സാമൂഹികനീതി വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷം ; പുതുനിര്‍ദേശങ്ങളുമായി ‘വിഷൻ 2031' സെമിനാർ

തൃശൂര്‍
സമൂഹത്തിൽ ഏറ്റവും പരിഗണന അർഹിക്കുന്നവരെ ചേർത്തുപിടിച്ച് സമഗ്രമായ വികസന മാതൃകകൾ സൃഷ്ടിക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. സാമൂഹികനീതിയിൽ അധിഷ്ഠിതമായ നവകേരള നിർമിതി ലക്ഷ്യമിടുന്ന ‘വിഷൻ 2031' സംസ്ഥാനതല സെമിനാറും സാമൂഹിക നീതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭിന്നശേഷി, വയോജനം, ട്രാൻസ്ജെൻഡർ, പ്രൊബേഷൻ സേവനം, ക്ഷേമ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നീ മേഖലകളില്‍ നവകാഴ്ചപ്പാടുകൾ രൂപപ്പെടുത്തും. ക്ഷേമപ്രവർത്തനങ്ങളുടെ സമഗ്രത ഉറപ്പാക്കാന്‍ സാമൂഹ്യനീതി വകുപ്പിനെ നോഡൽ വകുപ്പായി ഉയർത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിന്റെ പ്രവർത്തനങ്ങൾ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള അവതരിപ്പിച്ചു. മന്ത്രി ആര്‍ ബിന്ദു ‘വിഷൻ 2031' കരട് നയരേഖ സമർപ്പിച്ചു. സുവർണജൂബിലി ആഘോഷങ്ങളുടെ ലോഗോ മന്ത്രി ആര്‍ ബിന്ദു, അമരവിള രാമകൃഷ്ണൻ, ശീതൾ ശ്യാം, കണ്മണി എന്നിവര്‍ ചേർന്ന് പ്രകാശിപ്പിച്ചു.
കെ കെ രാമചന്ദ്രൻ എംഎൽഎ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, വയോജന കമീഷണര്‍ അഡ്വ. കെ സോമപ്രസാദ്, സംസ്ഥാന ഭിന്നശേഷി കമീഷണർ ഡോ. പി ടി ബാബുരാജ്, ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്സൺ അഡ്വ. എം വി ജയഡാളി, സാമൂഹ്യ നീതി വകുപ്പ് മുൻ ഡയറക്ടർ ജിതേന്ദ്രൻ, പ്ലാനിങ് ബോർഡ് മുൻ അംഗം ജി വിജയരാഘവൻ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർപേഴ്സൺ അലി അബ്ദുള്ള, എൻപിആർഡി ജനറൽ സെക്രട്ടറി വി മുരളീധരൻ തുടങ്ങിയവര്‍ പങ്കെടുത്തു.
‘വിഷൻ 2031'ന്റെ ഭാഗമായി 33 മേഖലകളിലായാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. ഇതിൽ ആദ്യത്തേതാണ് നടന്നത്. ഭിന്നശേഷി സൗഹൃദ കേരളം, വയോജനക്ഷേമം, ലിംഗനീതി, വിദ്യാഭ്യാസ-ക്ഷേമ സ്ഥാപനങ്ങളുടെ പ്രവർത്തനം, പ്രൊബേഷൻ സംവിധാനം എന്നീ വിഷയങ്ങളിൽ നടന്ന പാനൽ ചർച്ചയിലെ നിർദേശങ്ങൾ ഉൾപ്പെടുത്തിയാകും ‘വിഷൻ 2031' അന്തിമ നയരേഖയ്ക്ക് രൂപം നൽകുക.









0 comments