'ചെല്ലുമ്പോൾ കാണുന്നത് ആർഎസ്എസ് ചിത്രത്തിൽ പുഷ്പാർച്ചന; രാജ്ഭവൻ ആരുടെയും കുടുംബസ്വത്തല്ല'

v sivakutty

വി ശിവൻകുട്ടി

വെബ് ഡെസ്ക്

Published on Jun 19, 2025, 01:26 PM | 1 min read

തിരുവനന്തപുരം: രാജ്ഭവനിലെ സർക്കാർ പരിപാടിയിൽ ആർഎസ്എസ് ചിത്രംവെച്ച നടപടി അനൗചിത്യമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രാജ്ഭവനെ ആർഎസ്എസ് കേന്ദ്രമാക്കാനുള്ള നീക്കം ഒരുതരത്തിലും അം​ഗീകരിക്കില്ല. ഏതെങ്കിലും രാഷ്ട്രീയപാർടിയുടെ കുടുംബസ്വത്തല്ല രാജ്ഭവൻ. ശക്തമായ പ്രതിഷേധം ​ഗവർണറെ അറിയിച്ചശേഷമാണ് വേദിയിൽനിന്ന് ഇറങ്ങിപ്പോന്നതെന്നും മന്ത്രി പറഞ്ഞു. സ്കൗട്ട് ആൻഡ് ​ഗൈഡ്സ് പരിപാടിയിൽ ആർഎസ്എസ് ശാഖകളിൽ ഉപയോ​ഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചസംഭവം മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.

kerala givernor with bharathamba.ആർഎസ്എസ് ചിത്രത്തിനുമുന്നിൽ ​ഗവർണർ രാജേന്ദ്ര ആർലേക്കർ


11 മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടിക്കെത്തുമ്പോൾ കാണുന്നത് ഭാരതാംബ എന്ന് ആർഎസ്എസ് വിശേഷിപ്പിക്കുന്ന ചിത്രത്തിന് മുന്നിൽ വിളക്ക് കത്തിച്ച് ​ഗവർണർ പൂവിടുന്നതാണ്. രാജ്ഭവൻ നൽകിയ പ്രോട്ടോക്കൾ നോട്ടീസിൽ ഈ പുഷ്പാർച്ചന ഇല്ലായിരുന്നു. പിന്നീട് നടത്തിയ അധ്യക്ഷപ്രസം​ഗത്തിൽ ഈ നടപടിയിൽ പ്രതിഷേധം അറിയിച്ചു. ​ഇത് രാജ്ഭവനും സംസ്ഥാന സർക്കാരും ചേർന്ന് നടത്തുന്ന പരിപാടിയാണ്. ഈ വേദിയിൽ രാഷ്ട്രീയപാർടിയുടെയോ രാഷ്ട്രീയസംഘടനയുടെയോ ചിഹ്നം സൂചിപ്പിക്കുന്ന ചിത്രങ്ങൾ വെക്കാൻ പാടില്ല. അത്തരമൊരു ചിത്രത്തിനുമുന്നിൽ പൂവിട്ടതും വിളക്ക് കത്തിച്ചതിലും പ്രതിഷേധിക്കുന്നുവെന്ന് ​ഗവർണറോട് വേദിയിൽവെച്ച് പറഞ്ഞു. ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല്, മറ്റൊരു രാഷ്ട്രസങ്കൽപവും അതിന് മുകളിലല്ല എന്ന് പരിപാടിക്കെത്തിയ കുട്ടികളോട് പറഞ്ഞു. അതിനുശേഷമാണ് പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.- മന്ത്രി പറഞ്ഞു.


മുൻപും ഈ ചിത്രം രാജ്ഭവനിൽ വെച്ചപ്പോൾ ശക്തമായി സർക്കാർ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി തന്നെ സർക്കാർ നിലപാട് വ്യക്തമാക്കിയതാണ്. അതിനുശേഷവും അഹങ്കാരത്തോടെയും ധിക്കാരത്തോടെയുമാണ് ​രാജ്ഭവൻ തെറ്റായ നടപടി ആവർത്തിച്ചതെന്നും മന്ത്രി പറഞ്ഞു.


കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിലെ പരിപാടിയിൽ ഇതേ ചിത്രം വെച്ചത് വിവാദമാകുകയും അന്ന് പങ്കെടുക്കാനെത്തിയ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പരിപാടി ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഇതിൽ സർക്കാർ ശക്തമായ പ്രതിഷേധം അറിയിച്ചതോടെ രാജ്ഭവൻ നടത്തുന്ന പരിപാടികളിൽ ഈ ചിത്രം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയതാണ്. ഈ ഉറപ്പാണ് വീണ്ടും രാജ്ഭവൻ ലംഘിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home