ബിനുവിന്റെ ജീവൻ ഇല്ലാതാക്കിയത് കോൺഗ്രസ്: ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം

തിരുവനന്തപുരം: കോൺഗ്രസ് സമരത്തെ തുടർന്ന് വിതുര സ്വദേശി ബിനു ചികിത്സ കിട്ടാതെ മരിച്ച സംഭവം പ്രതിഷേധകരമെന്ന് സിപിഐ എം. മനുഷ്യത്വരഹിതമായ പ്രവൃത്തിയിലൂടെ ഒരു യുവാവിന്റെ ജീവൻ ഇല്ലാതാക്കുകയായിരുന്നു കോൺഗ്രസ്. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ബിനുവിനെ യഥാസമയം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. കോൺഗ്രസ് സമരാഭാസത്തിൽ ഒരു ജീവൻ പൊലിഞ്ഞത് അപലപനീയമാണ്. ബിനുവിന്റെ മരണത്തിന് ഉത്തരവാദികളായ കോൺഗ്രസിന്റെ ക്രൂരനടപടിക്കും സമരാഭാസത്തിനുമെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ.വി ജോയി എംഎൽഎ പറഞ്ഞു.
ഞായറാഴ്ചയാണ് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആംബുലൻസ് തടഞ്ഞുള്ള സമരത്തെ തുടർന്ന് ബിനു മരിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞത്. ബന്ധുക്കൾ പറഞ്ഞിട്ടും ആംബുലൻസ് വിടാൻ പ്രവർത്തകർ തയാറായില്ല. ഇതോടെ അരമണിക്കൂറോളം വൈകിയാണ് രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. പിന്നാലെ രോഗി മരിക്കുകയായിരുന്നു. ആംബുലൻസ് തടഞ്ഞവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബിനുവിന്റെ ബന്ധുക്കൾ പറഞ്ഞു.









0 comments