സതീശനെ തള്ളി ചെന്നിത്തല
സതീശനെതിരായ കലാപം ; പുനഃസംഘടന തടഞ്ഞതിലെ രോഷവും


സി കെ ദിനേശ്
Published on Sep 11, 2025, 02:30 AM | 2 min read
തിരുവനന്തപുരം
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എ ഗ്രൂപ്പും കെ സുധാകരന്റെ അനുയായികളും സൈബർ ആക്രമണം നടത്തുന്നത് പുനഃസംഘടന തടഞ്ഞതിലുള്ള രോഷംമൂലം. ഷാഫി പറന്പിലും രാഹുൽ മാങ്കൂട്ടത്തിലുമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് അണികൾതന്നെയാണ് പ്രചരിപ്പിക്കുന്നത്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല സൈബർ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചത് ‘അത് സാരമാക്കേണ്ടതില്ല’ എന്നാണ്. തന്നെ ആക്രമിച്ചിട്ടും നേതാക്കൾ പ്രതികരിക്കുന്നില്ലെന്ന രോഷത്തിലാണ് സതീശൻ. കോൺഗ്രസ് നടത്തുന്ന സമരംപോലും ബഹിഷ്കരിച്ചിട്ടും നേതാക്കൾ സതീശനെ ഗൗനിച്ചില്ലെന്നതും ശ്രദ്ധേയം.
എല്ലാ ഗ്രൂപ്പിലുംപെട്ടവരെ പരിഗണിച്ച് പരിക്കില്ലാത്തവിധം ഡിസിസികൾ പുനഃസംഘടിപ്പിക്കാമായിരുന്നുവെന്നും സതീശന്റെ പിടിവാശിയാണ് എല്ലാം തകിടം മറിച്ചതെന്നും സണ്ണി ജോസഫിനോട് അടുപ്പമുള്ളവർ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ഡിസിസിയിൽ ഉൾപ്പെടെ പ്രതിപക്ഷ നേതാവ് അവകാശവാദം ഉന്നയിച്ചതോടെയാണ് പുനഃസംഘടന മുടങ്ങിയത്. ഓണത്തിനുമുമ്പ് പുനഃസംഘടനാ ചർച്ച നടത്താൻ സണ്ണി ജോസഫ് ശ്രമിച്ചെങ്കിലും പ്രതിപക്ഷ നേതാവ് താൽപ്പര്യം കാണിച്ചില്ലെന്നും ഇവർ പറയുന്നു.
കെ സി വേണുഗോപാലിന്റെ നോമിനി ആയാണ് പ്രസിഡന്റ് ആയത് എന്നതിനാൽ പ്രതിപക്ഷ നേതാവിന്റെ ചൊൽപ്പടിക്കുനിൽക്കാൻ സണ്ണി തയ്യാറല്ല. പുനഃസംഘടനാ ചർച്ചകളിലും ഇൗ നിലപാട് വ്യക്തമായി.
കണ്ണൂരിൽ കെ സുധാകരനെ പിണക്കാതെ നിർത്തുകയെന്നതും സണ്ണിക്ക് ആവശ്യമാണ്. സതീശനെതിരെ കെ സുധാകരൻ പരസ്യനിലപാട് എടുത്തപ്പോഴും എതിരെ പറയാനല്ല, പിന്തുണയ്ക്കാനാണ് കൂടുതൽ നേതാക്കൾ തയ്യാറായത്. സുധാകരനെ പിന്തുണ അറിയിക്കാനും പല മുതിർന്ന നേതാക്കളും മടിച്ചില്ല. കോൺഗ്രസിൽ സതീശന്റെ സ്വാധീനം കുറയുന്നുവെന്ന പ്രചാരവും ഒരു വിഭാഗം ശക്തിപ്പെടുത്തിയിട്ടുണ്ട്.
കോൺഗ്രസ് പ്രതിഷേധ സദസ് സതീശൻ ബഹിഷ്‌ക്കരിച്ചു
കുന്നംകുളത്തെ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പൊലീസ് സ്‌റ്റേഷനുകൾക്കു മുന്നിൽ നടത്തിയ പ്രതിഷേധ സദസിൽനിന്ന് വിട്ടുനിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ മുരളീധരൻ അടക്കമുള്ള പ്രധാന നേതാക്കൾ വിവിധ സ്ഥലങ്ങളിൽ പരിപാടി ഉദ്‌ഘാടനം ചെയ്‌തപ്പോഴാണ് കോൺഗ്രസ് സുപ്രധാനമെന്ന് വിശേഷിപ്പിച്ച പ്രതിഷേധത്തിൽനിന്ന് പ്രതിപക്ഷ നേതാവ് വിട്ടുനിന്നത്.
എ ഗ്രൂപ്പുകാരും കെ സുധാകരൻ അനുയായികളും നടത്തുന്ന സൈബർ ആക്രമണത്തെ ഒരു നേതാവും ചോദ്യം ചെയ്ത് രംഗത്തുവരാത്തതിലുള്ള പ്രതിഷേധമാണ് വിട്ടുനിൽക്കാൻ കാരണമെന്നാണ് വിവരം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ സംസ്ഥാനതല ഉദ്ഘാടകനാക്കിയതും സതീശനെ ചൊടിപ്പിച്ചു.
കുന്നംകുളത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ചു. പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല കിളിമാനൂരിലെയും കൊടിക്കുന്നില്‍ സുരേഷ് കൊട്ടാരക്കരയിലെയും മുന്‍ കെപിസിസി പ്രസിഡന്റുമാരായ എംഎം ഹസന്‍ വിഴിഞ്ഞത്തെയും കെ മുരളീധരന്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലേയും പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു.
സതീശനെ തള്ളി ചെന്നിത്തല
കെപിസിസി ഡിജിറ്റൽ മീഡിയ വിഭാഗത്തെച്ചൊല്ലി ഉയർന്ന വിവാദത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനെ തള്ളി രമേശ് ചെന്നിത്തല. വി ടി ബൽറാം ചെയർമാനായി ഡിജിറ്റൽ മീഡിയ വിഭാഗം കെപിസിസിക്ക് ഉണ്ടെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഡിജിറ്റൽ മീഡിയ സംവിധാനം ഇല്ലെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറയുന്നതെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം. സതീശനെതിരെയുള്ള കോൺഗ്രസ് സൈബർ ആക്രമണം വലിയ സംഭവമല്ലെന്നും ചെന്നിത്തല പറഞ്ഞു.
ബൽറാം ചെയർമാനായുള്ള ഡിജിറ്റൽ മീഡിയ വിഭാഗം പുനഃസംഘടിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുമുണ്ട്.ഇതുവരെ പുനഃസംഘടിപ്പിച്ചിട്ടില്ല. ബൽറാമിനെ ചുമതലയിൽനിന്ന് മാറ്റിയിട്ടുമില്ല. കെപിസിസി പ്രസിഡന്റ് ആലോചിച്ച് പുതിയ സംവിധാനം കൊണ്ടുവരും.
യുഡിഎഫ് സർക്കാരിന്റെ കാലത്തെ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് അന്നാരും പറഞ്ഞിട്ടില്ല. അതെല്ലാം ഇപ്പോൾ പറയുന്നത് കുറ്റക്കാരായ പൊലീസുകാരെ ന്യായീകരിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു.









0 comments