അതൊരു' മല കയറ്റം' തന്നെയായിരുന്നു; അധ്യാപകനായിരുന്ന ഷാജി എൻ കരുണിനെ വിധു വിൻസന്റ് ഓർക്കുന്നു

മലയാള സിനിമയിൽ പുരോഗമന ആശയങ്ങളുടെ ശബ്ദമായിരുന്നു ഷാജി എൻ കരുൺ. ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തുകയും മലയാളിയുടെ യശസുയർത്തുകയും ചെയ്ത ചലച്ചിത്രകാരൻ. ഷാജി എൻ കരുണിന്റെ വിയോഗത്തിൽ സംവിധായക വിധു വിൻസന്റ് എഴുതുന്നു...
"ഷാജി സാർ എന്റെ അദ്ധ്യാപകനായിരുന്നു. സിഡിറ്റിൽ, ഡിഎസ്ഡിസി വിദ്യാർഥിയായിരിക്കുന്ന കാലത്ത് ഫിലിം മെയ്ക്കിംഗിന്റെ Aesthetics ആയിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്നത്. പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുക. എന്താണ് പറയുന്നതെന്ന് വ്യക്തമായി കേൾക്കണമെങ്കിൽ ക്ലാസ്സിന്റെ മുൻ നിരയിൽ ഇരുന്നാൽപോരാ.. തലയും ചെവിയും കൂർപ്പിച്ചിരിക്കണം. അദ്ദേഹത്തിന്റെ ചുണ്ടുകൾ ചലിക്കുന്നത് വായിക്കാൻ പറ്റണം, ഒപ്പം കണ്ണിന്റെ ചലനവും പിടിക്കണം.
സാറ് പ്രസംഗിക്കുമ്പോഴും സംസാരിക്കുമ്പോഴും ഒക്കെ പൊതുവിൽ ഇങ്ങനെയാണ്. ഇത് കുറച്ച് പരിചയമായി കഴിഞ്ഞാൽ പിന്നെ പ്രശ്നമില്ല. നമ്മുടെ കാതുകളിലേക്കെത്തുന്ന ശബ്ദം കുറവാണെങ്കിലും ചുണ്ടുകളുടെ ചലനം വച്ച് കാര്യം ഗ്രഹിക്കാൻ പറ്റും. സാർ സംസാരിക്കുമ്പോ മുഴുവൻ മനസിലാക്കണമെന്ന് നിർബന്ധമുണ്ടായിരുന്നവർക്ക് ഇതൊരു' മല കയറ്റം' തന്നെയായിരുന്നു. ഞാനും പലപ്പോഴും ആ' കയറ്റം' അനുഭവിച്ചിട്ടുണ്ട്.
സർഗാത്മകമായി, അതേസമയം ലാവണ്യത്തോടെയും ചരിത്രപരമായും സിനിമ എന്ന മാധ്യമത്തെ കാണാൻ ശ്രമിച്ചിട്ടുള്ള ഗൗരവപ്പെട്ട ചലച്ചിത്ര സംവിധായകരിൽ നിന്നും ഷാജി സാറിനെ സവിശേഷമാക്കിയിരുന്ന ഒരു ഘടകം അദ്ദേഹം സിനിമയെ തത്വചിന്താപരമായി കൂടി അപഗ്രഥിക്കാറുണ്ട് എന്നതാണ്. 'കാഴ്ച' ഉണ്ടാക്കുന്ന ചിന്തയെയും ചിന്ത ഉണ്ടാക്കുന്ന കാഴ്ചയെയും പറ്റി, അതിന്റെ പരസ്പര പൂരകത്വത്തെ പറ്റി, അതിനുള്ളിലെ വ്യവഹാര സാധ്യതകളെ പറ്റിയൊക്കെ ഇത്രമേൽ ആലോചിച്ചിരുന്ന ഒരു ചലച്ചിത്രകാരൻ നമ്മുടെ രാജ്യത്ത് വേറെ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്(ഒരു പക്ഷേ ഘട്ടകിനെ പോലുള്ളവർക്ക് അങ്ങനെ കഴിഞ്ഞിട്ടുണ്ടാകാം).
സിനിമയെ ഒരു ദാർശനിക മാധ്യമം എന്ന നിലയിൽ കൂടിയാണ് അദ്ദേഹം കാണാൻ ശ്രമിച്ചത്. മനുഷ്യ ജീവിതത്തിന്റെ അഗാധമായ അർത്ഥതലങ്ങളെ അന്വേഷിക്കുന്ന ഒരു കലാരൂപമായ് സിനിമയെ കാണുക. സിനിമയിലെ കാഴ്ചകൾ, ശബ്ദങ്ങൾ, ചലനങൾ എന്നിവയിലൂടെ ജീവിതത്തിന്റെ യാഥാർത്ഥ്യങളെ അന്വേഷിക്കാമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. സിനിമയും തത്വചിന്തയും തമ്മിൽ ഒരു സംവാദം സൃഷ്ടിക്കാൻ അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്.
എന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി കെഎസ്എഫ്ഡിസിയുമായി ബന്ധപ്പെട്ട പല ചർച്ചകളിലും ഇരിക്കേണ്ടി വന്നപ്പോഴെല്ലാം ആ ചർച്ചകളെ വെറും ടെക്നിക്കൽ ഡിസ്കഷന് അപ്പുറമുള്ള മാനത്തിലേക്ക് അദ്ദേഹം ഉയർത്തിവിടുന്നത് അദ്ഭുതത്തോടെ കണ്ടിരുന്നിട്ടുണ്ട്. പ്രായവും ആരോഗ്യവും തളർത്തിയപ്പോഴും സിനിമ എന്ന മാധ്യമത്തിന്റെ ഭാവിയെക്കുറിച്ചും സാങ്കേതികതയും സർഗാത്മകതയും അതിരുകളില്ലാതെ ഇടകലരാൻ തുടങ്ങിയതിനെ കുറിച്ചും ഒക്കെ ഉത്കണ്ഠയോടെയും അതേ സമയം പ്രതീക്ഷയോടെയും സംസാരിച്ചിരുന്നു.
ലേശം പിടിവാശികളും കാർക്കശ്യവും ഒക്കെയുള്ള ഹെഡ് മാസ്റ്ററും ആകുമായിരുന്നു അദ്ദേഹം ചിലപ്പോഴെങ്കിലും. തന്റെ മാർഗ്ഗത്തെ കുറിച്ച് അത്രമേൽ ബോധ്യമുള്ളതിനാൽ കൂടിയാണ് ഈ പിടിവാശിയെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർ പോലും വൈകിയാണ് മനസിലാക്കുക. ഷാജി സാറിനെ മനസിലാവുക ആർക്കും അത്ര എളുപ്പമല്ല. അദ്ദേഹത്തിന്റെ ചിന്തകളോട് സംവദിക്കാൻ കഴിയുന്ന മിനിമം തരംഗദൈർഘ്യം ഉള്ളവർക്കേ അദ്ദേഹത്തെ ശരിക്കും മനസിലായിട്ടുണ്ടാവുള്ളൂ. ഇതിനാൽ തന്നെ അദ്ദേഹം ഒരുപാട് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിരുന്നു.
സിനിമയ്ക്കപ്പുറമുള്ള ഒരു തലത്തിലേക്ക് ആ മാധ്യമത്തെ ഉയർത്താൻ ശ്രമിച്ച ഒരു ചലച്ചിത്രകാരൻ വിട പറയുമ്പോൾ അദ്ദേഹം സ്വപ്നം കണ്ടിരുന്ന സങ്കല്പങ്ങളും പദ്ധതികളും പാതിവഴിയിൽ മുടങ്ങി പോകാതിരിക്കട്ടെ, അതിന്റെ തുടർച്ച ഉറപ്പു വരുത്താനുള്ള ജാഗ്രത പിന്നാലെ വരുന്നവർക്ക് ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു" -വിധു വിൻസന്റ് ഫേസ്ബുക്കിൽ കുറിച്ചു.









0 comments