ഖേദപ്രകടനംകൊണ്ട് ദുഃഖം മാറില്ല ; ആന്റണി ശിവഗിരിയിൽ നടത്തിയത് നരനായാട്ട്

വർക്കല
മുഖ്യമന്ത്രിയായിരുന്നപ്പോൾ ശിവഗിരിയിൽ പൊലീസിനെകയറ്റി നരനായാട്ട് നടത്തിയ എ കെ ആന്റണിയുടെ ഇപ്പോഴത്തെ ഖേദപ്രകടനംകൊണ്ട് ശ്രീനാരായണീയരുടെ ദുഃഖം മാറില്ലെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. ശിവഗിരി മഠത്തെയും സന്യാസിവര്യരെയും ഗുരുഭക്തരെയും അപമാനിച്ച സംഭവമാണ് അന്നുണ്ടായത്. ആരാധനാലയങ്ങളിലും ദേവാലയങ്ങളിലും പാലിക്കേണ്ട നടപടി ലംഘിച്ചായിരുന്നു പൊലീസ് നടപടി. ഇത് തികച്ചും നരനായാട്ടായിരുന്നുവെന്നും അദ്ദേഹം ദേശാഭിമാനിയോട് പ റഞ്ഞു.
കോടതിവിധി നടപ്പാക്കാൻ ഒട്ടേറെ മാർഗങ്ങളുണ്ട്. സുപ്രീംകോടതിയിൽ അപ്പീൽ നിലനിൽക്കയാണ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആന്റണി സർക്കാരിന്റെ പൊലീസ് ശിവഗിരിയിൽ അതിക്രമിച്ച് കയറി അഴിഞ്ഞാടിയത്. വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാർ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഉപസമിതി നടത്തിയ ചർച്ച ആന്റണി ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. ഇത് മറച്ചുവച്ചാണ് കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചത്. ഇതിൽ ഗൂഢലക്ഷ്യം ഉണ്ടെന്ന് ശിവഗിരി മഠം സംശയിക്കുന്നു. രാഷ്‌ട്രീയലക്ഷ്യങ്ങൾക്ക് വേണ്ടി ഇപ്പോൾ ഖേദപ്രകടനം നടത്തുന്നത് ഉൾക്കൊള്ളാൻ കഴിയില്ലെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.









0 comments