വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനുമായി തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട പിതൃമാതാവ് സൽമാബിവിയുടെ വീട്ടിലാണ് ആദ്യം തെളിവെടുപ്പിനെത്തിച്ചത്. തുടർന്ന് വെഞ്ഞാറമൂട്ടിലെ അഫാന്റെ വീട്ടിലും തെളിവെടുപ്പിനായി കൊണ്ടുവന്നു. കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ്.
മൂന്ന് കേസിലാണ് അഫാൻറെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പിതൃമാതാവ് സൽമാബിവി, സുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 14നാണ് വെഞ്ഞാറമൂട്ടിൽ സഹോദരനടക്കം അഞ്ചുപേരെ വെട്ടിക്കൊന്ന് അഫാൻ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്.അഫാൻ മൂന്നു സ്ഥലങ്ങളിലായാണ് കൊലപാതകം നടത്തിയത്. തിങ്കൾ പകലാണ് തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്.
അഫാന്റെ സഹോദരൻ അഫ്‌സാൻ (13), ബാപ്പയുടെ സഹോദരൻ പുല്ലമ്പാറ എസ്‌എൻ പുരം ആലമുക്കിൽ ലത്തീഫ് (69), ഭാര്യ സജിതാ ബീവി(59), ബാപ്പയുടെ ഉമ്മ സൽമാബീവി (92), അഫാന്റെ സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ഫർസാന (19) എന്നിവരാണ് കൊല്ലപ്പെട്ടത്. അഫാന്റെ ഉമ്മ ഷെമിക്കും (40) വെട്ടേറ്റു. ഷെമി തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.









0 comments