വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അച്ഛന്റെ അമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യ അറസ്റ്റ്. അഫാന്റെ മുത്തശ്ശി സൽമാ ബീവി താമസിച്ചിരുന്നത് പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു. പാങ്ങോട് സി ഐ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി മൊഴി എടുത്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഫാനെ ഇന്ന് നെടുമ്മങ്ങാട് കോടതിയിൽ ഹാജരാക്കും.
അഫാന്റെ ആരോഗ്യ നില സംബന്ധിച്ചുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഇന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കൈമാറും. റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അഫാനെ ഡിസ്ചാർജ് ചെയ്യുക. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കും എന്നാണ് വിവരം. എന്നാൽ റിപ്പോർട്ടിൽ ഡിസ്ചർജ് ശുപാർശ ചെയ്യുന്നില്ലെങ്കിൽ മജിസ്ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് അഫാനെ റിമാൻഡിൽ വാങ്ങാനുള്ള നടപടികളെടുക്കും. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
അതേസമയം കേസിലെ ചുരുളഴിക്കാനായി കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷകസംഘം ശ്രമം തുടങ്ങി. ഇളയ സഹോദരനെയും പെൺസുഹൃത്തിനെയും ഉൾപ്പെടെ അഞ്ചു പേരെ അഫാൻ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതിനു പിന്നിൽ കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾതന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണം. സാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയ പരിശോധനകളുടെ സഹായത്തോടെ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. മറ്റ് ലഹരി പദാർഥങ്ങളൊന്നും പ്രതി ഉപയോഗിച്ചിരുന്നില്ല എന്നാണ് വിവരം.
ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെയും അമ്മ ഷെമിയെയും ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. ക്രൂരകൃത്യത്തിലേക്ക് അഫാനെ നയിച്ച കാരണങ്ങൾ കണ്ടെത്താൻ ചികിത്സയിലുള്ള ഷെമിക്ക് കഴിയുമെന്നാണ് അന്വേഷകസംഘം വിശ്വസിക്കുന്നത്. അഫാന്റെ സുഹൃത്ത് ഫർസാനയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയും അന്വേഷകസംഘം ശേഖരിച്ചു. അഫാന്റെ ബന്ധുക്കളുടെ മൊഴിയും എടുക്കുന്നുണ്ട്. അഫാന്റെയും അമ്മ ഷെമിയുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറി. പ്രതി അഫാൻ സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുകയാണ്. പ്രതി കൃത്യം നടത്താൻ പോയത് മൊബൈൽ ഫോൺ ഉപയോഗിച്ചാണെങ്കിൽ കൃത്യമായ റൂട്ട് മാപ്പ് ലഭ്യമാകും. അതല്ലെങ്കിൽ പ്രതിയുടെ സാന്നിധ്യം തെളിയിക്കുന്നവ കൂടുതൽ ശേഖരിക്കേണ്ടിവരും.









0 comments