'നാട്ടിലെ മാൻകൂട്ടം ഉപദ്രവകാരി'; പരിഹാസവുമായി വി ജോയി

തിരുവനന്തപുരം: ലൈംഗിക പീഡന, നിർബന്ധിത ഗർഭഛിദ്ര പരാതികളിൽ പ്രതിസ്ഥാനത്തുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരോക്ഷ പരിഹാസവുമായി വി ജോയി എംഎൽഎ. കാട്ടിലെ മാൻകൂട്ടങ്ങൾ നിരുപദ്രവകാരികളും പാവങ്ങളുമാണെന്നും നാട്ടിലെ മാൻകൂട്ടം അപകടകാരിയാണെന്നും എംഎൽഎ പറഞ്ഞു. വനം ഭേദഗതി ബില്ലിനെയും വനം വന്യജീവ് സംരക്ഷണ ഭേദഗതി ബില്ലിനെയും പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കാട്ടുമൃഗങ്ങളെ കൊണ്ടുള്ള ശല്യം അതീവ ഗുരുതരമായി തുടരുകയാണ്. അതിൽ പന്നി കൂട്ടങ്ങളും ആനയും കടുവയും കാട്ടുപോത്തുകളുമുണ്ട്. ഇവയെ കൊണ്ട് പൊറുതി മുട്ടിയ സാഹചര്യത്തിലാണ് ബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നത്. ബില്ല് പാസായാൽ ആക്രമകാരികളായ പന്നികളെ വെടിവെച്ച് കൊല്ലാൻ ഉൾപ്പെടെയുള്ള നടപടികൾക്ക് ഗുണകരമാകും. അതേസമയം കാട്ടിൽ മാൻകൂട്ടങ്ങളുണ്ട്. അത് നിരുപദ്രവകാരികളാണ്. പാവങ്ങളാണ്. എന്നാൽ നാട്ടിലെ ചില മാൻകൂട്ടങ്ങൾ അപകടകാരികളാണ്. മാനുകൾ വലിയ ചാട്ടമാണ്. ഇവിടെയും ചാടുകയാണ്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും എറണാകുളത്ത് നിന്ന് തൃശൂരിലേക്കും ചാടുകയാണ്. ചില ചാട്ടങ്ങൾ ബംഗളൂരു വരെയെത്തി. ഇങ്ങനെ ചാടുന്നത് ശരിയല്ലെന്ന് കണ്ട് മയക്ക് വെടിവെക്കാൻ തീരുമാനിച്ചിട്ടും മയക്ക് വെടിയേറ്റില്ല. വെടിവെച്ചവരുടെ നേരെ തിരിച്ചുവന്നു'- വി ജോയി എംഎൽഎ പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് നിയസഭാ സമ്മേളനത്തിൽ എത്തിയ രാഹുൽ ആദ്യദിനം അവസാനിക്കും മുമ്പ് നിയമസഭ വിടുകയായിരുന്നു. മണിക്കൂറിലധികം സഭയിലിരുന്ന രാഹുലിന് സഭ തീരാൻ മിനിട്ടുകൾക്ക് മുന്‍പ് വാച്ച് ആൻഡ് വാർഡ് ജീവനക്കാരൻവഴി ഒരു കുറിപ്പ് എത്തി. മറുപടി എഴുതിക്കൊടുത്ത ഉടൻ രാഹുൽ സഭവിട്ടിറങ്ങി. ‘നാണം കെടുത്താതെ ഇറങ്ങിപ്പോടാ’ എന്നായിരുന്നു കുറിപ്പെന്ന ട്രോളും ഇറങ്ങി.









0 comments