ഡിസിസി ഓഫീസ് ഉദ്ഘാടനത്തിലെ മുഖം കാണിക്കൽ മത്സരം

ഇടിച്ചുകയറിയല്ല മുഖം കാണിക്കേണ്ടതെന്ന് നേതാക്കളോട് കോൺഗ്രസ് മുഖപത്രം

kozhikode DCC
വെബ് ഡെസ്ക്

Published on Apr 21, 2025, 11:23 AM | 2 min read

കോഴിക്കോട്: ഡിസിസി ഓഫീസ് ഉദ്ഘാടനത്തിനിടെ ഫോട്ടോയിൽ മുഖം പതിയാൻ തിക്കിതിരക്കിയ മുൻനിരനേതാക്കൾക്ക് താക്കീതുമായി വീക്ഷണം ദിനപത്രം. മുഖം കാണിക്കേണ്ടത് തിക്കിതിരക്കിയല്ലെന്ന്  പത്രം മുഖപ്രസംഗത്തിൽ ഓർമ്മപ്പെടുത്തുന്നു.


പരസ്പരം തള്ളിയും മുന്നിലുള്ളവരെ പിന്നിലേക്ക് വലിച്ചു നാടകീയമായി ഫോട്ടോ ഫ്രെയിമിലേക്ക് കയറി വന്നും നേതാക്കൾ നടത്തിയ മത്സരപരിപാടി വീഡിയോ സഹിതം വൈറലായിരുന്നു. സന്തോഷ കണ്ണീർ പ്രയോഗം വരെ ഇതിനിടയിൽ നടക്കുന്നു. കേരളം മുഴുവൻ ഈ നേതൃ-നാടക പാടവം കണ്ട് ചിരിച്ചു. വീക്ഷണം ഇതിനെതിരെ കടുപ്പിച്ചാണ് മുന്നറിയിപ്പ് നൽകുന്നത്. നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തിയിലൂടെ പ്രസ്ഥാനത്തിന്റെ വിലകളയരുതെന്ന് തെളിച്ച് പറഞ്ഞു.


മുഖപ്രസംഗത്തിന് നൽകിയിരിക്കുന്ന തലക്കെട്ട് തന്നെയും 'ഇടിച്ചുകയറിയല്ല മുഖം കാണിക്കേണ്ടത്' എന്നാണ്. കോൺഗ്രസ് പാർട്ടിയിൽ ഇടിച്ചുകയറിയാൽ മാത്രം പിടിച്ചുനിൽക്കാൻ കഴിയുന്നതരം 'പൊതുപ്രവർത്തന അലിഖിത ചട്ടം' നിലവിലുണ്ട് എന്ന് മുഖപ്രസംഗം പറയുന്നു. എന്നാൽ, ഈ മത്സരം വരുന്നതിന് വളരെ മുമ്പ് വൻ ജനബാഹുല്യം അണിചേർന്ന പല സമരമുഖങ്ങളിലും തികഞ്ഞ അച്ചടക്കവും സ്വയം നിയന്ത്രണവും കാണിക്കാൻ അതീവശ്രദ്ധ പുലർത്തിയിരുന്നു എന്നത് മറന്നുപോകരുതെന്ന് ചരിത്ര പാഠവും നൽകുന്നു.


“ഏത് മഹത്തായ പരിപാടിയേയും, മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യമാക്കുന്ന തരത്തിൽ അതിലേക്ക് ഇടിച്ചുകയറാൻ മത്സരിക്കുന്നവർ സ്വന്തം നിലമറന്ന് പെരുമാറുന്നു” എന്നാണ് മറ്റൊരു വിമർശനം.


പാർട്ടിയിൽ ഇടിച്ചുകയറിയാൽ മാത്രം പിടിച്ചു നിൽക്കാൻ കഴിയുന്നതരം 'പൊതുപ്രവർത്തന അലിഖിത ചട്ടം' നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ ഒരു പ്രോട്ടോക്കോൾ ആവശ്യമാണെന്ന് നിർദ്ദേശിക്കുന്നുമുണ്ട്. ഒരു പ്രോട്ടോക്കോൾ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാവില്ലായിരുന്നു എന്ന പ്രതീക്ഷയും ഉയർത്തുന്നു.  


"പരിപാടികൾ നേരിട്ടും സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ കാണുന്നവർക്ക് വിമർശിക്കുവാൻ ഇടവരാത്ത സാഹചര്യം ഉണ്ടാകണം. പ്രകടനങ്ങളിലും ജാഥകളിലും ക്യാമറ ഫ്രെയിമിൽ മുഖം വരുത്താൻ പരസ്പരം ഉന്തും തള്ളും സൃഷ്ടിക്കുന്ന പ്രവണത സമൂഹത്തിൽ പാർട്ടിക്ക് ഉണ്ടാക്കുന്ന അവമതിപ്പ് സ്വയം തിരിച്ചറിയണം. ഒരു സ്ഥാനവും ആഗ്രഹിക്കാതെ കോൺഗസ് ഒരു വികാരമായി ജനക്കൂട്ടത്തിനിടയിൽ തൊണ്ട പൊട്ടുമാറ് ഉറക്കെ മുദ്രാവാക്യം മു ഴക്കുന്ന സാധാരണ പ്രവർത്തകന്റെ വികാരം മുൻനിര യിൽ നിൽക്കുന്നവർ തിരിച്ചറിയണം".


മാത്രമല്ല, ഉദ്ഘാടകനും അദ്ധ്യക്ഷനും മറ്റ് പ്രധാന നേതാക്കന്മാർക്കും അവർ അർഹിക്കുന്ന സ്ഥാനങ്ങളിൽ ഇരിപ്പിടങ്ങൾ സംഘാടകർ ഉറപ്പു വരുത്തണമെന്നും മുഖപ്രസംഗം ഓർമ്മപ്പെടുത്തുന്നുണ്ട്. വേദിയിലും തെരുവിലും ഒരു നല്ല ഫ്രെയിം സൃഷ്ടിക്കാൻ മാധ്യമ ഫോട്ടോഗ്രാഫർമാരെ സഹായിക്കണം എന്ന നർമ്മവും പങ്കുവെച്ചാണ് എഡിറ്റോറിയൽ അവസാനിപ്പിക്കുന്നത്.

veekshanam editorial

 

 



deshabhimani section

Related News

View More
0 comments
Sort by

Home