വെഞ്ഞാറമൂട് കൂട്ടക്കൊല: ലത്തീഫിനെ കൊന്നിട്ടും പക തീർന്നിരുന്നില്ലെന്ന് അഫാൻ

വെഞ്ഞാറമൂട്: കൂട്ടക്കൊല കേസിലെ പ്രതി അഫാനെ പൊലീസ് വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന അഫാനെ തിങ്കളാഴ്ചയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ചോദ്യം ചെയ്യലിനുശേഷം ചൊവ്വ രാവിലെ കിളിമാനൂർ എസ്എച്ച്ഒ ബി ജയന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് ആരംഭിച്ചു. ചുള്ളാളം എസ് എൻ പുരത്തുള്ള അബ്ദുൽ ലത്തീഫിന്റെ വീട്ടിലാണ് ആദ്യമെത്തിച്ചത്. ഇരു കൊലപാതകങ്ങളുടെയും രീതി അഫാൻ വിശദീകരിച്ചു.
കൊലപാതകത്തിനുശേഷം മടങ്ങിവരുംവഴി 200 മീറ്റർ മാറി, റോഡരികിലെ ആൾപ്പാർപ്പില്ലാത്ത പുരയിടത്തിൽ ലത്തീഫിന്റെ മൊബൈലും കാറിന്റെ താക്കോലും വലിച്ചെറിഞ്ഞെന്ന് അഫാൻ പറഞ്ഞിരുന്നു. ഈ പുരയിടത്തിലായിരുന്നു അടുത്ത തിരച്ചിൽ. ഒരു മണിക്കൂറോളം മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായി നടത്തിയ തിരച്ചിലിൽ കരിയിലകൾക്കിടയിൽനിന്ന് ഫോണും താക്കോലും കണ്ടെത്താനായി.
ലത്തീഫിനെ കൊന്നിട്ടും പക തീരാത്തതിനാലാണ് അയാളുടെ മൊബൈൽഫോണും കാറിന്റെ താക്കോലും വലിച്ചെറിഞ്ഞതെന്ന് അഫാൻ പറഞ്ഞു. തുടർന്ന് പേരുമലയിലുള്ള അഫാന്റെ വീട്, ആത്മഹത്യ ലക്ഷ്യം വച്ച് അഫാൻ എലിവിഷം വാങ്ങിച്ച നാഗരുകുഴിയിലുള്ള സ്‌റ്റേഷനറിക്കട, മുളകുപൊടി, കുപ്പിവെള്ളം, സിഗരറ്റ് എന്നിവ വാങ്ങിയ കട, കൊലയ്ക്കുപയോഗിച്ച ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട്ടിലെ ഹാർഡ് വെയർ കട, ചുറ്റിക ഒളിപ്പിക്കാൻ ബാഗ് വാങ്ങിയ കട എന്നിവിടങ്ങളിലുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇതിന് ശേഷം കിളിമാനൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്‌ച അനുജൻ അഫ്‌സാൻ, സുഹൃത്ത് ഫർസാന എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പിന് അഫാനെ വിട്ടുകിട്ടാൻ കോടതിയിൽ വീണ്ടും അപേക്ഷനൽകും.









0 comments