print edition വെര്‍ച്വല്‍ അറസ്റ്റ്: എറണാകുളത്തെ 
ഡോക്ടറിൽനിന്ന്‌ 1.30 കോടി തട്ടി ; 1.06 കോടി തിരിച്ചുപിടിച്ച് സൈബർ പൊലീസ്

cyber crime
വെബ് ഡെസ്ക്

Published on Nov 07, 2025, 02:44 AM | 1 min read


കൊച്ചി

സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന എറണാകുളത്തെ ഡോക്ടറിൽനിന്ന്‌ വെർച്വൽ അറസ്‌റ്റിലൂടെ 1.30 കോടി രൂപ തട്ടിയെടുത്തു. പൊലീസ് സൈബര്‍ വിഭാഗത്തിന്റെ അന്വേഷണത്തില്‍, 1.06 കോടി രൂപ തിരികെ പിടിച്ചു. തട്ടിപ്പ്‌ തിരിച്ചറിഞ്ഞതോടെ ഡോക്ടർ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930ല്‍ പരാതിപ്പെടുകയായിരുന്നു. തുടർന്ന്‌ എറണാകുളം സൈബർ ക്രൈം പൊലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തു. ദേവിലാൽ സിങ്, പ്രണവ്‌ ദയാൽ, തിരിച്ചറിയാത്ത മൂന്നാമത്തെയാൾ എന്നിവർക്കെതിരെയാണ്‌ കേസെടുത്തത്‌.


ചാത്യാത്ത്‌ റോഡിൽ താമസിക്കുന്ന എൺപത്തൊന്നുകാരനായ ഡോക്ടർ നവംബർ ഒന്നുമുതലാണ്‌ തട്ടിപ്പിന്‌ ഇരയായത്‌. ഡോക്ടറുടെ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച്‌ ക്രിമിനൽ കുറ്റങ്ങൾ നടന്നിട്ടുണ്ടെന്ന്‌ വിളിച്ചയാൾ പറഞ്ഞു. ഇ‍ൗ കേസുകളിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതായും സിബിഐ ഉദ്യോഗസ്ഥനെന്ന്‌ പരിചയപ്പെടുത്തിയയാൾ പറഞ്ഞു. തുടര്‍ന്ന് വീഡിയോ കോളിലെത്തി വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ച് 48 മണിക്കൂറോളം അദ്ദേഹത്തെ തടഞ്ഞുവച്ചു. പണത്തിന്റെ ഉറവിടം മനസ്സിലാക്കുന്നതിന്‌ 1.30 കോടി രൂപ അയച്ചുനൽകണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ ഡോക്ടർ നാലിന്‌ ആർടിജിഎസ്‌ വഴി പണം അയച്ചു. വിവരം പുറത്തുപറഞ്ഞാൽ ഫോട്ടോയും വിവരങ്ങളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി‍യിരുന്നു.


​സുവർണ മണിക്കൂർ 
പ്രധാനം

തട്ടിപ്പ് നടന്നതിനുപിന്നാലെ ‘സുവർണ മണിക്കൂറിൽ’(ആദ്യ ഒരു മണിക്കൂർ) പൊലീസിൽ പരാതിപ്പെട്ടവരുടെ പണം വേഗത്തിൽ തിരിച്ചുപിടിക്കാനാകും. തട്ടിപ്പുരീതികൾക്കെതിരെ പൊലീസും സൈബർഡിവിഷനും നിരന്തരം ബോധവൽക്കരണം നടത്തുന്നുണ്ടെങ്കിലും പരാതികൾ ലഭിക്കുന്നത് വൈകിയാണ്. തട്ടിപ്പിനിരയായവർ എത്രയുംവേഗം വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കണം. www.cybercrime.gov.in വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം. മുതിര്‍ന്ന പൗരരെ കേന്ദ്രീകരിച്ചാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നത്. ഈ വർഷം ഇതുവരെ നഷ്ടമായ 250 കോടിയോളം രൂപ സൈബർ പൊലീസ് തിരിച്ചുപിടിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home