വി എം വിനുവിന്റെ പേര് വോട്ടർ പട്ടികയിലില്ല; വെട്ടിലായി കോൺഗ്രസ്

കോഴിക്കോട്: കോർപറേഷനിൽ യുഡിഎഫ് സർപ്രൈസായി അവതരിപ്പിച്ച മേയർ സ്ഥാനാർഥി വി എം വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ല. കല്ലായി ഡിവിഷനിൽനിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയും സംവിധായകനുമായ വി എം വിനുവിന്റെ പേരാണ് വോട്ടർ പട്ടികയിലില്ലാത്തത്. മലാപ്പറമ്പ് വാർഡ് നാലാം ബൂത്തിലെ താമസക്കാരനാണ് വി എം വിനു.
എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചുവരികയാണെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ പറഞ്ഞു. പുതിയ പട്ടികയിൽനിന്ന് ഏതെങ്കിലും കാരണത്താൽ മാറ്റപ്പെടുകയായിരുന്നോ എന്ന് വ്യക്തമായിട്ടില്ല. നോമിനേഷൻ നൽകാനുള്ള പരിശോധനക്കിടെയാണ് പട്ടികയിൽ പേരില്ലെന്ന് മനസ്സിലായത്. അതേസമയം, വോട്ടർ പട്ടിക പരിശോധിക്കാതെ വിനുവിനെ സ്ഥാനാർഥിയാക്കിയ കോൺഗ്രസിന്റെ തീരുമാനം വലിയ നാണക്കേടായി. കോൺഗ്രസിനുള്ളിൽ നേതാക്കൾക്കെതിരെ പ്രതിഷേധവുമുണ്ട്.
പട്ടികയിൽ പേരില്ലാതിരുന്നെങ്കിൽ വിനുവിന്റെ വോട്ട് കണ്ടെത്താനും കൂട്ടിച്ചേർക്കാനും രണ്ടുതവണ സമയം ലഭിച്ചിട്ടും കോൺഗ്രസ് പ്രവർത്തകർ എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ലെന്നതിനും നേതൃത്വം മറുപടി പറയേണ്ടിവരും. മേയർ സ്ഥാനാർഥി എന്ന് കൊട്ടിഘോഷിച്ചാണ് വിനുവിനെ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വം രംഗത്തിറക്കിയത്.









0 comments