2000 ഏക്കർ കണ്ടെത്തി , വിഴിഞ്ഞം–കൊല്ലം–പുനലൂർ വളർച്ച മുനന്പിന്‌ 
 പ്രത്യേകകന്പനി , കിഫ്‌ബി 1000 കോടി രൂപ നിക്ഷേപിക്കും

തുറമുഖാധിഷ്‌ഠിത വ്യവസായം ; ആദ്യഘട്ടത്തിൽ 
3000 ഏക്കർ ഏറ്റെടുക്കും

Vizhinjam International Seaport
avatar
സുനീഷ്‌ ജോ

Published on Sep 29, 2025, 02:55 AM | 1 min read


തിരുവനന്തപുരം

വിഴിഞ്ഞം തുറമുഖാധിഷ്‌ഠിത വ്യവസായങ്ങൾക്കായി ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നത്‌ 3000 ഏക്കർ. ഇതിൽ 2000 ഏക്കർ കണ്ടെത്തി. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്‌( വിസിൽ), കിൻഫ്ര, കെഎസ്‌ഐടിഎൽ തുടങ്ങിയ ഏജൻസികളാണ്‌ ഭൂമി ഏറ്റെടുക്കുക. 40 കന്പനികൾ ഭൂമി ആവശ്യപ്പെട്ട്‌ സംസ്ഥാനസർക്കാരിനെ സമീപിച്ചു. വിഴിഞ്ഞം–കൊല്ലം–പുനലൂർ വളർച്ചാമുനന്പ്‌ പദ്ധതി നടപ്പാക്കാൻ പ്രത്യേകകന്പനി രൂപീകരിക്കാനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്‌. ഇ‍ൗ കന്പനിയിൽ കിഫ്‌ബി 1000 കോടി രൂപ നിക്ഷേപിക്കും.


നിലവിൽ 700 ഏക്കർ കണ്ടെത്തിയ വിസിലിന്‌ ഭൂമിഏറ്റെടുക്കാൻ ചീഫ്‌സെക്രട്ടറി അധ്യക്ഷനായ പ്രോജക്ട്‌ ഇപ്ലിമെന്റേഷൻ കമ്മിറ്റി തത്വത്തിൽ അംഗീകാരം നൽകി. ഭരണാനുമതി ഉടൻ ലഭ്യമാകും. ഭൂമി ഏറ്റെടുക്കലും വ്യവസായങ്ങൾ ഏതൊക്കെയായിരിക്കണമെന്നതും നിശ്‌ചയിക്കാൻ കൺസൾട്ടന്റിനെ നിയമിക്കും. ഇതിനുള്ള അനുമതിയും ലഭ്യമായി. റോഡുകൾ, സ്ഥലങ്ങൾ, ഭൂമി ഏറ്റെടുക്കുന്നതിന്‌ സ്വീകരിക്കേണ്ട രീതി, ഗുണകരമായ കന്പനികളും സ്ഥാപനങ്ങളും എന്നിവ സംബന്ധിച്ച്‌ കൺസൾട്ടന്റ്‌ കന്പനി റിപ്പോർട്ട്‌ നൽകും. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ മാസ്‌റ്റർപ്ലാൻ തയ്യാറാക്കുക.


റിയൽ എസ്‌റ്റേറ്റും കന്പനികളും വ്യക്തികളും വിഴിഞ്ഞം മേഖലയിൽ ഏക്കർ കണക്കിന്‌ സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ട്‌. ഒരുകോടി മുതൽ രണ്ടുകോടി രൂപയ്‌ക്ക്‌ വരെ വാങ്ങിയ ഭ‍ൂമിക്ക്‌ 15 കോടിയും അതിന്‌ മുകളിലേക്കുമാണ്‌ ഇത്തരം ആളുകൾ ചോദിക്കുന്നത്‌. സ്വന്തംനിലയിൽ ഭൂമി കണ്ടെത്താനിരുന്ന പല കന്പനികളും ഇക്കാരണത്താൽ സർക്കാരിനെ സമീപിച്ചു.


സമുദ്രോൽപ്പന്ന ഭക്ഷ്യസംസ്കരണം, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ, ഗതാഗതവും ലോജിസ്റ്റിക്സും, പുനരുപയോഗ ഊർജം തുടങ്ങിയവയ്‌ക്ക്‌ വിസിൽ മുൻഗണന നൽകും. ഗേറ്റ്‌വേ കാർഗോയ്‌ക്കായി മാരിടൈം ബോർഡിന്‌ കീഴിലുള്ള ചെറിയ തുറമുഖങ്ങളെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖങ്ങളുമായി ബന്ധിക്കുക, കണ്ടെയ്‌നർ പാർക്കും വെയർഹ‍ൗസുകളും സ്ഥാപിക്കുക എന്നിവയ്‌ക്കും ഉ‍ൗന്നൽ നൽകും.


നിക്ഷേപതാൽപ്പര്യം 
അറിയിച്ച 
പ്രധാനകന്പനികൾ
ഷെറഫ് ഗ്രൂപ്പ്‌, ഇന്ത്യൻ ഓയിൽ കോർപറേഷൻ, മെഡ്‌ലോക് കമ്പനി,കെറി ഇൻഡേവ്, രാജാ ഏജൻസീസ്,ഹിന്ദ് ടെർമിനൽ, മെർക്കന്റൈൽ ലോജിസ്‌റ്റിക്‌സ്, ഭവാനി ഗ്രൂപ്പ്, നിഷ റോഡ് വേയ്‌സ്‌, കണ്ടെയ്‌നർ കോർപറേഷൻ ഓഫ്‌ ഇന്ത്യ



deshabhimani section

Related News

View More
0 comments
Sort by

Home