നിർദേശങ്ങൾ രേഖയാക്കി സർക്കാരിൽ സമർപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ്
കേരളത്തിന്റെ ആരോഗ്യത്തിന് ജനകീയമുഖമേകും ; സമഗ്ര നിർദേശങ്ങളുമായി വിഷൻ 2031 ആരോഗ്യ സെമിനാർ

പത്തനംതിട്ട
രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ സമഗ്ര നിർദേശങ്ങളുമായി വിഷൻ 2031 ആരോഗ്യ സെമിനാർ. സംസ്ഥാനത്തെ മുഴുവൻ പേർക്കും 2031ഓടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. രോഗാതുരത കുറയ്‌ക്കുക, പകര്‍ച്ചവ്യാധി പ്രതിരോധം, ട്രോമ കെയർ നെറ്റ്‌വർക്ക്, ആരോഗ്യസേവനങ്ങളിൽ തുല്യത ഉറപ്പുവരുത്തുക, കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുക, മുതിർന്ന പൗരൻമാർക്ക് പ്രത്യേക പരിഗണന, ആരോഗ്യവിദ്യാഭ്യാസ മേഖലയുടെ വികസനം തുടങ്ങി ഭാവിലക്ഷ്യങ്ങളടങ്ങിയ നയരേഖ മന്ത്രി വീണാ ജോർജ് അവതരിപ്പിച്ചു. തിരുവല്ല ബിലീവേഴ്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഒമ്പത് സെഷനുകളിലായിരുന്നു പാനൽ ചർച്ച. ആരോഗ്യമേഖലയിലെ വിദഗ്ധർ അഭിപ്രായം പങ്കുവച്ചു.
ആയുഷ് വിഭാഗത്തിന് പ്രത്യേക ഗ്രഡ് കൺട്രോൾ/കൺട്രോളർ വിഭാഗം, തരിശ് ഭൂമിയിൽ ഒൗഷധസസ്യകൃഷി, പകർച്ചവ്യാധിയുമായെത്തുന്ന രോഗികളുടെ വിവരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക, ഇതിന് സ്വകാര്യ ആശുപത്രികൾക്ക് കർശന നിർദേശം നൽകുക, പകർച്ചവ്യാധി പ്രതിരോധത്തിന് വ്യക്തി– പരിസര ശുചിത്വമെന്ന സന്ദേശത്തിന്റെ പ്രചാരണം, കേരള ട്രോമ കെയർ പോളിസി, മാതൃകാ ഫാർമസി, മരുന്ന് സംഭരണത്തിനുള്ള നിലവിലെ സംവിധാനങ്ങൾ വിപുലീകരിക്കുക, ചൈൽഡ് വെൽനസ് കേന്ദ്രങ്ങൾ സ്ഥാപിക്കുക, ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകൾ സബ്‌സിഡി നിരക്കിൽ നൽകുക തുടങ്ങി മേഖലയുടെ ജനകീയ വികസനത്തിനായി നിരവധി നിർദേശങ്ങളുണ്ടായി.
"ആരോഗ്യ രംഗത്തെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങള്‍' ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ അവതരിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ ഭാഗമായ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സംയുക്ത വെബ്‌സൈറ്റും മന്ത്രി ലോഞ്ച് ചെയ്‌തു. പാനൽ ചർച്ചകളിൽനിന്ന് ഉയർന്ന നിർദേശങ്ങൾ രേഖയാക്കി സർക്കാരിൽ സമർപ്പിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.









0 comments