വേലിക്കകത്ത് വീട്ടിൽ, സ്‌നേഹപ്പൂക്കളുമായി

പി സി പ്രശോഭ്
Published on Jul 24, 2025, 03:37 AM | 1 min read
ആലപ്പുഴ
വി എസ് ഓണമുണ്ടിരുന്ന വേലിക്കകത്ത് വീട്; അദ്ദേഹത്തിന്റെ ഉച്ഛ്വാസം തങ്ങിനിൽക്കുന്ന വീട്. അവിടേക്ക് അവസാനമായി എത്തിയപ്പോൾ, മണിക്കൂറുകളായി വരിയിൽനിന്നവർ കണ്ഠം പൊട്ടുമാറ് വിളിച്ചു - " പുന്നപ്രയുടെ പോരാളീ, ആരു പറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നു ഞങ്ങളിലൂടെ' മുഷ്‌ടികൾ വാനിലേക്കുയരുന്ന കാഴ്‌ച.
വിലാപയാത്ര രാവിലെ ഏഴോടെ ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചെന്ന വാർത്ത എത്തിയപ്പോൾമുതൽ പുന്നപ്ര വേലിക്കകത്ത് വീടിന് മുന്നിൽ ആളുകൾ വരിനിന്നു. വിപ്ലവമണ്ണിലേക്ക് അവസാനമായി എത്തിയ നായകനെ കാണാൻ വഴിനീളെ ജനസമുദ്രം തിരയടിച്ചു. വീട്ടിലെത്താൻ 22 മണിക്കൂറെടുത്തു.
ഉറക്കമൊഴിച്ച് പതിനായിരങ്ങളാണ് വീട്ടുപരിസരത്ത് കാത്തുനിന്നത്. പകൽ പന്ത്രണ്ടോടെ, പുന്നപ്ര വയലാറിന്റെ വീരനായകന്റെ മൃതദേഹം വീട്ടിലേക്കെത്തിയപ്പോൾ ഓരോ മണൽത്തരിയും മനസും ത്രസിച്ചു. ആദ്യം വീട്ടിനുള്ളിൽ കുടുംബാംഗങ്ങൾക്ക് മാത്രമായി കാണാൻ അൽപ്പനേരം. ശേഷം വീട്ടുമുറ്റത്തേക്ക്. വീടിന് മുന്നിലെ ക്യൂ കിലോമീറ്ററുകൾ നീണ്ടു.
ഭാര്യ വസുമതിയും മകൾ ആശയും ചൊവ്വാഴ്‌ച വീട്ടിലെത്തിയിരുന്നു. മകൻ വി എ അരുൺകുമാർ വി എസിന്റെ മൃതദേഹത്തിനൊപ്പവും. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ വീട്ടിലെത്തിയിരുന്നു.









0 comments