വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ ചുറ്റിക വാങ്ങിയ കടയിൽ അടക്കം എത്തിച്ച് തെളിവെടുപ്പ്

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാനുമായി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ വെഞ്ഞാറമൂടിലെ കടയിൽ പ്രതിയെ എത്തിച്ചു. കടയുടമ അഫാനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഫാൻ കൊലപ്പെടുത്തിയ പിതൃമാതാവ് സൽമാ ബിവിയുടെ മാല പണയംവെച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. വൻ പൊലീസ് സുരക്ഷയിൽ ആണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
ഇന്നലെ വൈകിട്ട് അഞ്ചിന് കൊല ചെയ്യപ്പെട്ട പിതൃമാതാവ് സൽമാ ബിവിയുടെ വീട്ടിലും പേരുമലയിലെ സ്വന്തം വീട്ടിലും അഫാനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സൽമാബീവിയെ കൊല ചെയ്ത സ്ഥലവും ചുറ്റിക കൊണ്ടടിച്ച രീതിയും നിർവികാരനായി പ്രതി പൊലീസിനോട് വിവരിച്ചു. ശേഷം പ്രതി പോയ പേരുമലയിലെ സ്വന്തം വീട്ടിലേക്കാണ് കൊണ്ടുപോയത്. ഇവിടെ തിരികെ എത്തി വസ്ത്രം മാറിയശേഷമാണ് സൽമാബിവിയിൽനിന്ന് മോഷ്ടിച്ച മാല പണയം വയ്ക്കാൻ പോയത്.
കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും. സൽമാ ബിവിയുടെ കൊലപാതകത്തെ തുടർന്ന് പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൻമേലുള്ള അറസ്റ്റും കസ്റ്റഡിയിൽ വാങ്ങലും തെളിവെടുപ്പുമാണ് നടന്നത്. പ്രതിയുടെ സഹോദരൻ അഫ്സാൻ, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, പെൺസുഹൃത്ത് ഫർസാന എന്നിവരുടെ കൊലപാതകത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം കസ്റ്റഡി അപേക്ഷ നൽകി. ശനിയാഴ്‌ച ജയിലിൽ എത്തുന്ന പ്രതിയെ തിങ്കളാഴ്ച വീണ്ടും കസ്റ്റഡിയിൽ വാങ്ങും.









0 comments