കേരള സർവകലാശാല രജിസ്ട്രാർക്കെതിരെ പ്രതികാര നടപടി; സസ്പെൻഡ് ചെയ്ത് വി സി

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ആർഎസ്എസ് ചിത്രം പ്രദർശിപ്പിച്ചതിനെതിരെ നിലപാടെടുത്തതിൽ രജിസ്ട്രാർക്കെതിരെ പ്രതികാര നടപടിയുമായി വൈസ് ചാൻസലർ. രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത് വൈസ് ചാൻസലർ മോഹനൻ കുന്നമ്മൽ ഉത്തരവിറക്കി. രജിസ്ട്രാർക്ക് വീഴ്ചയുണ്ടായെന്ന് ഉത്തരവിൽ ആരോപിക്കുന്നു. വേദിയിൽ ഉപയോഗിച്ച മതചിഹ്നം ഏതാണെന്ന് വ്യക്തമല്ലെന്ന വിചിത്രവാദവും വി സിയുടെ ഉത്തരവിലുണ്ട്. ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനാണ് പകരം ചുമതല.
എന്നാൽ രജിസ്ട്രാർക്കെതിരെ നടപടി സ്വീകരിക്കാൻ വി സിക്ക് നിയമപരമായി അധികാരമില്ലെന്ന് സിൻഡിക്കറ്റ് അംഗം ഡോ. ഷിജുഖാൻ പറഞ്ഞു. സെനറ്റ് ഹാൾ ദുരുപയോഗപ്പെടുത്തിയതിനെതിരെയാണ് രജിസ്ട്രാർ നടപടിയെടുത്തത്. സിൻഡിക്കറ്റ് ഇത്തരം നിലപാടുകള്‍ക്കെതിരെ പ്രതിഷേധിക്കുമെന്നും ഷിജുഖാൻ പ്രതികരിച്ചു.
ഗവർണറുടെ സമ്മർദത്തിന് വഴങ്ങിയാണ് ആർഎസ്എസ് സംഘടനയ്ക്ക് അനുകൂലമായി വി സി ഉത്തരവിറക്കിയിരിക്കുന്നത്. സെനറ്റ് ഹാളിലുണ്ടായിരുന്ന കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം മതപരമായ ചിഹ്നമല്ലെന്ന് സ്ഥാപിക്കാനാണ് വി സിയുടെ ശ്രമം. ഭാരതാംബ എന്ന പരാമർശം രജിസ്ട്രാറുടെ റിപ്പോർട്ടിൽ ഇല്ലാതെയിരുന്നിട്ടും അങ്ങനെയൊരു പരാമർശം കൂട്ടിച്ചേർത്ത് തെറ്റിദ്ധാരണ പരത്തുകയാണ് വി സി. പരിപാടിയുടെ സംഘാടകരായ പത്മനാഭ സേവാസമിതി മനഃപൂർവം സംഘർഷം സൃഷ്ടിക്കാനാണ് ചിത്രം സെനറ്റ് ഹാളിലേക്ക് എത്തിച്ചതെന്നും ആരോപണമുണ്ട്.
സെനറ്റ് ഹാളിലെ ചിത്രം സംഘർഷത്തിന് കാരണമാകുമെന്നും അതിനാൽ മാറ്റണമെന്നുമാണ് രജിസ്ട്രാർ നിർദേശിച്ചത്. ഈ വിഷയം ഗവർണറെയും വിസിയെയും ഫോണിലൂടെ അറിയിച്ചു. റിപ്പോർട്ട് രേഖാമൂലം നൽകാൻ വൈകിയെന്നതാണ് രജിസ്ട്രാർക്കെതിരെയുള്ള ആരോപണം.









0 comments