കെപിസിസിയുടെ ഡിജിറ്റൽ മീഡിയചുമതലയിൽനിന്ന് നീക്കി
ബിഹാറിൽ 'ബീഡി' കത്തിച്ചു ; ആകെ പൊള്ളി ബൽറാം

തിരുവനന്തപുരം
ബിഹാറിനെ അപഹസിച്ച് കോൺഗ്രസിന്റെ പേരിൽ സമൂഹമാധ്യമത്തിൽ പോസ്‌റ്റിട്ട വി ടി ബൽറാം കെപിസിസിയുടെ ഡിജിറ്റൽ മീഡിയാ വിഭാഗത്തിന്റെ ചുമതലയിൽനിന്ന് പുറത്തായി.
ജിഎസ്‌ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ടാണ് ബീഡിയും ബിഹാറും രണ്ടും ‘ബി’യിൽ തുടങ്ങുന്നു എന്ന് കോൺഗ്രസ് കേരള എന്ന എക്‌സ് പേജിൽ പോസ്‌റ്റുവന്നത്. ബിഹാറിനെ കോൺഗ്രസ് അപമാനിച്ചുവെന്ന ആരോപണവുമായി ബിജെപി രംഗത്തുവന്നു. അത് ബിഹാറിൽ ഇന്ത്യ’ കൂട്ടായ്‌മയെ പ്രതിരോധത്തിലാക്കി. ആർജെഡി നേതാവ് തേജസ്വി യാദവ് അടക്കമുള്ളവർ കോൺഗ്രസ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. ജിഎസ്‌ടിയിലേക്ക് ബിഹാറിനെ കൊണ്ടുവന്ന് ഒരു സംസ്ഥാനത്തെ അപമാനിച്ചത് എന്തിനെന്ന ചോദ്യത്തിന് കോൺഗ്രസ് നേതൃത്വത്തിന് മറുപടിയുണ്ടായില്ല. എക്‌സ് കൈകാര്യംചെയ്യുന്ന പ്രവർത്തകരെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ ബൽറാം ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല.
കോൺഗ്രസ് ഹൈക്കമാൻഡ് വിഷയത്തിൽ ഇടപെടുകയും വിശദീകരണം ചോദിക്കുകയും ചെയ്‌തതോടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ബൽറാമിനെ തള്ളിപ്പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയും ഗർഭഛിദ്ര പരാതിയും വന്നിട്ടും നടപടിയെടുക്കാൻ അറച്ചുനിന്ന കെപിസിസി നേതൃത്വം ബൽറാമിനെതിരെ ഉടൻ നടപടിയെടുത്തു.
ബീഡി ബിഹാർ പരാമർശം തന്റേതല്ലെന്ന് പറഞ്ഞ് കൈയൊഴിയുമ്പോഴും സമൂഹമാധ്യമങ്ങളിൽ ആളുകളെ അപഹസിക്കുന്ന നിരവധി പോസ്‌റ്റുകൾ ബൽറാമിന്റെ പേരിലുണ്ട്. ജവാഹർലാൽ നെഹ്‌റു പോലും ആദരിച്ചിരുന്ന എ കെ ജിയെവരെ അപമാനിച്ചു. അന്ന് സമൂഹത്തിൽനിന്ന് കടുത്ത വിമർശനം ഏറ്റുവാങ്ങി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികൾ ഉയർന്നപ്പോൾ, പരാതിക്കാരെ മാത്രമല്ല, കോൺഗ്രസിന്റെ വനിതാ നേതാക്കളെകൂടി ആക്രമിക്കുന്ന പോസ്‌റ്റുകളായിരുന്നു കോൺഗ്രസിന്റെ സൈബർ പോരാളികളിൽനിന്ന് ഉയർന്നത്.










0 comments