മുസ്ലിങ്ങളുടെ കുത്തക ലീഗിനില്ല : വെള്ളാപ്പള്ളി നടേശൻ

ചേർത്തല : മുസ്ലിം ജനവിഭാഗങ്ങളുടെ കുത്തക അവകാശപ്പെടാൻ മുസ്ലിംലീഗിന് അർഹതയില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം പ്രസംഗത്തിന്റെ പേരിൽ ലീഗിലെ സ്വാർഥമതികളായ സമ്പന്നനേതൃത്വം തന്നെ മുസ്ലിംവിരുദ്ധനായി ചിത്രീകരിച്ച് സമൂഹത്തെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. നാഷണൽ ലീഗ് നേതാക്കളുടെ കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്കവിഭാഗങ്ങളുടെ താൽപ്പര്യസംരക്ഷണത്തിന് ഉറച്ച നിലപാട് സ്വീകരിക്കുന്ന നേതാവാണ് വെള്ളാപ്പള്ളിയെന്ന് നാഷണൽ ലീഗ് ഭാരവാഹികൾ പറഞ്ഞു. അദ്ദേഹത്തിന്റെ മലപ്പുറം പ്രസംഗത്തിന്റെ പേരിലുള്ള കോലാഹലം സാമൂഹിക ഐക്യം തകർക്കാനുള്ള നീക്കമാണ്. നാടിനെയും സമൂഹത്തെയും സമുദായത്തെയും അദ്ദേഹം ആക്ഷേപിച്ചില്ല. വിവാദം സൃഷ്‌ടിച്ച് വർഗീയമുതലെടുപ്പിന് കളമൊരുക്കുകയാണ് സ്വാർഥതാൽപ്പര്യക്കാർ.
മുസ്ലിം സഹോദരങ്ങൾക്കൊപ്പം തോളോടുതോൾചേർന്ന് പ്രവർത്തിച്ചതാണ് തന്റെ ചരിത്രമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 70 ലക്ഷത്തോളമുള്ള മുസ്ലിം ജനവിഭാഗത്തിൽ 20 ലക്ഷത്തോളംപേർ മാത്രമാണ് മുസ്ലിംലീഗിനൊപ്പമുള്ളത്. ഇവർക്ക് സമുദായത്തിന്റെ കുത്തകയില്ല. വാക്കുകൾ ദുർവ്യാഖ്യാനംചെയ്‌ത് മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. സാമൂഹ്യനീതിക്കുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.









0 comments