവ് ചെയ്യുന്ന ആൾ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നിങ്ങൾ ശ്രദ്ധിക്കുക.


നമ്മളിൽ ആരുടേയും ജീവന്, ഒരു റോഡിൽ ഒരു സെക്കൻഡ് കൊണ്ട് ഫുൾസ്റ്റോപ്പിട്ട് നിർത്താവുന്നത്ര ചെറിയ വിലയല്ല ഉള്ളത്!"



deshabhimani section

Related News

View More
0 comments
Sort by

Home