തരൂർ അവസരവാദിയെന്ന് കോൺഗ്രസ് മുഖപത്രം

പ്രത്യേക ലേഖകൻ
Published on Jul 13, 2025, 12:30 AM | 1 min read
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകസമിതിയംഗവും എംപിയുമായ ശശി തരൂർ അവസരവാദിയാണെന്നും തരം മാറ്റത്തിന്റെ ലക്ഷ്യം വ്യക്തമാണെന്നും കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ ലേഖനം. ഓപറേഷൻ സിന്ദൂറിനെ തുടർന്ന് നരേന്ദ്ര മോദി സർക്കാരിന്റെ വക്താവായി അമേരിക്കയിൽ പോയ തരൂരിന്റെ സകല നയതന്ത്രങ്ങളും തകർന്നുവെന്ന പരിഹാസവും ലേഖനത്തിലുണ്ട്. ഇപ്പോഴും പ്രവർത്തകസമിതിയംഗവും കോൺഗ്രസ് എംപിയുമായ തരൂർ കേന്ദ്ര സർക്കാരിനെയും മോദിയെയും തുടർച്ചയായി പുകഴ്‌ത്തിക്കൊണ്ടിരിക്കുകയാണ്. അതിനെതിരെ ചെറുവിരൽപോലും അനക്കാൻ പറ്റാതെ കുഴയുന്ന നേതൃത്വത്തിന്റെ നിസഹായ അവസ്ഥയാണ് സ്വന്തം പത്രത്തിലെ ലേഖനം പോലും വ്യക്തമാക്കുന്നത്. കെപിസിസിയുടെ രാഷ്‌ട്രീയകാര്യ സമിതിയംഗം കൂടിയായ അഡ്വ. ജോൺസൺ എബ്രഹാം ആണ് ‘ ട്രംപിന് മുന്നിൽ കവാത്ത് മറക്കുന്ന ഇന്ത്യൻ നയതന്ത്രം ’ എന്ന ലേഖനത്തിൽ തരൂരിനെ വിമർശിക്കുന്നത്. അതിൽ പോലും തരൂരിന്റെ ആക്രമണത്തെ ശക്തമായി തിരിച്ചടിക്കാൻ കഴിയുന്നില്ല. ‘ട്രംപിന്റെ മുന്നിൽ തരൂരിന്റെ നയതന്ത്ര നീക്കങ്ങൾ തകർന്നടിഞ്ഞു ’, ‘ നരേന്ദ്രമോദി ഭരണത്തിൽ ഇന്ത്യയുടെ വിദേശ നയതന്ത്രത്തെ പുകഴ്‌ത്തിക്കൊണ്ടുള്ള വാഴ്‌ത്തുപാട്ട്’, ‘തരൂരിന്റെ തരംമാറ്റവും അവസരവാദവും പ്രകടിപ്പിക്കുന്നതാണ് ’ എന്നും ലേഖനത്തിൽ പറയുന്നു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ നാട്ടിൽ ഭീകരാവസ്ഥയാണ് സൃഷ്ടിച്ചത് എന്നും ഇപ്പോൾ മോദികാലം സുഖകരമാണ് എന്നും കഴിഞ്ഞ ദിവസം തരൂർ ലേഖനമെഴുതിയിരുന്നു. എന്നിട്ടുപോലും നടപടിയെടുക്കാനോ ശക്തമായ ഭാഷയിൽ കടന്നാക്രമിക്കാനോ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. തരൂരിന് മറുപടിയെന്നോണം ഇന്ദിരാഗാന്ധിയുടെ കാലത്തെ പുകഴ്‌ത്തുന്ന ഭാഗങ്ങളാണ് ലേഖനത്തിൽ കൂടുതലും.









0 comments