വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡ്: ചെലവ് 5000 കോടി; 65% സംസ്ഥാനം വഹിക്കും

തിരുവനന്തപുരം: വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡ് നിർമാണത്തിന്റെ 65 ശതമാനത്തിലേറെ ചെലവും വഹിക്കുന്നത് സംസ്ഥാന സർക്കാർ.
പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ 50 ശതമാനവും കിഫ്ബി മുഖേന സംസ്ഥാനമാണ് നൽകുക. ഇതിന് 1000 കോടിയോളമാണ് ചെലവ്. ഇതിന് പുറമേ സർവീസ് റോഡിന്റെ നിർമാണച്ചെലവും പൂർണമായും വഹിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. സർവീസ് റോഡിനുള്ള നിർമാണച്ചെലവായ 500 കോടിയോളം രൂപ 5 വർഷം കൊണ്ട് നൽകണമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. കൂടാതെ നിർമാണ സാമഗ്രികളുടെ സംസ്ഥാന ജിഎസ്ടി ഒഴിവാക്കുന്നതിലൂടെ 210.63 കോടി രൂപയുടെയും മണ്ണും കല്ലും ഉൾപ്പെടെയുള്ളവയുടെ റോയൽറ്റി വഴിയുള്ള 10.87 കോടി രൂപയുടെ വരുമാനവും സംസ്ഥാനം ഉപേക്ഷിച്ചു. കഴിഞ്ഞവർഷം ഔട്ടർ റിങ് റോഡിനായി പ്രാഥമിക വിജ്ഞാപനം (3എ) പ്രസിദ്ധീകരിച്ചെങ്കിലും സംസ്ഥാനവിഹിതം സംബന്ധിച്ച് കേന്ദ്രസർക്കാർ നിർബന്ധം പിടിച്ചതോടെയാണ് വൈകിയത്. പദ്ധതി നീണ്ടതോടെ ആദ്യഘട്ട വിജ്ഞാപനം റദ്ദായിരുന്നു. ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ ആഗസ്തിൽ അംഗീകാരവും നൽകി.
ആദ്യഘട്ടത്തിൽ 314 ഹെക്‌ടർ ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി പുതിയ വിജ്ഞാപനം കഴിഞ്ഞ മാസമാണ് പ്രസിദ്ധീകരിച്ചത്. വിജ്ഞാപനപ്രകാരം ഭൂമി വിട്ടുനൽകിയവരുടെ പണം മാർച്ചോടെ കൊടുക്കാനാകുമെന്ന് അധികൃതർ പറയുന്നു.









0 comments