വിപ്ലവേതിഹാസം വിടവാങ്ങി: ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രം


സൗരത്ത് പി കെ
Published on Jul 23, 2025, 09:49 PM | 3 min read
ഒരു രാത്രി മുഴുവൻ വിഎസ് എന്ന ജനനായകനായി കേരളം കാത്തുനിന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളൊന്നും പാതിരാത്രിയായിട്ടും തളർന്നില്ല. പ്രിയ നേതാവിന്റെ ചിരിച്ച മുഖമുള്ള ആ പ്രശസ്ത ചിത്രവുമായുള്ള വിലാപയാത്രാ വാഹനത്തിന്റെ വരവിനായി അവർ തോരാതെ പെയ്ത മഴയത്തും മുദ്രാവാക്യം വിളിച്ചു. നനഞ്ഞുകുതിർന്നപ്പോഴും, വിപ്ലവ നക്ഷത്രത്തിന്റെ പോരാട്ടവീര്യം കണ്ട് മാർക്സിസത്തിന്റെ കൊടിക്കൂറ ഏന്താൻ ഇറങ്ങിപ്പുറപ്പെട്ട സഖാക്കൾ തങ്ങളുടെ നേതാവിനായി എത്ര നേരം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറായിരുന്നു.
മരണത്തെ പടിക്കുപുറത്ത് നിർത്തിയ 29 ദിവസം. കേരളം ശ്വാസമടക്കിപ്പിടിച്ച ദിനങ്ങൾ. വിഎസ് മരിച്ചു എന്ന വാർത്ത വിശ്വസിക്കാൻ തന്നെ അൽപ്പം സമയം വേണ്ടിവന്നു. ടി വി സ്ക്രോളുകളിൽ തെളിഞ്ഞുവന്ന ബ്രേക്കിംഗിൽ മരണവാർത്ത നോക്കാൻ ധെെര്യമില്ലാതെ തൊഴിലാളികളും അമ്മമാരുമടക്കമുള്ളവർ. വാർത്ത വായിച്ചവർ നിർവികാരതയിൽ മരവിച്ചു. യാഥാർത്ഥ്യം പതിയെ അംഗീകരിച്ചതോടെ നേരെ എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക്. കാടും മലയും മതികെട്ടാനിലെ ദുർഘടമായ വഴികളും താണ്ടിയ പോരാളിയെ അവസാനമായി ഒന്നുകണ്ട് അഭിവാദ്യം അർപ്പിക്കാൻ കേട്ടവരെല്ലാരുമോടിയെത്തി. നിമിഷങ്ങൾക്കകം ആ അന്തരീക്ഷം മുദ്രാവാക്യങ്ങളാൽ മുഖരിതമായി.
മുഖ്യമന്ത്രിപദത്തിൽ നിന്നും വർഷങ്ങൾക്ക് മുന്നെ പടിയിറങ്ങിയ നേതാവ്. രാഷ്ട്രീയ രംഗത്ത് സജീവവമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞു. പക്ഷെ ആ പോരാട്ട വീര്യവും പതിറ്റാണ്ടുകളായി അവശവിഭാഗത്തിനു വേണ്ടി നടത്തിയ ജീവൻപണയം വെച്ചുള്ള രാഷ്ട്രീയ പ്രവർത്തനവും കേരളം മറന്നില്ല. അതിനുള്ള മറുപടിയായിരുന്നു വിഎസിന്റെ വിലാപയാത്ര. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ മകന്റെ വീട്ടിൽ നിന്നും മൃതദേഹം തൊട്ടടുത്തുള്ള ദർബാർ ഹാളിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുമ്പോൾ മുതൽ ആളുകളുടെ വലിയ തിരക്കായിരുന്നു. തുടർന്നായിരുന്നു ചരിത്രപരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പുന്നപ്രയിലെ തന്റെ വേലിക്കകത്ത് വീട്ടിലേക്കുള്ള അവസാന യാത്ര. തിരിച്ചുവരവില്ലാത്ത യാത്രയ്ക്ക് അങ്ങനെ ഇന്നലെ 2.30ന് തുടക്കമായി
മൂന്ന് ജില്ലകളിലും വൻജനാവലി ഉണ്ടായാലും അവർക്കെല്ലാം തങ്ങളുടെ നേതാവിനെ കാണാനാകുന്ന വിധമായിരുന്നു വിലാപയാത്രയുടെ സമയം ക്രമീകരിച്ചിരുന്നത്. 27 കേന്ദ്രങ്ങളിൽ തലസ്ഥാനത്ത് വിഎസിനെ കാണാൻ അവസരമൊരുക്കി. എന്നാൽ യാത്ര തുടരവെ ജീവിച്ചിരുന്ന വിഎസ് എന്തായിരുന്നുവെന്ന് ആ ചലനമറ്റ ശരീരം പ്രതികരിച്ചുതുടങ്ങി. ഒരു നാടിനായി, ഉറങ്ങാത്ത രാത്രികളും ഉറങ്ങാനാകാത്ത ജയിൽവാസങ്ങളും കണ്ണടച്ചാൽ പുളഞ്ഞുപോകുന്ന തീരാവേദനകളും അതിജീവിച്ചെത്തിയ സഖാവ് വിഎസ് പാതയോരത്തെ പതിനായിരങ്ങളുടെ ഹൃദയത്തിൽ ഒരു ചെന്താരകമായ് ഗാഢനിന്ദ്രയിലാണ്ടുകിടന്നു. ബ്രിട്ടീഷ് പട്ടാളത്തിനെതിരേയും ദിവാൻ ഭരണത്തെ അറബിക്കടലിലെറിയാനും ജൻമിത്വ ചൂഷണത്തിനെതിരെ കർഷകരെയും തൊഴിലാളികളേയുമൊന്നിപ്പിച്ച് അവകാശങ്ങൾ നേടിയെടുക്കാനുമായി ആ വിപ്ലവകാരി നടത്തിയ പോരാട്ടങ്ങളെ 'കണ്ണെ കരളെ വി എസെ.. ഇല്ല ഇല്ല മരിച്ചിട്ടില്ല' ,തുടങ്ങിയ മുദ്രാവാക്യങ്ങളാൽ അഭിവാദ്യമർപ്പിക്കുകയായിരുന്നു ആബാലവൃദ്ധം വരുന്ന ജനങ്ങളും.
കേവലം പാർടി പ്രവർത്തകരോ പാർടി അനുഭാവികളോ മാത്രമായിരുന്നില്ല വിഎസിനെ ഒരുനോക്ക് കാണാനായി ഇന്നലെ മുതൽ വഴിയോരങ്ങളിൽ കാത്തുകെട്ടിക്കിടന്നത്. അതിൽ അമ്മമാരുണ്ടായിരുന്നു, മുത്തശ്ശിമാരുണ്ടായിരുന്നു എഴുന്നേറ്റ് നിൽക്കാനാകാതെ ചക്രക്കസേരയിൽ എത്തിയവരുണ്ടായിരുന്നു. ഇതിൽ നിന്നെല്ലാം വേറിട്ട കാഴ്ചയായിരുന്നു രാത്രിയുടെ ഉറക്കച്ചടവുകളെ മുഴുവൻ ഒഴിവാക്കി തങ്ങളുടെ വിഎസ് അപ്പൂപ്പനെ കാണാനെത്തിയ ഒരുപാട് കുഞ്ഞുങ്ങൾ. അച്ഛനമ്മമാർ പറഞ്ഞുപഠിപ്പിച്ച മുദ്രാവാക്യങ്ങൾ അവർ ഏറ്റുവിളിച്ചു.
ജനസാഗരം ഇരമ്പിയെത്തി. മഴതണുപ്പിച്ച റോഡുകൾ മുദ്രാവാക്യങ്ങളാൽ വീണ്ടും ചൂടുപിടിച്ചു. യാത്ര കടന്നുപോയ ഒരോ വഴികളിലും കരഞ്ഞും മുഷ്ടിചുരുട്ടിയും ആയിരങ്ങൾ അലറിവിളിച്ചു. സഖാവേ എന്ന വാക്യം മാത്രം അന്തരീക്ഷത്തിൽ മുഴങ്ങി. തിരുവനന്തപുരം കടന്ന് കൊല്ലത്തേക്കെത്തിയപ്പോൾ അക്ഷരാർഥത്തിൽ ജനസമുദ്രം. പറഞ്ഞറിയിച്ച സമയമാകെ തെറ്റിയെങ്കിലും ആരും ബഹളം വെച്ചില്ല. പ്രശ്നങ്ങൾ സൃഷ്ടിച്ചില്ല, അക്രമമഴിച്ചുവിട്ടില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തുള്ള കാലത്ത് സംഘർഷ ബാധിത മേഘലകളിൽ വിഎസ് എത്തിച്ചേരുമ്പോൾ ജനം കാണിച്ചിരുന്ന സംയമനം വിഎസിനോടും കേരളം തിരിച്ചുകാണിച്ചതു പോലെയായി ആ നിമിഷങ്ങൾ.
വിഎസിനെ ഇതുവരെ കണ്ടിട്ടില്ല, അതുകൊണ്ട് കണ്ടിട്ടെ പോകു എന്ന് പറഞ്ഞവർ, സഖാവിനെ പോലെ മക്കൾ വളരണമെന്ന് പറഞ്ഞവർ, കുടുംബത്തിലെ ഒരാൾ നഷ്ടപ്പെട്ടുവെന്ന് വിലപിച്ചവർ, നേതാവിനെ കണ്ടാണ് കൊടിയെടുത്തെതെന്ന് പറഞ്ഞവർ, അങ്ങനെ വിവിധ തരത്തിൽ വി എസ് ജീവിതത്തിൽ സ്വാധീനിച്ചവർ. 24 മണിക്കൂർ നീണ്ട വിലാപയാത്രയ്ക്ക് ശേഷം ഉച്ചയോടെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിച്ച മൃതദേഹം പാർടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചു. ഇവിടെയും ജനങ്ങളുടെ നീണ്ട നിരയാണ് കാത്തുനിന്നത്. പാർടി കേന്ദ്ര നേതാക്കളും വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളും അന്ത്യാഞ്ജലി അർപ്പിക്കാൻ ഓഫീസിലെത്തി. ഇതുവരെ കേരളം കാണാത്ത വിധമുള്ള അന്ത്യയാത്ര..
വിഎസ് എന്ന രണ്ടക്ഷരം മലയാളിയെ ഏതൊക്കെ തരത്തിൽ സ്വാധീനിച്ചുവെന്ന് ഓരോ മനുഷ്യരും വ്യക്തമാക്കുന്നു. അഴിമതി രഹിത, നിലപാടുകളിൽ വെള്ളം ചേർക്കാത്ത വിപ്ലവനായകൻ, വരും തലമുറകൾക്കെല്ലാം പ്രചോദനമാകുകയാണ്. മനുഷ്യൻ അവന്റെ ജീവിതത്തിൽ ഏറ്റവും അടിസ്ഥാനമായി കരുതുന്നത് ഭൂമിയാണ്. മണ്ണില്ലാത്ത മനുഷ്യൻ നങ്കൂരമില്ലാത്ത കപ്പൽ പോലെയാണ്. അഭയാർഥികൾക്ക് തുല്യരാണവർ. കേരളത്തിൽ ഭൂമിഇല്ലാത്ത മനുഷ്യനുവേണ്ടി തീപാറുന്ന കർഷകസമരവും ഭൂസമരവും നടത്തിയ വിഎസ് ജനങ്ങളുടെ പടത്തലവനായി.
കാലുവയ്യാത്ത അമ്മമാർ വടികുത്തിപ്പിടിച്ച് നേതാവിനെ ഒരുനോക്ക് കണ്ട് നെഞ്ചുപൊട്ടിക്കരയുന്നു. വലിയ ചുടുകാട്ടിലേക്ക് അന്ത്യവിശ്രമം കൊള്ളാൻ പോകുമ്പോഴും അണിമുറിയാത്ത പ്രവാഹം തുടരുകയായിരുന്നു. മലയാളി മനസിൽ... ഒരു കമ്യൂണിസ്റ്റിന്റെ മനസിൽ ..വിഎസ് ഒരു തീപ്പൊരിയായി എക്കാലവും നിലകൊള്ളും. എന്നാൽ അവസാനത്തെ കമ്യൂണിസ്റ്റാണ് ഇല്ലാതായത് എന്ന ബൂർഷ്വാ പ്രചാരണവും ജനം തള്ളിക്കളഞ്ഞു. മറിച്ച് ഒരു കമ്യൂണിസ്റ്റ് ഇല്ലാതായാൽ അയാൾ കൊളുത്തിവെക്കുന്ന വിപ്ലവനാളങ്ങൾ തലമുറകളോളം നിലനിൽക്കുമെന്ന ചരിത്രപരമായ സത്യം കൂടി അവശേഷിപ്പിച്ചാണ് വിഎസ് യാത്രയായത്.









0 comments