വിഷു ഈസ്റ്റർ സഹകരണ വിപണി 12 മുതൽ 21 വരെ

കൊച്ചി : കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന വിഷു ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാന ഉദ്ഘാടനം വെള്ളിയാഴ്‌ച തിരുവനന്തപുരത്ത് സഹകരണമന്ത്രി വി എൻ വാസവൻ നിർവഹിക്കുമെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ അഡ്വ. പി എം ഇസ്‌മയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 12 മുതൽ 21 വരെയാണ് വിഷു–-ഈസ്റ്റർ സബ്സിഡി വിപണി സജ്ജീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ആദ്യവിൽപ്പന നടത്തും. ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും. എറണാകുളം ജില്ലാ വിപണി ഗാന്ധിനഗറിലെ സ്‌റ്റോറിൽ 12ന് രാവിലെ 10ന് മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.
ത്രിവേണി സൂപ്പർമാർക്കറ്റുകൾ, 14 ജില്ലാ കേന്ദ്രങ്ങൾ ഉൾപ്പെടെ 170 വിപണന കേന്ദ്രങ്ങളുണ്ടാകും. ആന്ധ്ര അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 ഇനങ്ങളാണ് സബ്സിഡി നിരക്കിൽ ലഭ്യമാകുന്നത്. സബ്സിഡി ഇനങ്ങൾക്ക് പുറമേ ത്രിവേണി തേയില, ബിരിയാണി അരി, ഡാൽഡ, ആട്ട, മൈദ, റവ, അരിപ്പൊടികൾ, സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള എന്നിവ ഉൾപ്പെടെ മറ്റ് അവശ്യസാധനങ്ങളും പ്രത്യേകം വിലക്കുറവിൽ ലഭ്യമാകും.
സബ്സിഡി ഇനങ്ങൾക്ക് പൊതുമാർക്കറ്റിനേക്കാൾ ഏകദേശം 40 ശതമാനംവരെ വിലക്കിഴിവ് ലഭ്യമാകും. മറ്റ് അവശ്യ നിത്യോപയോഗ സാധനങ്ങൾ 10 മുതൽ 35 ശതമാനംവരെ വിലക്കുറവിലും ലഭിക്കും. പൊതുവിപണിയിൽ ഏകദേശം 1605 രൂപ വിലമതിക്കുന്ന ഉൽപ്പന്നങ്ങൾ 1136 രൂപയ്‌ക്ക് കിട്ടും. വിഷു–-ഈസ്റ്റർ വിപണിയിൽ കൺസ്യൂമർഫെഡ് 50 കോടിയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. മാനേജിങ് ഡയറക്ടർ എം സലിമും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments