സദാനന്ദന് രാജ്യസഭാംഗത്വം ; പ്രതിപക്ഷ നേതാവ് ‘സോഫ്‌റ്റ് ’

തിരുവനന്തപുരം
ആർഎസ്‌എസ് നേതാവ് സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ബിജെപിയുടെ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയായെങ്കിലും പ്രതികരിക്കാൻ മടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
കഴിഞ്ഞ ദിവസം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. രാഷ്‌ട്രപതിയുടെ നടപടി അധാർമികമാണെന്നും ഒരു മേഖലയിലും പ്രാഗത്ഭ്യമില്ലാത്തയാളെ ആർഎസ്‌എസ് ആയതുകൊണ്ട് നോമിനേറ്റ് ചെയ്തത് ശരിയായില്ലെന്നുമായിരുന്നു പ്രതികരണം.
എന്നാൽ, ഒരു ദിവസം കഴിഞ്ഞിട്ടും മാധ്യമങ്ങൾ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് ‘നോമിനേറ്റ് ചെയ്യാനുള്ള അധികാരത്തെ ബിജെപി വികൃതമാക്കി’ എന്ന് മാത്രം പറഞ്ഞ് സതീശൻ ഒഴിഞ്ഞത്. പി എം ജനാർദനന്റെ കാല് വെട്ടിയ സദാനന്ദൻ ആർഎസ്‌എസ് കാര്യവാഹക് ആയിരിക്കെ നിരവധി അക്രമ സംഭവങ്ങൾക്ക് നേതൃത്വം കൊടുത്തയാളുമാണ്. എന്നാൽ, സദാനന്ദനെ വാക്കുകൊണ്ട് പോലും ആക്രമിക്കാനോ ആർഎസ്‌എസിന്റെ കൊലപാതക രാഷ്‌ട്രീയത്തെക്കുറിച്ച് ഒരു വാക്ക് പറയാനോ സതീശൻ തയ്യാറായില്ല.
കേരള സർവകലാശാലയിൽ ചാൻസലറും വൈസ് ചാൻസലറും ചേർന്ന് ആർഎസ്‌എസിന്റെ അജൻഡ നടപ്പാക്കുമ്പോൾ അതിനെതിരെ പ്രതിഷേധിച്ച എസ്‌എഫ്‌ഐയേയും ഡിവൈഎഫ്‌ഐയേയും ആണ് സതീശൻ കുറ്റപ്പെടുത്തിയത്. പ്രതിഷേധിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെ ഗുണ്ടകൾ എന്നാണ് പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചത്. ആർഎസ്‌എസ് നിലപാടുകളെ തുടർച്ചയായി പിന്തുണയ്ക്കുന്ന സമീപനം കോൺഗ്രസിനുള്ളിലും വലിയ പ്രതിഷേധമുണ്ടാക്കുന്നുവെന്നതിന്റെ സൂചനയാണ് ചെന്നിത്തലയുടെ പ്രതികരണം.









0 comments