print edition കോൺഗ്രസിൽ തർക്കം രൂക്ഷം ; ആന്റണിക്കുമുന്നിൽ പരാതിയുമായി സതീശൻ

തിരുവനന്തപുരം
കെപിസിസി പുനഃസംഘടനയോടെ തീർത്തും ഒറ്റപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുതിർന്ന നേതാവ് എ കെ ആന്റണിയുമായി കൂടിക്കാഴ്‌ച നടത്തി. രണ്ടുമണിക്കൂർ നീണ്ട കൂടിക്കാഴ്‌ചയിൽ കെ സി വേണുഗോപാലിനും സണ്ണി ജോസഫിനും എതിരായ പരാതികളാണ് ഉന്നയിച്ചത് എന്നാണ് വിവരം. പറയാനുള്ളതെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടെന്ന് സതീശൻ സ്ഥിരീകരിച്ചു.
പുനഃസംഘടനയോടെ സംസ്ഥാനത്തെ കോൺഗ്രസിന്റെ നിയന്ത്രണം പൂർണമായും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കൈയടക്കി. മഹിളാ കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും തലപ്പത്ത് വേണുഗോപാൽ നിശ്‌ചയിച്ചവരാണ്. യൂത്ത് കോൺഗ്രസ് എ ഗ്രൂപ്പിന്റെ കൈയിലായിരുന്നെങ്കിലും സതീശനുകൂടി താൽപ്പര്യമുള്ള രാഹുൽ മാങ്കൂട്ടത്തിൽ ആയിരുന്നു പ്രസിഡന്റ്. ലൈംഗിക– ഗർഭഛിദ്ര ആക്ഷേപത്തെതുടർന്ന് രാഹുൽ ഒഴിഞ്ഞപ്പോൾ പകരംവന്ന പ്രസിഡന്റും വർക്കിങ് പ്രസിഡന്റും വേണുഗോപാലിന്റെ നോമിനികളായി. കെപിസിസി ഭാരവാഹികളിലും വേണുഗോപാൽ പക്ഷത്തിനാണ് മുൻതൂക്കം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വേണുഗോപാലിന്റെ നോമിനിയാണ്.
സണ്ണി ജോസഫും സതീശനും തമ്മിൽ തെറ്റുകയും തർക്കം രൂക്ഷമാകുകയും ചെയ്‌തതോടെ, കഴിഞ്ഞദിവസം നേതാക്കളെ ഡൽഹിയിൽ വിളിച്ചുവരുത്തി ഹൈക്കമാൻഡ് അന്ത്യശാസനം നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് സഹകരിക്കുന്നില്ലെന്നാണ് സണ്ണി ജോസഫിന്റെ പരാതി. സണ്ണിക്ക് കൂടിയാലോചനയില്ലെന്ന് സതീശനും പറഞ്ഞു. ഭാരവാഹിയോഗംപോലും ചോരനാകാത്ത സ്ഥിതിയായിരുന്നു.
ഹൈക്കമാൻഡ് നിർദേശിച്ചതനുസരിച്ച് കഴിഞ്ഞദിവസം ചേർന്ന ഭാരവാഹിയോഗത്തിൽ സതീശൻ പേരിന് പങ്കെടുത്തെങ്കിലും എസ്‌യുസിഐയുടെ സമരത്തിൽ പങ്കെടുക്കാനെന്ന പേരിൽ ഇറങ്ങിപ്പോയി. തുടർന്നാണ് ആന്റണിയെ കണ്ടത്. ഹൈക്കമാൻഡിനുമുന്നിൽ ഉന്നയിച്ചതെല്ലാം ആന്റണിയോടും പറഞ്ഞു. 2021ൽ ചെന്നിത്തലയെ ഒഴിവാക്കി പ്രതിപക്ഷ നേതാവായശേഷം കാര്യങ്ങൾ തീരുമാനിച്ചിരുന്നത് സതീശനാണ്. കൂടിയാലോചനയില്ലെന്ന് അന്ന് സതീശനെതിരെ എതിർവിഭാഗം ഉന്നയിച്ച വിമർശനമാണ് ഇപ്പോൾ സതീശൻ തിരിച്ച് ഉന്നയിക്കുന്നത്.









0 comments