വൃത്തി കോൺക്ലേവ് ; ഇന്ന് 11 സെമിനാർ ; ബിസിനസ് മീറ്റ്
വൃത്തിയൂറിനെ കണ്ട് പഠിക്കാം ; വൃത്തി കോൺക്ലേവിനോടനുബന്ധിച്ച് തയ്യാറാക്കിയ മാതൃകാഗ്രാമം

വൃത്തി ദേശീയ ശുചിത്വ കോൺക്ലേവിനോട് അനുബന്ധിച്ച് തയ്യാറാക്കിയ വൃത്തിയൂർ മാതൃക ഗ്രാമം
തിരുവനന്തപുരം : ‘വൃത്തിയൂറിലേക്ക് സ്വാഗതം...’ പൊതുശുചിത്വ ബോധത്തിന്റെ സാമൂഹ്യ പ്രാധാന്യത്തിലേക്കും അവയുടെ നേട്ടങ്ങളിലേക്കും കാഴ്ചക്കാരനെ ക്ഷണിക്കുകയാണ് കനകക്കുന്നിൽ വൃത്തി ദേശീയ ശുചിത്വ കോൺക്ലേവിനോടനുബന്ധിച്ച് തയ്യാറാക്കിയ മാതൃകാഗ്രാമം. മാലിന്യസംസ്കരണത്തിലെ പരമ്പരാഗത- നൂതനവിദ്യകളെ കോർത്തിണക്കി ഓരോ ഭൂപ്രദേശവും മാലിന്യമുക്തമാക്കുന്നതെങ്ങനെയെന്ന് ഈ ഗ്രാമം കാണിച്ചുതരുന്നു. മാലിന്യസംസ്കരണ സംവിധാനത്തിലെ മുഴുവൻ രീതികളെയും ഉൾക്കൊള്ളിച്ചാണ് പാലക്കാട് ഐആർടിസി ഈ ഹ്രസ്വ മാതൃക തയ്യാറാക്കിയത്.
തദ്ദേശസ്ഥാപന വ്യത്യാസമില്ലാതെ വീടുകൾ, കൊമേഴ്സ്യൽ സ്ഥാപനങ്ങൾ, അർബൻ സെന്ററുകൾ എന്നിവിടങ്ങളിലെ മാലിന്യസംസ്കരണ രീതികളെ പ്രത്യേകമായി മനസ്സിലാക്കി ശുചിത്വമിഷൻ വിഭാവനം ചെയ്തിരിക്കുന്ന സംസ്കരണ രീതികളെയാണ് ഇവിടെ കാണാനാകുക. മലിനജനം പ്രകൃതിയാൽ ശുദ്ധീകരിക്കുകയും ഭൂഗർഭ ജലസ്രോതസ്സിന് കാരണമാകുകയും ചെയ്യുന്ന സോക്ക് പിറ്റുകൾ, ജലക്ഷാമത്തിനുള്ള ഉത്തമ പരിഹാരമായ മഴവെള്ള സംഭരണ യൂണിറ്റുകളും ഡീവാറ്റ്സ്, കൺസ്രക്ട്ഡ് വെറ്റ് ലാൻഡ്, സി ആൻഡ് ഡി പ്ലാന്റ്, വിൻഡ്റോ കമ്പോസ്റ്റിങ് എന്നിങ്ങനെ മാലിന്യസംസ്കരണത്തിലെ, പ്രകൃതിയോടിണങ്ങിയ പ്രവർത്തനരീതികൾ മാതൃകയിൽ കാഴ്ചക്കാർക്കായി ഒരുക്കിയിട്ടുണ്ട്. സംസ്കരണരീതികളെക്കുറിച്ച് കൂടുതൽ അറിയാനായി വിവരണങ്ങളും നൽകിയിട്ടുണ്ട്.
ഇന്ന് 11 സെമിനാർ ; ബിസിനസ് മീറ്റ്
വൃത്തി ദേശീയ കോൺക്ലേവിൽ വെള്ളിയാഴ്‌ച വിവിധ വിഷയങ്ങളിലായി 11 സെമിനാർ നടക്കും. ജില്ലകളിലെ മികച്ച ശുചിത്വ മാതൃകകളുടെ അവതരണവും വേസ്റ്റത്തോൺ മത്സരങ്ങളും വെള്ളിയും തുടരും. മാലിന്യ സംസ്‌കരണ പദ്ധതികളും പ്രതിഷേധങ്ങളും: മിഥ്യയും യാഥാർഥ്യവും എന്ന വിഷയത്തിലുള്ള മുഖാമുഖം പരിപാടിയും ബിസിനസ്, സ്റ്റാർട്ടപ് മീറ്റുകളും സംഘടിപ്പിക്കും. വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചയുമുണ്ടാകും.









0 comments