കെടിയു, ഡിജിറ്റല്‍ സർവകലാശാല ; വിസിയെ തെരഞ്ഞെടുക്കാൻ മുഖ്യമന്ത്രി വേണ്ടെന്ന് ഗവർണർ സുപ്രീംകോടതിയിൽ

റിതിന്‍ പൗലോസ്
Published on Sep 03, 2025, 02:15 AM | 1 min read
ന്യൂഡല്‍ഹി
സർവകലാശാലകളിൽ ആർഎസ്‌എസുകാരെ കുത്തിനിറയ്‌ക്കാനുള്ള നീക്കത്തിന് സുപ്രീംകോടതിയിൽനിന്നേറ്റ തിരിച്ചടി മറയ്‌ക്കാന്‍ അപ്പീലുമായി ഗവര്‍ണര്‍. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വിസിമാരെ നിയമിക്കുന്ന പ്രക്രിയയിൽ മുഖ്യമന്ത്രിക്ക് അധികാരം നൽകിയ ആഗസ്‌ത് 18ലെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി ഇല്ലെന്നും അതുകൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ മേൽനോട്ടത്തിൽ റിട്ട. ജസ്റ്റിസ് സുധാൻഷു ധൂലിയയുടെ അധ്യക്ഷതയിൽ സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചശേഷമാണ് ഗവർണറുടെ നീക്കം. സെർച്ച് കമ്മിറ്റി രൂപീകരിച്ചശേഷം അതിൽ തർക്കം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ചീഫ് ജസ്റ്റിസ് ആയിരുന്ന യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പാനല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കൈമാറണമെന്ന്, പശ്ചിമ ബംഗാളിലെ വിസി നിയമനത്തിനുള്ള സുപ്രീംകോടതി ഉത്തരവില്‍ നിർദേശിച്ചിരുന്നു.
ഇതേരീതിയാണ് കേരളത്തിലും തീരുമാനിച്ചത്. എന്നാല്‍, സെർച്ച് കമ്മിറ്റി ചുരുക്കപ്പട്ടിക മുഖ്യമന്ത്രിക്കാണ് സമർപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രിക്ക് മുൻഗണന നിശ്ചയിക്കാമെന്നുമുള്ള വിധിയിലെ ഭാഗം നീക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. അറ്റോർണി ജനറലിന് വിധി കേൾക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ഉത്തരവിൽ പറഞ്ഞിട്ടുള്ള, ‘പരസ്‌പര സമ്മതത്തോടെ’യാണ് തീരുമാനം എന്ന നിരീക്ഷണം നീക്കണം. കേസിൽ കക്ഷിചേർക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സെർച്ച് കമ്മിറ്റി രൂപീകരിച്ചതിന് പിന്നാലെ ഗവർണർ ബോധപൂർവം പ്രതിസന്ധി സൃഷ്‌ടിക്കുകയാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വിസി നിയമനത്തിൽ ബംഗാൾ മുഖ്യമന്ത്രിക്കുള്ള അവകാശം സുപ്രീംകോടതി മാനിച്ചിരുന്നു. കോടതിയിൽ നൽകിയ വ്യക്തത തേടൽ അപേക്ഷയിലൂടെ, 18ലെ ഉത്തരവ് പുനഃപരിശോധിപ്പിക്കാനാണ് ഗവർണറുടെ ശ്രമമെന്നും നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടി.









0 comments