"ചുറ്റികയാകുമ്പോൾ എവിടെയും കൊണ്ടുപോകാമല്ലോ'; കൂസലില്ലാതെ അഫാൻ

AFFAN
വെബ് ഡെസ്ക്

Published on Mar 08, 2025, 08:09 AM | 1 min read

തിരുവനന്തപുരം: ചുറ്റികയാകുമ്പോൾ എവിടെയും കൊണ്ടുപോകാമെന്നും ആർക്കും സംശയം തോന്നില്ലെന്നും ചോദ്യം ചെയ്യലിനിടെ അഫാൻ പൊലീസ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. ശക്തിയായി അടിച്ചാൽ ആൾ മരണപ്പെടുമെന്ന് തനിക്ക് പൂർണ ബോധ്യമുണ്ടായിരുന്നതായും പ്രതി മൊഴി നൽകി. പലപ്പോഴും കുറ്റബോധമോ ഭാവവ്യത്യാസമോ ഇല്ലാതെയാണ് അഫാൻ പെരുമാറുന്നതെന്നും പൊലീസ് പറഞ്ഞു.


വെള്ളിയാഴ്ച ഊണ് കഴിക്കുമ്പോൾ മീൻ കറിയില്ലേയെന്നും അഫാൻ പൊലീസിനോട് ചോദിച്ചു. അതേസമയം പറയുന്ന പലകാര്യങ്ങളും പരസ്പരവിരുദ്ധമാണ്‌. സാമ്പത്തിക ബാധ്യത സംബന്ധിച്ച് അഫാനും പിതാവും മാതാവ് ഷെമിയും പറയുന്നതും പരസ്പരവിരുദ്ധമാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസ് കൂടുതൽ തെളിവ് ശേഖരിക്കും.


കുടുംബം കടബാധ്യതയിൽ മുങ്ങിനിൽക്കുമ്പോൾ പിതൃമാതാവിനോട്‌ സാമ്പത്തിക സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇവരുടെ കൈവശം രണ്ട് സ്വർണമാല ഉണ്ടായിരുന്നെന്നും പിന്നീട് ഒന്ന്‌ കാണാതായെന്നും അഫാൻ പറഞ്ഞു. ബന്ധുവായ മറ്റൊരാൾക്ക്‌ മാല കൊടുത്തെന്നു മനസ്സിലായതോടെ വൈരാഗ്യം തോന്നിയെന്നുമാണ് അഫാൻ കഴിഞ്ഞദിവസം പറഞ്ഞത്. മാതാവ്‌ ഷെമിയെയാണ് ആദ്യം ആക്രമിച്ചതെന്നും അവർ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ ആക്രമിച്ചതെന്നും അഫാൻ നേരത്തേ മൊഴി നൽകിയിരുന്നു.


കുഴഞ്ഞുവീണത് 
അഫാന്റെ 
നാടകമെന്ന് 
പൊലീസ്


വെഞ്ഞാറമൂട്‌ കൂട്ടകൊലക്കേസ് പ്രതി അഫാൻ കുഴഞ്ഞുവീണത് നാടകമെന്ന നി​ഗമനത്തിൽ പൊലീസ്. വെള്ളി രാവിലെ 6.30നാണ് ലോക്കപ്പിനുള്ളിലെ ശുചിമുറിയിൽ പോകുമ്പോൾ അഫാൻ കുഴഞ്ഞുവീണത്. ലോക്കപ്പിൽനിന്ന് മൂന്നടിയോളം ഉയരമുള്ളതാണ് ശുചിമുറി. അതിന് മുകളിൽ കയറിയ അഫാൻ പെട്ടെന്ന് താഴെ വീഴുകയായിരുന്നു.ഉടൻ കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടില്ലെന്നും രക്തസമ്മ‍ർദം സാധാരണ നിലയിലാണെന്നും പൊലീസ് പറഞ്ഞു. സ്റ്റേഷനിലെ ശുചിമുറി ഉപയോ​ഗിക്കാൻ പ്രയാസമാണെന്നാണ് അഫാൻ ഡോക്ടറോട് പറഞ്ഞത്. തലകറക്കത്തിനുള്ള ഗുളികയും ഒആർഎസ് ലായനിയും മാത്രമാണ് അഫാന് നൽകിയത്. തെളിവെടുപ്പ് നീട്ടിവയ്ക്കാൻ അഫാൻ കുഴഞ്ഞുവീണതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home