print edition കൊച്ചിയും തിരുവനന്തപുരവും ഹൈഡ്രജൻ ഹബ്ബുകളാകും ; വൈദ്യുതി വകുപ്പ് വിഷൻ 2031 സെമിനാർ

പാലക്കാട്
ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദനരംഗത്ത് രാജ്യത്തിന് മാതൃകയാകാനൊരുങ്ങി കേരളം. കൊച്ചിയും തിരുവനന്തപുരവും പ്രധാന ഹബ്ബുകളാക്കി ഉൽപ്പാദനം, സംഭരണം, വിതരണം, ഗവേഷണം എന്നിവ ഉൾപ്പെടുന്ന പ്രാദേശിക ആവാസവ്യവസ്ഥ സൃഷ്ടിക്കാനാണ് പദ്ധതിയെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി വകുപ്പിന്റെ വിഷൻ 2031 വികസന കരട് നയരേഖ അവതരിപ്പിക്കുകയായിരുന്നു മന്ത്രി. അനെർട്ടിന്റെ നേതൃത്വത്തിൽ ദേശീയ ഗ്രീൻ മിഷൻ പ്രകാരം ‘ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ–കേരള’ ഇതിനകം രൂപീകരിച്ചു.
ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ച് ഉൗർജമേഖലയിൽ സംസ്ഥാനം സ്വയംപര്യാപ്തത നേടും. വിദൂര ആദിവാസി മേഖലകളിലെ ഉന്നതികളിൽ വൈദ്യുതീകരണം പൂർത്തിയാക്കും. ബിപിഎൽ ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതി കണക്ഷൻ തുടരും. തോറിയം അധിഷ്ഠിത വൈദ്യുതിലഭ്യത പരിശോധിക്കും. ഉൗർജമേഖലയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമാണം സമയബന്ധിതമായി നടപ്പാക്കും. കാലവർഷക്കെടുതികൾ അതിജീവിക്കാൻ സബ്‌സ്റ്റേഷനുകളെ പുനർ രൂപകൽപ്പന ചെയ്യും. പ്രസരണ ഇടനാഴികൾ വികസിപ്പിക്കും. വെഹിക്കിൾ ടു ഗ്രിഡ് പദ്ധതികൾ നടപ്പാക്കും. സ്മാർട്ട് മീറ്ററുകൾ, മൊബൈൽ ആപ്പുകൾ എന്നിവയിലൂടെ സേവനങ്ങൾ സുതാര്യമാക്കും. മീറ്റർ, ഗ്രിഡ്, ഉപഭോക്തൃ വിവരങ്ങൾ സംയോജിപ്പിക്കുന്ന ഏകീകൃത ഡാറ്റാ പ്ലാറ്റ്‌ഫോമുകൾ എന്നിവയുണ്ടാക്കും.
കൃഷിയിടങ്ങളിൽ സോളാർ പമ്പുകൾ സ്ഥാപിക്കുന്ന പിഎം കുസും പദ്ധതി വ്യാപിപ്പിക്കും. ചെറുകിട മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങളുണ്ടാക്കുന്ന സ്ഥാപനങ്ങൾക്ക് വൈദ്യുതി നിരക്കിൽ ഇളവ് നൽകും.
അണക്കെട്ടുകളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കുന്ന ഹൈഡൽ ടൂറിസം പ്രോത്സാഹിപ്പിക്കും. അഞ്ച് വർഷംകൊണ്ട് 500 കോടി രൂപയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്വകാര്യ പങ്കാളിത്തത്തോടെ ഹരിതോർജ മേഖലയിൽ അമ്പതിനായിരത്തിലേറെ തൊഴിലുകൾ സൃഷ്ടിക്കുമെന്നും കരട് നയരേഖയിൽ വ്യക്തമാക്കി. കഴിഞ്ഞ ഒമ്പതുവർഷത്തെ പ്രധാന നേട്ടങ്ങൾ ഊർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത്കുമാർ അവതരിപ്പിച്ചു.









0 comments