print edition വിഷൻ 2031: നാട് കുതിക്കും അതിവേഗം

പൊതുമരാമത്ത് വകുപ്പ് കോഴിക്കോട്ട് സംഘടിപ്പിച്ച വിഷൻ 2031 സെമിനാര്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: കഴിഞ്ഞുപോകുന്ന ഒരു ദശാബ്ദം കേരളം സഞ്ചരിച്ചത് വികസനത്തിന്റെ പാതയിലൂടെയാണ്. കൂടുതൽ വേഗത്തിലും ദൂരത്തിലും മുന്നേറാനുള്ള ഭാവി വികസന സാധ്യതകളിലേക്ക് പദ്ധതികൾ വിഭാവനം ചെയ്ത് പൊതുമരാമത്ത് വകുപ്പിന്റെ വിഷൻ 2031 സെമിനാർ.
പശ്ചാത്തല വികസന മേഖലയിൽ നടപ്പാക്കാനുള്ള പദ്ധതികൾ സംബന്ധിച്ച നിർദേശങ്ങൾ വിവിധ മേഖലകളിലുള്ളവരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും തേടി. കേരളത്തെ പശ്ചാത്തല വികസനത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള അഭിപ്രായങ്ങൾ സെമിനാറിൽ ചർച്ചയായി.
മികച്ച റോഡുകളും പാലങ്ങളും കെട്ടിടങ്ങളും പടുത്തുയർത്തിയും സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയും പശ്ചാത്തല വികസന മേഖലയ്ക്ക് കരുത്ത് പകരാനുള്ള നടപടികളിലേക്ക് കടക്കാനുള്ള തീരുമാനമെടുത്താണ് സെമിനാർ അവസാനിച്ചത്. സാമൂഹ്യ പ്രവർത്തകരും അക്കാദമിക, സാങ്കേതിക വിദഗ്ധരും ഗവേഷകരും വിദ്യാർഥികളും കരാറുകാരും തൊഴിലാളികളും സംഘടനാ പ്രതിനിധികളുമടക്കമുള്ളവർ സെമിനാറിന്റെ ഭാഗമായി.
ആറ് സെഷനുകളിലായി പശ്ചാത്തല വികസനത്തിന്റെ വിവിധ തലങ്ങൾ ചർച്ചചെയ്തു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു. വിഷൻ 2031 ലക്ഷ്യമിട്ടുള്ള നയരേഖയും അദ്ദേഹം അവതരിപ്പിച്ചു. ഒമ്പതര വർഷത്തിൽ പശ്ചാത്തല വികസന മേഖല കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് നിരത്തുന്ന വികസന രേഖ പൊതുമരാമത്ത് സെക്രട്ടറി കെ ബിജുവും അവതരിപ്പിച്ചു.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മേയർ ഡോ. ബീന ഫിലിപ്പ്, എംഎൽഎമാരായ കെ പി കുഞ്ഞമ്മദ് കുട്ടി, ലിന്റോ ജോസഫ്, കെ എം സച്ചിൻദേവ്, ഇ കെ വിജയൻ, പി ടി എ റഹീം, കലക്ടർ സ്നേഹിൽകുമാർ സിങ് തുടങ്ങിയവർ സംസാരിച്ചു.
വികസിപ്പിച്ച ദേശീയപാത പുതുവത്സര സമ്മാനം: മന്ത്രി റിയാസ്
കോഴിക്കോട്: കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്ററിൽ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത 66 നാടിനുള്ള പുതുവത്സര സമ്മാനമായി സമർപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാരും മുഖ്യമന്ത്രിയും നടത്തിയ ഇച്ഛാശക്തിയോടെയുള്ള ഇടപെടലാണ് ദേശീയപാത 66ന്റെ വികസനം സാധ്യമാക്കിയത്. ദേശീയപാതയുടെ കാര്യത്തിൽ രണ്ട് വഴികളാണ് സർക്കാരിന് മുന്നിലുണ്ടായിരുന്നത്. ഒന്നുകിൽ പദ്ധതി ഉപേക്ഷിക്കുക, അല്ലെങ്കിൽ ഫണ്ട് കണ്ടെത്തുക.
ചരിത്രത്തിലാദ്യമായി ദേശീയപാത വികസനത്തിന് ഫണ്ട് കണ്ടെത്താൻ ഒരു സംസ്ഥാനം തീരുമാനിച്ചു. പദ്ധതി യാഥാർഥ്യമാക്കാൻ 5580 കോടി രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ഒന്നായി ദേശീയപാത മാറുമെന്നും മന്ത്രി പറഞ്ഞു.









0 comments