വെള്ളാപ്പള്ളി നടേശനെതിരായ ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കി

കൊച്ചി
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേരള യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രിബ്യൂണൽ പുറപ്പെടുവിച്ച അറസ്‌റ്റ് വാറന്റും പ്രോസിക്യൂഷൻ നടപടികളും ഹൈക്കോടതി റദ്ദാക്കി. അഞ്ചുലക്ഷം രൂപ പിഴയും ഒഴിവാക്കി.
സസ്പെൻഷനിലുള്ള അധ്യാപകനെ തിരിച്ചെടുക്കാനുള്ള ട്രിബ്യൂണൽ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് വർക്കല നെടുങ്കണ്ട എസ്എൻ ട്രെയിനിങ് കോളേജ് മാനേജർകൂടിയായ വെള്ളാപ്പള്ളിക്കെതിരെ ട്രിബ്യൂണൽ നടപടി എടുത്തിരുന്നത്.
അസോസിയറ്റ് പ്രൊഫസർ ഡോ. പ്രവീണായിരുന്നു പരാതിക്കാരൻ. അച്ചടക്കലംഘനത്തിന് പ്രവീണിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കെ, ചാർജ് മെമ്മോയും സസ്‌പെൻഷനും റദ്ദാക്കി തിരിച്ചെടുക്കാൻ ഉത്തരവിട്ട ട്രിബ്യൂണൽ നടപടി അസാധുവാണെന്ന് ജസ്റ്റിസ് വി എം ശ്യാംകുമാർ വ്യക്തമാക്കി.
കോളേജ് സ്ഥിതിചെയ്യുന്ന മേഖലയുടെ അധികാരമുള്ള സബ് കോടതിയാണ് ട്രിബ്യൂണൽ ഉത്തരവ് നടപ്പാക്കേണ്ടതും. ഇതൊന്നും പരിഗണിക്കാതെയാണ് കോളേജ് മാനേജർക്കെതിരെ ക്രിമിനൽ നിയമപ്രകാരം പ്രോസിക്യൂഷൻ നടപടികൾക്ക് ട്രിബ്യൂണൽ മുതിർന്നതെന്നും ഉത്തരവിലുണ്ട്. എല്ലാ ആനുകൂല്യങ്ങളോടെയും മൂന്നു മാസത്തിനകം സർവീസിൽ തിരിച്ചെടുക്കണമെന്ന ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.









0 comments