വി എസ്‌ ഇല്ല ; 
വേലിക്കകത്ത്‌ വീട്ടിൽ ഓണവും

v s achuthanandans house
avatar
അഞ്‌ജുനാഥ്‌

Published on Sep 04, 2025, 01:57 AM | 1 min read


ആലപ്പുഴ

വി എസ്‌ ഇല്ലാത്ത വേലിക്കകത്ത്‌ വീട്ടിൽ ഇത്തവണ ഓണമില്ല. കിടപ്പിലാകും വരെ പതിവുതെറ്റാതെ വേലിക്കകത്ത്‌ വീട്ടിലെത്തിയായിരുന്നു വി എസിന്റെ തിരുവോണാഘോഷം. ഉത്രാടദിനത്തിൽ വൈകുന്നേരമാവും വരവ്‌. ഭാര്യ വസുമതിയും മക്കളായ ആശയും അരുൺകുമാറും കൊച്ചുമക്കളുമൊക്കെ ഒപ്പമുണ്ടാകും. വി എസിനെ കാണാനായി പാർടി പ്രവർത്തകരും എത്തും. അതോടെ വീട്‌ സജീവമാകും. വി എസ്‌ ജനിച്ച വെന്തലത്തറയിൽ വീട്ടിൽ താമസിക്കുന്ന സഹോദരി ആഴിക്കുട്ടിക്ക്‌ ഓണക്കോടിയുമായി എല്ലാ വർഷവും പോയിരുന്നു. ഓണത്തിന്‌ വീട്ടിൽ പൂക്കളമിടുന്നതൊക്കെ ഇഷ്‌ടമായിരുന്നു. തിരുവോണത്തിന്‌ കുടുംബാംഗങ്ങൾക്കൊപ്പം ഓണസദ്യയും കഴിച്ച്‌ വൈകുന്നേരം തിരുവനന്തപുരത്തേക്ക്‌ മടങ്ങും.


ഭാര്യ വസുമതിയുടെ സഹോദരീപുത്രൻ വി രാജീവനും കുടുംബവുമാണ്‌ ഇപ്പോൾ വേലിക്കകത്ത്‌ വീട്ടിൽ താമസം. ആലപ്പുഴയിൽ എത്തിയിരുന്നപ്പോളെല്ലാം വി എസ്‌ വേലിക്കകത്ത്‌ വീട്ടിൽ തന്നെയായിരുന്നു താമസം. കുട്ടിക്കാലത്തെ സുഹൃത്തുക്കളെ കാണാനും വിശേഷം തിരക്കാനും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വി എസ്‌ സമയം കണ്ടെത്തിയിരുന്നതായി രാജീവൻ ഓർക്കുന്നു.


പ്രഭാത നടത്തം പുന്നപ്ര അസംബ്ലി ജങ്‌ഷൻമുതൽ പനയക്കുളങ്ങര സ്കൂളിന്‌ സമീപത്തുവരെയായിരുന്നു. മുഖ്യമന്ത്രിയായതിനുശേഷം നടപ്പ്‌ സ്‌കൂട്ടർ ഫാക്‌ടറി ജങ്‌ഷന്‌ അടുത്തേക്ക്‌ മാറ്റി. വീട്ടുവളപ്പിൽ കൃഷി ചെയ്യാനും വി എസിന്‌ ഇഷ്‌ടമായിരുന്നു. 2019 ലാണ്‌ വി എസ്‌ അവസാനമായി ഓണത്തിന്‌ വേലിക്കകത്ത്‌ വീട്ടിൽ എത്തിയത്‌.


പുന്നപ്ര സമരപോരാളികൾക്ക്‌ വാരിക്കുന്തം തയാറാക്കി നൽകാനും പരിശീലനത്തിനുമായുള്ള ക്യാന്പുകളിൽ ഒന്ന്‌ പ്രവർത്തിച്ചിരുന്ന വേലിക്കകത്ത്‌ വീടിന്റെ ഗേറ്റുകൾ ഇപ്പോഴും രാത്രി വളരെ വൈകുംവരെ തുറന്നുകിടക്കും. വിദൂരദേശങ്ങളിൽനിന്നുപോലും വി എസിന്റെ വീടുതേടി വരുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. ഒരുമാസം മുന്പ്‌ തമിഴ്‌നാട്ടിൽനിന്നുവരെ ആളുകൾ എത്തി. എത്തുന്നവരിൽ പലരും വികാരഭരിതരാവുന്നു. ചിലർ അദ്ദേഹത്തിന്റെ കസേരയിൽ പിടിച്ച്‌ വിതുന്പുന്നു. നൂറ്റാണ്ടിന്റെ സമരസൂര്യൻ ജനഹൃദയങ്ങളിൽ അസ്‌തമിക്കാതെ ജ്വലിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home