വിഷൻ 2031: ശിശുസംരക്ഷണ മേഖലയ്ക്കുള്ള ദർശനരേഖ; വനിത ശിശുവികസന വകുപ്പിന്റെ സെമിനാർ വ്യാഴാഴ്ച തിരൂരിൽ

Department of Women and Child Development
വെബ് ഡെസ്ക്

Published on Oct 16, 2025, 07:57 AM | 2 min read

തിരൂർ : വിഷൻ 2031ന്റെ ഭാഗമായുള്ള സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ സെമിനാർ ഒക്ടോബർ 16ന് രാവിലെ 9.30 മുതൽ മലപ്പുറം ജില്ലയിലെ തിരുരിലുള്ള ബിയാൻകോ കാസിൽ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. വിഷൻ 2031 അവതരണം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. കുറുക്കോളി മൊയ്തീൻ എംഎൽഎ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് വകുപ്പിന്റെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങൾ അവതരിപ്പിക്കും.


വനിതാ ശാക്തീകരണം - തൊഴിൽ പ്രാതിനിധ്യം എന്ന വിഷയത്തിൽ വനിത വികസന കോർപറേഷൻ ചെയർപേഴ്‌സൺ റോസക്കുട്ടി ടീച്ചർ, സ്ത്രീ സൗഹൃദ കേരളം എന്ന വിഷയത്തിൽ വനിതാ കമീഷൻ അധ്യക്ഷ പി. സതീദേവി, ബാല സുരക്ഷിത കേരളം എന്ന വിഷയത്തിൽ റിട്ട ഐഎഎസ് ഉദ്യോ​ഗസ്ഥൻ ബാലഗോപാൽ, ശിശുവികസനം കേരള മാതൃക 2031 എന്ന വിഷയത്തിൽ മുൻ പ്ലാനിംഗ് ബോർഡ് അംഗം മൃദുൽ ഈപ്പൻ എന്നിവർ മോഡറേറ്ററാകും. വൈകുന്നേരം 3.15 മുതൽ പാനൽ റിപ്പോർട്ട് അവതരിപ്പിക്കും. 4 മണിക്ക് റിപ്പോർട്ടിന്റെ ക്രോഡീകരണം മന്ത്രി അവതരിപ്പിക്കും.


2031ൽ ശിശു വികസനം, സംരക്ഷണം, വനിതാ ശാക്തീകരണം, സ്ത്രീ സുരക്ഷ എന്നീ മേഖലകളിൽ വകുപ്പ് വിഭാവനം ചെയ്യുന്ന വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യുന്നതിനും നൂതന ആശയങ്ങൾ സമാഹരിക്കുന്നതിനുമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. വനിതാ ശിശു വികസന വകുപ്പ് നാളിതുവരെ കൈവരിച്ച നേട്ടങ്ങൾ ചർച്ച ചെയ്യുകയും 2031ൽ പ്രസ്തുത മേഖലയിൽ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, ശാക്തീകരണ പദ്ധതികൾ, ശിശു വികസന സംരക്ഷണ രംഗത്തെ നൂതന സമീപനങ്ങൾ എന്നിവയെക്കുറിച്ച് നിർദ്ദേശങ്ങൾ സ്വീകരിക്കുകയും വിശദമായ കർമപദ്ധതി തയ്യാറാക്കുകയും ചെയ്യും.


സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി ഒരു പ്രത്യേക വകുപ്പായി സാമൂഹ്യനീതി വകുപ്പിൽ നിന്നും വിഭജിച്ച് വനിതാ ശിശു വികസന വകുപ്പ് 2017ൽ ആരംഭിച്ചു. വനിതകൾക്കും കുട്ടികൾക്കും ശാക്തീകരണവും സുരക്ഷിതത്വവും അഭിവൃദ്ധി പ്രാപിക്കാനുള്ള അവസരവും നൽകുന്ന ഒരു സമൂഹം സൃഷ്ട്ടിക്കുന്നതിനുള്ള വകുപ്പിന്റെ കാഴ്ചപ്പാടുകൾ നടപ്പിലാക്കുന്ന ഓരോ പ്രോജക്ടിലൂടെയും അവയുടെ നിർവ്വഹണത്തിലൂടെയും ഉയർത്തി കാണിക്കാൻ വനിതാ ശിശു വികസന വകുപ്പിന് സാധിച്ചിട്ടുണ്ട്. ലിംഗ പദവിയും വികസനവും എന്ന മേഖലയിലെ നയങ്ങൾ ശക്തിപ്പെടുത്തുന്നതിനും വകുപ്പിന്റെ രൂപീകരണം സഹായകരമായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.


2031ൽ കേരള സംസ്ഥാനം രൂപീകരിച്ചിട്ട് 75 വർഷം പൂർത്തിയാകുന്ന വേളയിൽ കേരളത്തിന്റെ കഴിഞ്ഞ കാല വളർച്ചയെ വിലയിരുത്തുന്നതിനും ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും 2031ൽ കേരളം എങ്ങനെയാകണമെന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിനും ആശയങ്ങൾ ശേഖരിക്കുന്നതിനുമാണ് വിവിധ വകുപ്പുകൾ ജില്ലകളിൽ വിഷൻ 2031 എന്ന പേരിൽ സംസ്ഥാനതല സെമിനാറുകൾ സംഘടിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home