ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ; വിഷൻ 2031 സെമിനാർ 18ന്

തിരുവനന്തപുരം : ഭാവികേരളത്തിന്റെ വികസനലക്ഷ്യങ്ങൾ രൂപപ്പെടുത്താനായുള്ള വിഷൻ 2031ന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ എന്ന പേരിലുള്ള സെമിനാര്‍ ഒക്ടോബര്‍ 18ന് കോട്ടയത്ത് നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹികനീതി മന്ത്രി ആർ ബിന്ദു. കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ ഉന്നതവിദ്യാഭ്യാസ വികസനത്തിന് വഴിയൊരുക്കാൻ, 'ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ' എന്നതിൽ കേന്ദ്രീകരിച്ചുള്ള സെമിനാർ മാമ്മൻ മാപ്പിള ഹാളിലാണ് നടക്കുക.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിഷ്കാരങ്ങളുടെ നാലര വർഷങ്ങളാണ് കടന്നുപോകുന്നത്. നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ കരിക്കുലവും സിലബസും സമയബന്ധിതമായി തയ്യാറാക്കി സംസ്ഥാനത്തെ സർവകലാശാലകളിൽ നടപ്പിലാക്കുക, പ്രവേശനപ്രക്രിയ കൃത്യമായി പൂർത്തീകരിക്കുക, പരീക്ഷകളുടെ നടത്തിപ്പും മൂല്യനിർണയവും ഫലപ്രഖ്യാപനവും കാലതാമസമില്ലാതെ നടപ്പാക്കുക, വിദ്യാർഥികളുമായി നേരിട്ടു ബന്ധപ്പെടുന്ന സർവകലാശാലയുടെ പ്രവർത്തനങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വേഗത്തിലാക്കുക, ബിരുദാനന്തര ബിരുദ കരിക്കുലവും ബിഎഡ് കരിക്കുലവും പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നിങ്ങനെയുള്ള, ഉന്നതവിദ്യാഭ്യാസ രംഗത്തെ കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള, പല തലങ്ങളിലുള്ള നടപടികളാണ് ഈ കാലഘട്ടത്തിൽ പൂർത്തീകരിച്ചത്.
കേരളത്തിന്റെ ഭാവി ഉന്നതവിദ്യാഭ്യാസരംഗം സാർവ്വദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ ഈ സർക്കാരിനുള്ള കാഴ്‌ചപ്പാട് വിഷൻ 2031ൽ അവതരിപ്പിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും അക്കാദമിക് നേതൃത്വവും ഭരണ നേതൃത്വവും സെമിനാറിൽ പങ്കാളികളാകും. സർവകലാശാലകൾക്ക് കീഴിലുള്ള മുഴുവൻ അഫിലിയേറ്റഡ് കോളേജുകളിലെയും പ്രിൻസിപ്പാൾമാർ സെമിനാറിലുണ്ടാവും. സെമിനാറിന് മുമ്പ് എല്ലാ കോളേജുകളിലും സർവകലാശാലകളിലും വിഷൻ 2031നെക്കുറിച്ച് പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുള്ള ചർച്ചകളുടെ സാരാംശവും നിർദ്ദേശങ്ങളും ഇവർ സെമിനാറിൽ അവതരിപ്പിക്കും. ഇതിനൊപ്പം, ഉന്നതവിദ്യാഭ്യാസ മേഖലയിൽ ദീർഘകാല പ്രവർത്തനപരിചയമുള്ള വിദഗ്ദ്ധരും അധ്യാപക-അനധ്യാപക-വിദ്യാർഥി-മാനേജ്‌മെന്റ് സംഘടനാപ്രതിനിധികളും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും മേധാവികളും അവരവരുടെ കാഴ്ചപ്പാടുകൾ മേഖലകൾ തിരിച്ച് അവതരിപ്പിക്കും. അവ കൂടി ക്രോഡീകരിച്ച് ഉന്നതവിദ്യാഭ്യാസ ഭാവിസമീപനരേഖയ്ക്ക് സമഗ്രരൂപം നൽകുകയാണ് സെമിനാർ ലക്ഷ്യമാക്കുന്നത്- മന്ത്രി വ്യക്തമാക്കി.
18ന് ശനിയാഴ്‌ച രാവിലെ 8.30ന് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും. 9.30ന് ഉദ്ഘാടന സെഷൻ തുടങ്ങും. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഭാവിസമീപന രേഖ അവതരിപ്പിക്കപ്പെട്ട ശേഷം വിഷയാധിഷ്ഠിതമായി എട്ടു മേഖലകൾ മേഖലകൾ തിരിച്ച് സാങ്കേതിക സെഷനുകൾ നടക്കും. ഉദ്ഘാടന സെഷൻ നടക്കുന്ന മാമ്മൻ മാപ്പിള ഹാളിനു പുറമെ, ബി സി എം കോളേജ്, ബസേലിയസ് കോളേജ് എന്നിവിടങ്ങളിലും സാങ്കേതിക സെഷനുകൾ നടക്കും.
Leading the Future: University Transformation & Governance (സർവ്വകലാശാല ഭരണവും പരിഷ്‌കരണങ്ങളും), The Digital Classroom: Technology and the Future of Learning (സാങ്കേതികവിദ്യയും ഭാവി പഠനവും), Empowering Educators: Curriculum, Pedagogy, and Faculty Development (പാഠ്യപദ്ധതി, ബോധനരീതി, അദ്ധ്യാപക പരിശീലനം), Kerala's Knowledge Economy: Research, Innovation, and Production (ഗവേഷണം, നവീനത്വം, ജ്ഞാനോത്പാദനം), Building Careers: Vocational, Skill, and Industry-Aligned Education (നൈപുണ്യവികസനവും തൊഴിലധിഷ്ഠിത പഠനവും), Kerala on the Global Stage: Internationalization and "Study in Kerala" (അന്താരാഷ്ട്രവത്കരണവും സ്റ്റഡി ഇൻ കേരള പദ്ധതിയും), Education for Society: Community Engagement and Value-Based Education (സാമൂഹിക ഇടപെടലുകളും ഉന്നതവിദ്യാഭ്യാസ മൂല്യങ്ങളും), Foundations of Excellence: Quality, Accreditation, and Infrastructure (ഗുണമേന്മ, അക്രഡിറ്റേഷൻ, പശ്ചാത്തലസൗകര്യ മികവ്) എന്നിങ്ങനെ എട്ടു മേഖലകൾ തിരിച്ചാണ് സാങ്കേതിക സെഷനുകൾ.
പ്രൊഫ. എൻ വി വർഗീസ്, പ്രൊഫ. സജി ഗോപിനാഥ്, പ്രൊഫ. രാജൻ ഗുരുക്കൾ, പ്രൊഫ. എം വി നാരായണൻ, പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പ്രൊഫ. എം കെ ജയരാജ്, പ്രൊഫ. ഗംഗൻ പ്രതാപ്, പ്രൊഫ. അലക്‌സ് ജെയിംസ്, പ്രൊഫ. ആർ രാംകുമാർ, പ്രൊഫ. മോഹൻ ബി മേനോൻ, ഡോ. ജയപ്രകാശ്, ഡോ. ആർ രാജശ്രീ, പ്രൊഫ, ബി അനന്തകൃഷ്ണൻ, ഡോ. അഭിലാഷ് പിള്ള, ഡോ. കെ എം അനിൽ, പ്രൊഫ. കെ സി ജെയിംസ് രാജു, പ്രൊഫ. കെ എം അജിത്ത്, പ്രൊഫ. ജിജു പി അലക്‌സ്, പ്രൊഫ. ജയചന്ദ്രൻ, പ്രൊഫ. കെ പി മോഹനൻ, പ്രൊഫ. വാണി കേസരി, ഡോ. രവി രാമൻ, ഡോ. ജഗതി രാജ്, ഡോ. രാജൻ വറുഗീസ് തുടങ്ങിയവർ സാങ്കേതിക സെഷനുകളിൽ ചർച്ചകൾ നയിക്കും. വിദഗ്ദ്ധർ ഓരോ സെഷനുകളിലും ചർച്ച നയിക്കാൻ ഉണ്ടാകും.









0 comments