വിപഞ്ചികയുടേയും കുഞ്ഞിന്റെയും മരണം
കണ്ണീർ ബാക്കിയാക്കി വൈഭവി യാത്രയായി; സംസ്കാര ചടങ്ങുകൾ ദുബായിൽ

ഷാർജ: പ്രിയപ്പെട്ടവരുടെ തോരാത്ത കണ്ണീർ ബാക്കിയാക്കി വൈഭവി യാത്രയായി. ദുബായ് ജബൽ അലി ന്യൂ സോണാപൂരിലെ പൊതു ശ്മശാനത്തിൽ പ്രാദേശിക സമയം നാല്മണിയോടെ ഹൈന്ദവ ആചാര പ്രകാരമാണ് ചടങ്ങുകൾ നടന്നത്. ഷാർജയിൽ കഴിഞ്ഞ 8-നാണ് അമ്മ വിപഞ്ചികയോടൊപ്പം ഒന്നരവയസുകാരിയായ വൈഭവിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വൈഭവിയുടെ അച്ഛൻ നിധീഷ്, നിധീഷിന്റെ ബന്ധുക്കൾ, വിപഞ്ചികയുടെ അമ്മ ഷൈലജ, സഹോദരൻ വിനോദ് മോഹൻ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
മൃതദേഹം നാട്ടിലെത്തിക്കണമെന്നായിരുന്നു വിപഞ്ചികയുടെ അമ്മയുടെ ആഗ്രഹം. ഇരു കുടുംബങ്ങൾ തമ്മിൽ തർക്കം നിലനിന്നതോടെ പത്ത് ദിവസമായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് കുഞ്ഞിന്റെ മൃതദേഹം ദുബായിൽ സംസ്കരിക്കാൻ വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിച്ചത്. വിപഞ്ചികയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടില്ല. നടപടികൾ പൂർത്തിയാക്കി ഉടൻ നാട്ടിലെത്തിച്ച് മൃതദേഹം സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അതേസമയം, വിപഞ്ചികയുടെ മരണത്തിൽ ഭര്‍ത്താവ് നിധീഷ്, സഹോദരി നീതു ബെനി, ഭര്‍തൃപിതാവ് എന്നിവരുടെ പേരിൽ കേസ് രജിസ്റ്റർ ച്യ്തിട്ടുണ്ട്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്. വിപഞ്ചികയുടെ അമ്മ ശൈലജ നൽകിയ പരാതിയിലാണ് കുണ്ടറ പൊലീസ് കേസെടുത്തിട്ടുള്ളത്. വിപഞ്ചികയെ സ്ത്രീധനത്തെച്ചൊല്ലി ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്. നിധീഷ് ഒന്നാം പ്രതിയും നീതു രണ്ടാം പ്രതിയും ഇവരുടെ അച്ഛൻ മൂന്നാം പ്രതിയുമാണ്.
ഷാർജ പൊലീസ് ഫോറൻസിക് വിഭാഗം നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി തൊട്ടിലിന്റെ കയറിൽ കെട്ടിത്തൂക്കിയശേഷം വിപഞ്ചിക തൂങ്ങി മരിക്കുകയായിരുന്നെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് വേലക്കാരി മടങ്ങിപ്പോയശേഷമാകാം മരണം നടന്നിട്ടുള്ളത്. അടുത്തദിവസം രാവിലെയെത്തി വിളിച്ചപ്പോൾ പ്രതികരണമില്ലാതായതോടെ ഭർത്താവ് നിധീഷിനെ വിവരമറിയിക്കുകയായിരുന്നു. ഇയാളെത്തി കതക് ബലംപ്രയോഗിച്ച് തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.









0 comments