‘ബദൽ സംഗമം ശരിയല്ല, വിവേകമില്ലാത്ത നിലപാടുമാണ് ’
അയ്യപ്പസംഗമത്തെ എതിർക്കുന്നവർ ഒറ്റപ്പെടും : വെള്ളാപ്പള്ളി നടേശൻ

എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ആഗോള അയ്യപ്പസംഗമത്തിന്റെ ക്ഷണക്കത്ത് കൈമാറുന്നു
ചേർത്തല
തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ആഗോള അയ്യപ്പസംഗമം ജനങ്ങൾ ആവേശത്തോടെ ഏറ്റെടുത്തെന്നും എതിർക്കുന്നവർ ഒറ്റപ്പെടുമെന്നും എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബദൽ സംഗമം ശരിയല്ലെന്നും കക്ഷിരാഷ്‌ട്രീയ–മതജാതി ഭേദമില്ലാതെ എല്ലാവരും ഒന്നിച്ചുനിൽക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഗമത്തിലേക്ക് ക്ഷണിക്കാനെത്തിയ ദേവസ്വംബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തുമായി കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
കേരളത്തിന് മാത്രമല്ല, ഇന്ത്യയ്ക്കും പ്രയോജനംചെയ്യുന്ന ബൃഹത്തായ സംഗമം ചരിത്രസംഭവമാകും. ശബരിമലയുടെ വികസനത്തിനും പ്രശസ്‌തി വർധിപ്പിക്കാനും സംഗമം ഉപകരിക്കും. വികസന പദ്ധതികൾ നടപ്പാക്കി പരാതിയൊന്നുമില്ലാതെയാണ് സർക്കാരും ദേവസ്വംബോർഡും ശബരിമലയെ കൊണ്ടുപോകുന്നത്.
സർക്കാർ ചെയ്യുന്നതിനെയെല്ലാം രാഷ്‌ട്രീയത്തിന്റെ പേരിൽ എതിർക്കുന്നത് ശരിയല്ല. ശബരിമലയെ വിവാദഭൂമിയാക്കുന്നത് നല്ലതല്ല. അത് കേരളത്തോടും ശബരിമലയോടും കാട്ടുന്ന അനീതിയാണ്. എതിർക്കുന്നവരുടേത് വിവേകമില്ലാത്ത നിലപാടാണ്. അയ്യപ്പ സംഗമത്തിന്റെ പേരിൽ സർക്കാരിനെ കുത്താൻ ശ്രമിക്കുന്നവർക്ക് കുത്തേൽക്കുകയാകും ഫലമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ക്ഷണക്കത്തിനൊപ്പം വെള്ളാപ്പള്ളിക്ക് ഭഗവദ്‌ഗീതയും പി എസ് പ്രശാന്ത് കൈമാറി.









0 comments