വാഴൂർ തൊഴിലാളി നേതാവ്, 
 സൗഹൃദ സമ്പന്നൻ

vazhoor soman
avatar
കെ ടി രാജീവ്‌

Published on Aug 22, 2025, 12:55 AM | 1 min read


ഇടുക്കി

തോട്ട വ്യവസായത്തിന്റെ ഹൃദയഭൂവിൽ വളർന്ന് തൊഴിലാളി നേതാവായി മാറിയ വാഴൂർ സോമൻ വിപുലമായ സ്നേഹ സൗഹൃദത്തിനുടമ കൂടിയായിരുന്നു. നാലര പതിറ്റാണ്ട് പൊതുപ്രവർത്തനവും ട്രേഡ് യൂണിയൻ പ്രവർത്തനവും തോളോടുതോൾ ചേർത്തു. ഉന്നത വിദ്യാഭ്യാസത്തിനു ശേഷം 1977ൽ പീരുമേട്ടിലെത്തുമ്പോൾ 25 വയസ്. തോട്ടം ഉടമകളുടെയും കങ്കാണിമാരുടെയും കൊടിയ ചൂഷണങ്ങൾക്കെതിരെ എണ്ണമറ്റ സമരങ്ങൾക്ക് നേതൃത്വം നൽകി. ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യൂണിയൻ നേതൃത്വം ഏറ്റെടുത്ത് തൊഴിലാളികൾക്കിടയിൽ പതിറ്റാണ്ടുകളുടെ പ്രവർത്തനം.


തൊഴിലാളികളുടെയും പൊതുസമൂഹത്തിന്റെയും ഏതൊരാവശ്യവും നേടിയെടുക്കുന്നതിന്‌ ഏതറ്റംവരെയും പോകുമെന്ന പ്രത്യേകതയും തൊഴിലാളികളുടെ പ്രിയ നേതാവാക്കി മാറ്റി. അക്കാലത്ത് മുതിർന്ന നേതാക്കളായ റോസമ്മ പുന്നൂസ്, സി എ കുര്യൻ, കെ ഐ രാജൻ എന്നിവർക്കൊപ്പം പ്രവർത്തിച്ച പാരമ്പര്യം തൊഴിലാളി രംഗത്ത്‌ മുതൽക്കൂട്ടായി.


രാഷ്‌ട്രീയത്തിന് അതീതമായ സുഹൃദ്‌ ബന്ധം സൂക്ഷിച്ചു. വെയർഹൗസിങ് കോർപറേഷൻ ചെയർമാൻ, ഇടുക്കി ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളിലും ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തി. ജീവനക്കാർക്കൊപ്പം നിന്നുള്ള അതികഠിന പരിശ്രമത്തിലൂടെ 2010 മുതൽ വെയർഹ‍ൗസിങ്‌ കോർപറേഷനെ ലാഭത്തിലാക്കി. ജീവനക്കാർക്ക് പത്താം ശമ്പള കമീഷൻ ശുപാർശ പ്രകാരമുള്ള ആനുകൂല്യം ആദ്യമായി കൊടുത്തതും വെയർഹൗസിങ് കോർപറേഷനാണ്. ജീവനക്കാരുടെ ചികിത്സാ ആനുകൂല്യം പ്രതിവർഷം 4,000 രൂപയായിരുന്നത് രണ്ടുലക്ഷമായി ഉയർത്തി. ഇൻഷുറൻസ് പരിരക്ഷയും നടപ്പാക്കി. ക്രൂര പൊലിസ് മർദനത്തിനും പലതവണ ഇരയായിട്ടുണ്ട്. പീരുമേട് മണ്ഡലത്തിൽ എൽഡിഎഫ്‌ സർക്കാരിന്റെ കോടികളുടെ തുടർവികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനിടെയാണ് വാഴൂർ സോമന്റെ അപ്രതീഷിത വിയോഗം.



deshabhimani section

Related News

View More
0 comments
Sort by

Home