വടകരയിൽ കാറിടിച്ച് ഒമ്പതു വയസുകാരി കോമയിലായ സംഭവം: കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട് : വടകരയിൽ ഒമ്പതു വയസുകാരിയെ കാറിടിപ്പിച്ച് കോമയിലാക്കിയ അപകടത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അമിത വേഗതയിലും അശ്രദ്ധയോടെയും വാഹനം ഓടിക്കൽ, അശ്രദ്ധമായി വാഹനം ഓടിച്ച് മരണം സംഭവിക്കുക, തെളിവ് നശിപ്പിക്കൽ, അപകടത്തിൽ പരുക്കേറ്റവരെ ശ്രദ്ധിക്കാതെ പോകുകയും, രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യാതെ വൈദ്യ സഹായം നൽകാതിരിക്കൽ തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തിൽ ചുമത്തിയത്. തെളിവുകളായി അപകടം വരുത്തിയ കാറിന്റെ മാറ്റിയ ഗ്ലാസ് ഭാഗങ്ങൾ, സ്പെയർ പാർട്സുകൾ വാങ്ങിയ ബില്ലുകൾ, ഇൻഷുറൻസ് ക്ലെയിം വാങ്ങിയ രേഖകൾ എന്നിവയും കുറ്റപത്രത്തോടൊപ്പം ഹാജരാക്കി.
തിങ്കളാഴ്ചയാണ് പ്രതി ഷെജീലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽവച്ച് പിടികൂടിയത്. അപകടത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതി ഷെജിലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ നാട്ടിലേക്ക് വരുമ്പോഴാണ് കോയമ്പത്തൂർ വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 17നാണ് ദേശീയ പാത വടകര ചോറോടിൽ അപകടം നടക്കുന്നത്. വാഹനമിടിച്ച് ദൃഷാനയുടെ മുത്തശ്ശി ബേബി മരിക്കുകയും ദൃഷാനയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ദൃഷാന ഡിസ്ചാർജ് ചെയ്തശേഷം ആശുപത്രിക്ക് സമീപം തന്നെ തുടർചികിത്സയ്ക്കായി താമസിക്കുകയാണ്. ചോറോട്ടെ ബന്ധുവീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗത്തിലെത്തിയ കാർ ഇരുവരെയും ഇടിച്ചിട്ടത്.
ഇൻഷുറൻസ് ക്ലെയിം ചെയ്തതോടെയാണ് ഷെജീൽ കുരുക്കിലാകുന്നത്. പൊലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ വന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്. പിന്നീടാണ് പ്രതി ഷെജീലാണെന്ന് കണ്ടെത്തുന്നത്. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി ഇയാൾ കാറിൽ രൂപമാറ്റം വരുത്തിയിരുന്നു.
2024 ഫെബ്രുവരി 17ന് രാത്രി പത്തിനായിരുന്നു അപകടം. ഷെജിലിന്റെ (35) ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാറാണ് ഇരുവരെയും ഇടിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അപകടശേഷം കാർ നിർത്താതെ പോയി. തുടർന്ന് പ്രതി വിദേശത്തേക്ക് കടന്നു. കാർ മതിലിനിടിച്ചെന്നുവരുത്തി ഇൻഷുറൻസ് ക്ലെയിം ചെയ്തതാണ് കേസിന് തുമ്പായത്. ദുബായിൽനിന്ന് പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടി പൊലീസ് തുടങ്ങിയിരുന്നു. പലതവണ കുടുംബവുമായി സംസാരിച്ച് ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.









0 comments