print edition ശബരിമല രാഷ്‌ട്രീയ ആയുധമാക്കുന്നവരെ ജനങ്ങൾ തിരിച്ചറിയും : വെള്ളാപ്പള്ളി നടേശൻ

ചേർത്തല
ശബരിമലയെ രാഷ്‌ട്രീയ ആയുധമാക്കുന്നവരെ തിരിച്ചറിയാനുള്ള ശേഷി മലയാളിക്കുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ സ്വർണമോഷണത്തിൽ ഹൈക്കോടതി മേൽനോട്ടത്തിൽ ശക്തമായ അന്വേഷണമാണ് നടക്കുന്നത്. ഉപ്പുതിന്നവർ വെള്ളം കുടിക്കും. വിഷയത്തിൽ സർക്കാർ കർശന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോടതി ശക്തമായ ഇടപെടൽ നടത്തുമ്പോൾ നിഴൽയുദ്ധം നടത്തേണ്ട കാര്യമില്ല. ധാർമികതയുടെ പേരുപറഞ്ഞ് ദേവസ്വം മന്ത്രിക്ക് പണിവയ്‌ക്കാൻ നോക്കേണ്ട. പ്രതിപക്ഷത്തിന് വേറെ പണിയില്ലാത്തതിനാലാണ് ശബരിമലയുമായി നടക്കുന്നത്. ജനജീവിതവുമായി ബന്ധപ്പെട്ടതൊന്നും ഉയർത്താൻ പ്രതിപക്ഷത്തിനാകുന്നില്ല. അടിത്തറ തകർന്ന കോൺഗ്രസിന് ലീഗിന്റെ കരുത്തിൽ മാത്രം അധികാരത്തിൽ എത്താനാകില്ല.
മൂന്നാമതും എൽഡിഎഫ് ഭരണം ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പിഎം ശ്രീ പദ്ധതി കേന്ദ്രത്തിന്റേതാണ്. കേന്ദ്രഫണ്ട് വാങ്ങുകയാണ് പ്രധാനം. പ്രായോഗികമല്ലാത്ത കാര്യങ്ങൾ പറഞ്ഞ് സർക്കാരിന്റെ ശക്തി കുറയ്‌ക്കരുതെന്നും അദ്ദേഹം പറഞ്ഞു.









0 comments