വിതുര പീഡനക്കേസ്: അതിജീവിതയുടെ സാക്ഷിവിസ്‌താരം മാറ്റി വച്ചു

കോട്ടയം : വിതുര പീഡനക്കേസിൽ നാലാംഘട്ട തുടർവിചാരണ മാറ്റിവച്ചു. ഒന്നാം സാക്ഷിയായ അതിജീവിതയുടെ പ്രോസിക്യൂഷൻ ഭാഗം വിചാരണയാണ് നടക്കുക. വിതുര പീഡനക്കേസായി രജിസ്റ്റർചെയ്ത 24 കേസുകളിൽ 23 എണ്ണവും വിചാരണഘട്ടത്തിലാണ്. ഈ കേസുകൾ എല്ലാ ഒന്നായി പരിഗണിക്കണമെന്ന ഒന്നാംപ്രതി കൊല്ലം ജുബൈറ മൻസിലിൽ സുരേഷി (ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ–- -52)ന്റെ ഹർജി കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) തള്ളിയിരുന്നു. ഇതിനെതിരെ ഇയാൾ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഇതിൽ തീർപ്പ് വന്നതിന് ശേഷം വാദം തുടരാമെന്ന് പ്രതിഭാഗവും പ്രോസിക്യൂഷനും അറിയിച്ചതിനാലാണ് അതിജീവിതയുടെ സാക്ഷിവിസ്‌താരം മാറ്റി വച്ചത്. 30ന് വിസ്‌താരം എന്ന് തുടങ്ങാമെന്ന കാര്യം കോടതി പരിഗണിക്കും. 24 കേസുകളിൽ ഒരു കേസിൽ മാത്രമാണ് ശിക്ഷ വിധിച്ചത്. 24 വർഷമായിരുന്നു. നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ് ഒന്നാംപ്രതി സുരേഷ്. 1995-ൽ പെൺകുട്ടിയെ അയൽക്കാരിയായ യുവതി വീട്ടിൽ നിന്നിറക്കി ഒന്നാം പ്രതി സുരേഷിന് കൈമാറുകയും വിവിധയിടങ്ങളിലായി നിരവധിപേർക്ക് കൈമാറി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. രാജഗോപാൽ പടിപ്പുരയ്ക്കലാണ് ഹാജരാകുന്നത്.









0 comments