1.5 ലക്ഷം രൂപ കൈക്കൂലി: റിട്ടയേർഡ് ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ

retired teacher bribe case
വെബ് ഡെസ്ക്

Published on Jun 07, 2025, 06:06 PM | 2 min read

കൊച്ചി: അധ്യാപകരിൽ നിന്ന് ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ. കോഴിക്കോട് വടകര സ്വദേശി കെ പി വിജയനെയാണ് വിജിലൻസ് ശനിയാഴ്ച കയ്യോടെ പിടികൂടിയത്. കോട്ടയം പാലായിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകരിൽ നിന്നാണ് വിജയൻ കൈക്കൂലി വാങ്ങിയത്. കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് അധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്തി നൽകാമെന്ന് വാ​ഗ്ദാനം നൽകി സെക്രട്ടേറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകാനാണെന്നും പറഞ്ഞാണ് വിജയൻ കൈക്കൂലി ആവശ്യപ്പെട്ടത്.


അധ്യാപകരുടെ പുനർ നിയമനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച ഫയൽ നടപടി ക്രമങ്ങൾ തിരുവനന്തപുരം സെക്രട്ടേറിയേറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ നടന്നുവരികയാണ്. ഏപ്രിലിൽ സെക്രട്ടേറിയേറ്റിൽ നിന്നാണെന്ന് പറഞ്ഞ് ഏജന്റായ വിജയൻ ഒരു അധ്യാപകനെ ഫോണിൽ വിളിച്ച് മറ്റ് രണ്ട് അധ്യാപകരെയും കൂട്ടി തിരുവനന്തപുരത്തെത്താൻ പറയുകയായിരുന്നു. തുടർന്ന് സെക്രട്ടേറിയറ്റിൽ പോകുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്ന അധ്യാപകർ കോട്ടയം പാലാ സ്വദേശിയും അധ്യാപക സംഘടനാ നേതാവുമായ പരാതിക്കാരനെ ഫയലുകൾ ശരിയാക്കുന്നതിന് ചുമതലപ്പെടുത്തുകയായിരുന്നു.


തുടർന്ന് സെക്രട്ടേറിയേറ്റിന് സമീപം എത്തി വിജയനെ നേരിൽ കണ്ടപ്പോൾ ഫയലിൽ പ്രശ്നങ്ങളുണ്ടെന്നും കാലതാമസമില്ലാതെ ഫയൽ ശരിയാക്കുന്നതിന് പണചിലവുണ്ടെന്നുമാണ് പറഞ്ഞത്. സെക്രട്ടേറിയറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ഉദ്യോഗസ്ഥർക്ക് നൽകാൻ 1.5 ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് പറയുകയും ചെയ്തു. മെയ് 31ന് തിരുവനന്തപുരത്തെത്തി 1.5 ലക്ഷം രൂപ കൈക്കൂലി നൽകണമെന്നും അറിയിച്ചു.


പിന്നീട് ഫയലിന്റെ വിവരം തിരക്കാൻ തിരുവനന്തപുരത്തെത്തിയ പരാതിക്കാരനെ തൈക്കാടുള്ള കോർട്ടേഴ്സിന് സമീപം വിളിച്ച് വരുത്തി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനെന്നു പറഞ്ഞയാൾ പുനർ നിയമനം ക്രമപ്പെടുത്തിയ ഉത്തരവിന്റെ പകർപ്പ് നൽകുകയും നിയമന ഉത്തരവ് കാലതാമസം കൂടാതെ ശരിയാക്കിയതിന് കൈക്കൂലി ഏജന്റായ വിജയനെ ഏൽപ്പിക്കണമെന്നും പറഞ്ഞു. തുടർന്ന് പല പ്രാവശ്യം വിജയൻ പരാതിക്കാരനെ ഫോണിൽ വിളിക്കുകയും ജൂൺ ഏഴിന് എറണാകുളം എ ജി ഓഫീസിന് സമീപം വച്ച് പണം നൽകണമെന്നും ആവശ്യപ്പെട്ടു. ഇതോടെ അധ്യാപകർ ഈ വിവരം കോട്ടയം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.


ശനിയാഴ്ച ഉച്ച 1.50ന് എറണാകുളം ഹൈകോർട്ട് ജംഗ്ഷനിലെ വാട്ടർ മെട്രോ സ്റ്റേഷന് സമീപം വച്ച് പരാതിക്കാരനിൽ നിന്നും ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങവേ വിജയനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. വിജയന്റെ കോഴിക്കോട് വടകര തോടന്നൂർ കീഴൽ എന്ന സ്ഥലത്തുള്ള വീട്ടിൽ വിജിലൻസ് സംഘം സെർച്ച് നടത്തുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.


പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് അഭ്യർത്ഥിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home