'കൊളുത്തി നിങ്ങൾ തലമുറ തോറും കെടാത്ത കൈത്തിരി നാളങ്ങൾ'

v s vilapayatra

കണ്ണേ കരളേ വി എസ്സേ... വി എസിനെ അവസാനമായി കാണാനായി രക്ഷകർത്താക്കൾക്കൊപ്പമെത്തിയ കുട്ടികൾ

avatar
AKSHAY K P

Published on Jul 22, 2025, 07:11 PM | 2 min read

തിരുവനന്തപുരം: ഉള്ളൂരിൽ ഒരച്ഛൻ മകന്റെ കയ്യും പിടിച്ച് ഓടുകയാണ്, തന്റെ പ്രിയ നേതാവിനെ മകനെ ഒരു നോക്ക് കാണിക്കുന്നതിനു വേണ്ടി. ഒടുവിൽ ആ അച്ഛൻ തൻ്റെ ലക്ഷ്യം പൂർത്തീകരിച്ചു, വി എസ് അച്യുതാനന്ദൻ്റെ മൃതദേഹം വഹിച്ചു കൊണ്ടുപോകുന്ന ബസിന് നേരെ നിന്ന് തൻ്റെ മകനെ ഉയർത്തിപ്പിടിച്ചുകൊണ്ട്. അച്ഛൻ്റെ സഹായത്താൽ അവൻ ആദ്യമായും അവസാനമായും വി എസിൻ്റെ മുഖം കണ്ടു.


വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസിനെ യാത്രയാക്കുന്നതിനായി തിരുവനന്തപുരം നഗരത്തിന്റെ നാനാഭാഗത്തും തടിച്ചുകൂടിയത് വൃദ്ധരും മധ്യവയസ്കരും ചെറുപ്പക്കാരും മാത്രമല്ല, കുട്ടികൾ കൂടിയാണ്. അച്ഛന്റെയും അമ്മയുടെയും അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ഒക്കെ കൈപിടിച്ച്, അവരുടെ തോളുകളിലേറി തങ്ങൾ കേട്ട് മാത്രം പരിചയിച്ച വിഎസിനെ കാണാൻ അവർ ജനക്കൂട്ടത്തിലേക്കെത്തി.



v s vilapayatra


പോങ്ങുംമൂടിലെ സ്വീകരണ കേന്ദ്രത്തിലാണ് മകൾ ഇഷാനിയെയും കൂട്ടി സന്തോഷ് കുമാർ കാത്തിരുന്നത്. വി എസിന്റെ മൃതദേഹവും കൊണ്ടുള്ള വിലാപയാത്ര സ്ഥലത്തെത്തിയപ്പോൾ അടുക്കാൻ പറ്റാത്ത തിരക്കായിരുന്നു. ജനക്കൂട്ടത്തിന്റെ കുറച്ച് പിന്നിലായി നിന്നിരുന്ന സന്തോഷിന് വി എസിനെ ആദ്യ അവസരത്തിൽ തന്നെ കാണാൻ പറ്റിയെങ്കിലും മകൾക്കത് സാധിച്ചില്ല. എനിക്ക് കാണാൻ പറ്റിയില്ല എന്ന് ഇഷാനി പറഞ്ഞതും സന്തോഷ് രണ്ടാമതൊന്ന് ആലോചിച്ചില്ല. മകളെ ഉയർത്തിപ്പിടിച്ച് അച്ഛൻ കാര്യം സാധിച്ചു. ഈ ജനക്കൂട്ടത്തിലേക്ക് മകളെയും കൊണ്ട് എന്തിനാണ് എത്തിയത് എന്ന ചോദ്യത്തിന് സന്തോഷ് ഉത്തരം നൽകി. തന്റെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ. ആരെയാണ് കാണാൻ വന്നത് എന്ന ചോദ്യത്തിന് പതിഞ്ഞ സ്വരത്തിൽ ഇഷാനിയും മറുപടി പറഞ്ഞു. വീയെസ്സിനെ.



v s vilapayatra


ശ്രീകാര്യത്തുള്ള പ്രമോദ് വിലാപയാത്രക്ക് എത്തിയത് തന്റെ മകളെയും മകനെയും കൂട്ടിയാണ്. ബസ്സിന്റെ ഡോറിന്റെ ഉയരം കാരണം വി എസിന്റെ മുഖം കുട്ടികൾക്ക് കാണാൻ പറ്റാത്തതിനാൽ പ്രമോദ് ഒരു കാര്യം ചെയ്തു. മകളെ തോളത്തിരുത്തുകയും ബസ് അടുത്തെത്തുമ്പോൾ മകനെ കയ്യിലുയർത്തുകയും ചെയ്തു. പ്രമോദിൻ്റെ ആദ്യ ശ്രമം പാളി. മകൾ കീർത്തന വി എസിനെ കണ്ടെങ്കിലും അച്ഛൻ്റെ കയ്യിലുയർന്ന കാർത്തികേയന് ആ ജനക്കൂട്ടത്തിൻ്റെ കാരണക്കാരൻ്റെ മുഖം കാണാൻ സാധിച്ചില്ല. ശ്രമം അവസാനിപ്പിക്കാൻ പ്രമോദ് തയ്യാറായിരുന്നില്ല. ആൾക്കൂട്ടത്തിന്റെ അവസാന ഭാഗത്തേക്ക് ഓടിപ്പോയി മാറിനിന്ന് ബസ് വരുന്നത് കാത്തു. ബസ് അടുത്തെത്തിയതും അച്ഛൻ തന്റെ ശ്രമം ആവർത്തിച്ചു. ഒടുവിൽ അവർ മൂന്നു പേരും ഒരുമിച്ച് വി എസിനെ കണ്ടു.


v s vilapayathra


വിഎസിനെ ഒരുപാട് ഇഷ്ടമാണ് എന്നായിരുന്നു കുട്ടികളെയും കൂട്ടിവന്ന പ്രമോദിൻ്റെ വൈകാരിക സ്വരത്തിലുള്ള മറുപടി. ആരെ കാണാൻ വന്നത് എന്ന ചോദ്യത്തിന് കാർത്തിക്ക് ഉത്തരവും നൽകി, വിഎസിനെ. ആരാണ് വി എസ് എന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടുള്ള അവന്റെ ഉത്തരം ഇങ്ങനെയായിരുന്നു. വിപ്ലവസൂര്യൻ.


ആറുവർഷത്തോളമായി വിശ്രമ ജീവിതം നയിക്കുന്ന വിഎസ് അച്യുതാനന്ദൻ എന്ന വിപ്ലവസൂര്യൻ ഏത് വിധത്തിലാണ് മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നത് എന്നതിനുള്ള ഉത്തരം കൂടിയാണ് ഈ വിലാപയാത്ര നൽകുന്നത്. കൊളുത്തി നിങ്ങൾ തലമുറ തോറും കെടാത്ത കൈത്തിരി നാളങ്ങൾ എന്ന വരികൾ കൂടിയാണ് ഈ വിലാപയാത്രയിൽ അന്വർത്ഥമാവുന്നത്.


v s vilapayatra





deshabhimani section

Related News

View More
0 comments
Sort by

Home