പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്‌ അർഹമായ കേന്ദ്ര ഫണ്ട് ലഭ്യമാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണം: മന്ത്രി വി ശിവൻകുട്ടി

shivankutty
വെബ് ഡെസ്ക്

Published on Jun 25, 2025, 08:04 PM | 2 min read

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്‌ അർഹമായ കേന്ദ്ര ഫണ്ട് ലഭ്യമാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. 1,500 കോടി രൂപ കേന്ദ്രം കേരളത്തിന് നൽകാനുണ്ട്. പി എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചില്ല എന്ന കാരണം പറഞ്ഞ് എസ് എസ് കെ യ്ക്കുള്ള ഫണ്ട് പോലും കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയാണ്. ഫണ്ട് ലഭ്യമാക്കാൻ നിയമനടപടി അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുന്നു.


ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ രണ്ടുതവണ കണ്ടെങ്കിലും ഫലം ഉണ്ടായില്ല. ദേശീയ വിദ്യാഭ്യാസ നയത്തിലെ വിവിധ ശുപാർശകൾ കേരളത്തിന്‌ അംഗീകരിക്കാൻ ആവാത്തത് ആണ്. ആ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കണം എന്നതാണ് പി എം ശ്രീ പദ്ധതിയുടെ കാതൽ. അതിനാൽ തന്നെ നിലവിലെ ശുപാർശകളെ മുൻനിർത്തി പി എം ശ്രീ പദ്ധതിയിൽ ഒപ്പ് വെയ്ക്കാൻ സംസ്ഥാനത്തിന് ആവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എസ്എഫ്ഐ, എഐഎസ്എഫ്, കെ എസ് യു, എ ബി വി പി, എം എസ് എഫ്, എ ഐ ഡി എസ് ഒ, പി എസ് യു, കെ എസ് സി തുടങ്ങിയ വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളും പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി ഐഎഎസും യോഗത്തിൽ പങ്കെടുത്തു.


ഗവർണറുടെ അധികാരങ്ങളും ചുമതലകളും, അടിയന്തരാവസ്ഥ എന്നിവ പാഠഭാഗമാക്കിയതായി യോഗത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിൽ മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.സർക്കാർ നേരത്തെ പ്രഖ്യാപിച്ചതുപോലെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിൽ 'ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം' എന്ന അധ്യായത്തിൽ 'ഇന്ത്യൻ ഫെഡറൽ സമ്പ്രദായത്തിലെ ഏറ്റുമുട്ടലുകൾ' എന്ന തലക്കെട്ടിൽ ഗവർണറുടെ പങ്ക് വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഗവർണറുടെ അധികാരങ്ങളും ചുമതലകളും കൃത്യമായി പാഠഭാഗത്ത് വിശദീകരിക്കുന്നുണ്ട്.


സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയിൽ ആണ് അധികാരം നിക്ഷിപ്തമായിരിക്കുന്നത് എന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ തലവനായ ഗവർണർക്ക് ഭരണഘടനാപരമായി നാമമാത്ര അധികാരങ്ങൾ മാത്രമേ ഉള്ളൂ എന്നും വ്യക്തവും കൃത്യവുമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ അധ്യായത്തിൽ തന്നെ 'അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതിസന്ധിഘട്ടം' എന്ന തലക്കെട്ടിൽ ആ കാലഘട്ടത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Home