വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാത നിർമാണം ഉടൻ ; ഡിപിആറിന് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽപ്പാതയുടെ നിർമാണം ഉടൻ തുടങ്ങും. പദ്ധതിക്കായി കൊങ്കൺ റെയിൽ കോർപറേഷൻ തയ്യാറാക്കിയ വിശദ പദ്ധതി രേഖ(ഡിപിആർ)യ്‌ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. 1482.92 കോടി രൂപയാണ് പദ്ധതിച്ചെലവ്. 2028 ഡിസംബർ 31 ന് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 10.7 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 9.02 കിലോമീറ്ററും ഭൂഗർഭപാതയാണ്. നിലവിലെ റോഡിന് അടിയിലൂടെയാകും കടന്നുപോകുക.
ഇതിനായി 5.52 ഹെക്ടർ ഭൂമി ഏറ്റെടുക്കും. 198 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ വില്ലേജുകളിൽ 4.697 ഹെക്ടറും വിഴിഞ്ഞം വില്ലേജിൽ 0.829 ഹെക്ടറും ഏറ്റെടുക്കും.
കേന്ദ്രസർക്കാരിന്റെ പദ്ധതികളായ പ്രധാൻമന്ത്രി ഗതിശക്തി, മൂലധന നിക്ഷേപത്തിനുള്ള പ്രത്യേകസഹായ പദ്ധതി, സാഗർമാല, റെയിൽ സാഗർ എന്നിവയിലൂടെ റെയിൽപ്പാത നിർമാണത്തിന് തുക ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നുണ്ട്.
ചരക്കിന്റെ 30 ശതമാനം റെയിൽമാർഗം
വിഴിഞ്ഞത്തെത്തുന്ന ചരക്കിൽ 30 ശതമാനവും റെ യിൽ മാർഗമായിരിക്കും കൈകാര്യം ചെയ്യുക. നിലവിൽ വർഷം10 ലക്ഷം ടിഇയു കണ്ടെയ്‌നറാണ് തുറമുഖത്തിന്റെ കൈകാര്യശേഷി. 2028ൽ രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ അത് 30 ലക്ഷം ടിഇയു കണ്ടെയ്‌നറായി ഉയരും.









0 comments