ലക്ഷദ്വീപ് നിവാസികളെ മാതൃഭാഷ പഠിക്കാൻ അനുവദിക്കണം : വി ശിവൻകുട്ടി

തിരുവനന്തപുരം
ദേശീയ വിദ്യാഭ്യാസനയം (എൻഇപി) നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പൂർണമായും നശിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികളുടെ പുതിയ ഉദാഹരണമാണ് ലക്ഷദ്വീപിലെ കുട്ടികൾ മാതൃഭാഷ പഠിക്കേണ്ടതില്ലെന്ന തീരുമാനമെന്ന് മന്ത്രി വി ശിവൻകുട്ടി. അറബി, മഹൽ ഭാഷയും പാഠ്യപദ്ധതിയിൽനിന്ന് നീക്കം ചെയ്യാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ സമീപകാല തീരുമാനം അങ്ങേയറ്റം ആശങ്കാജനകമാണ്. എൻഇപി നടപ്പാക്കുന്നതിന്റെ മറവിലെടുത്ത ഈ നീക്കം വിദ്യാഭ്യാസത്തിൽ മാതൃഭാഷകളും പ്രാദേശിക വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിതനയത്തിന് വിരുദ്ധമാണ്.
ലക്ഷദ്വീപിലെ കുട്ടികൾക്ക് സ്വന്തം ഭാഷ പഠിക്കാനുള്ള അവസരം നിഷേധിക്കുന്നത് ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്. ഭാഷ ആശയവിനിമയത്തിനുള്ള മാധ്യമം മാത്രമല്ല അത് സ്വത്വത്തിന്റെയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതീകമാണ്. വിദ്യാഭ്യാസ നയത്തിലൂടെ തദ്ദേശീയ ഭാഷകളെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നത് സമൂഹത്തിന്റെ സാംസ്‌കാരിക ഘടനയ്‌ക്കുനേരെയുള്ള ആക്രമണമാണ്. പ്രാദേശിക ഭാഷകളെയും സംസ്‌കാരങ്ങളെയും പാർശ്വവൽക്കരിക്കുന്ന വിദ്യാഭ്യാസ നിർദ്ദേശങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രശ്രമങ്ങളെ ചെറുക്കണം–- മന്ത്രി പറഞ്ഞു.









0 comments