മാലിന്യപ്ലാന്റുകള്‍: സര്‍ക്കാരിന്റെ 
സമവായ ശ്രമം ഫലപ്രാപ്തിയിലേക്ക്

rajesh

വൃത്തി കോണ്‍ക്ലേവിനോടനുബന്ധിച്ച് നടന്ന 
യോഗത്തില്‍ മന്ത്രി എം ബി രാജേഷ്‌ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Apr 12, 2025, 01:00 AM | 1 min read

തിരുവനന്തപുരം : മാലിന്യസംസ്കരണ പ്ലാന്റുകള്‍ക്കെതിരെ എതിര്‍പ്പുയര്‍ത്തുന്നവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമം ഫലം കാണുന്നെന്ന്‌ മന്ത്രി എം ബി രാജേഷ്‌. വൃത്തി കോണ്‍ക്ലേവിനോടനുബന്ധിച്ച് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തുറന്ന സമീപനം സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വിവിധ മേഖലകളില്‍നിന്നെത്തിയവര്‍ പ്രതികരിച്ചു. മുട്ടത്തറ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉള്‍പ്പെടെ സന്ദര്‍ശിച്ചശേഷമാണ് ചര്‍ച്ച നടത്തിയത്‌. തിരുവനന്തപുരത്തെ കള്ളിക്കാട്, ആറ്റിങ്ങല്‍, അഴൂര്, മാറനല്ലൂര്‍, മലപ്പുറം കവനൂര്‍, പത്തനംതിട്ട കൊടുമണ്‍, എലന്തൂര്‍, കോട്ടയം നഗരസഭ, കാസര്‍കോട് ചീമേനി, എറണാകുളം ആയവന, തൃക്കാക്കര, കൊല്ലം പനയം, പാലക്കാട് ചെര്‍പ്പുളശേരി തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യപ്ലാന്റ് നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് എതിര്‍പ്പുമായി രംഗത്തുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. സംസ്ഥാനത്തെ മികച്ച മാലിന്യ സംസ്കരണ മാതൃകകൾ ജനനേതാക്കള്‍ സന്ദർശിക്കണമെന്ന് മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. മാലിന്യ സംസ്കരണ പദ്ധതികൾക്കെതിരെ പ്രതിഷേധിക്കുന്നവരുമായി തുറന്ന ചർച്ചകൾക്ക് സർക്കാർ ഇനിയും തയ്യാറാണെന്നും ഇത്തരത്തിലുള്ള ചർച്ചകളിലൂടെ മുടങ്ങിക്കിടന്ന പല മാലിന്യ സംസ്കരണ പദ്ധതികളും നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരിൽ മാലിന്യ സംസ്കരണ പദ്ധതികളെ എതിർക്കരുതെന്നും മന്ത്രി പറഞ്ഞു. റെൻഡറിങ് പ്ലാന്റുകൾ ഉൾപ്പെടെ സംസ്ഥാനത്ത് സ്ഥാപിക്കുന്ന മാലിന്യ സംസ്കരണ പദ്ധതികൾ മികച്ച നിലവാരം ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.


ചർച്ചയിൽ മുൻ ചീഫ് സെക്രട്ടറി വി വേണു മോഡറേറ്ററായി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി വി അനുപമ, തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഗായത്രി ബാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home